ഉത്തർപ്രദേശിലെ ഹർദോയിൽ കനത്ത മഴ: എട്ട് മരണം; 330 വീടുകൾക്ക് നാശനഷ്ടം

കനത്ത മഴയെ തുടർന്ന് ഹർദോയിൽ തകർന്ന വീട്
ഹർദോയ്: ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിൽ സെപ്റ്റംബർ 25 മുതൽ തുടരുന്ന കനത്ത മഴയിൽ എട്ട് പേർ മരിച്ചു. ഏകദേശം 330 വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയോ തകരുകയോ ചെയ്തതായി അധികൃതർ അറിയിച്ചു. മഴയുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ 30 ഓളം മൃഗങ്ങളും ചത്തിട്ടുണ്ട്.
മതിലുകളും വീടുകളും തകർന്നുവീണാണ് ആറ് പേർ മരിച്ചത്. പാമ്പുകടിയേറ്റ് രണ്ട് പേരും മരിച്ചു. കനത്ത മഴയെ തുടർന്ന് ജില്ലയിൽ രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും ഊർജിതമാക്കിയതായി അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു.
വെള്ളക്കെട്ട് നീക്കം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ രാപ്പകലില്ലാതെ തുടരുകയാണെന്നും മഴയിൽ തകർന്ന റോഡുകളും കലുങ്കുകളും പുനഃസ്ഥാപിച്ചുവരികയാണെന്നും അവർ പറഞ്ഞു.
ഷഹാബാദ്, സണ്ടില, സവായജ്പൂർ മേഖലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. ദുരിതബാധിതർക്ക് ഭക്ഷണം, കുടിവെള്ളം, താമസസൗകര്യം എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്. ബാധിത കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനായി സംസ്ഥാന സർക്കാരിനോട് സഹായം അഭ്യർഥിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.









0 comments