ആശുപത്രി രേഖകളിൽ മരിച്ചു; പൊലീസ് അന്വേഷണം തുടങ്ങിയതോടെ ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കാൻ യുവാവിന്റെ നെട്ടോട്ടം

ജയ്പൂര്‍:വിരലിനേറ്റ ചെറിയ പരിക്കിന് ചികിത്സ തേടിയെത്തിയ യുവാവിനെ ആശുപത്രി രേഖകളിൽ മരിച്ചവരുടെ പട്ടികയിൽ ഉള്‍പ്പെടുത്തി. ഇതോടെ അസ്വാഭാവിക മരണം അന്വേഷിച്ച് പൊലീസ് എത്തി. താൻ മരിച്ചിട്ടില്ലെന്ന് തെളിയിക്കാൻ ജയ്പൂരിലെ അമീർ സ്വദേശിയായ ദിനേശ് സൈനി ഒരുമാസത്തോളം നെട്ടോട്ടത്തിലായി.
നവംബര്‍ മൂന്നിനാണ് 31 കാരനായ സൈനി വിരലിനേറ്റ പരിക്കുമായി ദിനേശ് സവായ് മാൻ സിംഗ് ആശുപത്രിയിൽ ചികിത്സ തേടിയത്. പ്രാഥമിക ശുശ്രൂഷ മാത്രമായിരുന്നു ആവശ്യമായി വന്നത്. അന്നു തന്നെ ചികിത്സ പൂര്‍ത്തിയാക്കി മടങ്ങുകയും ചെയ്തു. എന്നാൽ അന്നു തന്നെ വൈകുന്നേരത്തോടെ സൈനി ആശുപത്രിയിൽ നൽകിയ ഫോൺ നമ്പറിൽ പൊലീസിന്റെ എൻക്വയറി കാള്‍ എത്തി. താൻ ജീവിച്ചിരിപ്പുണ്ട് എന്നറിയിച്ചിട്ടും പൊലീസ് വിട്ടില്ല. തുടരെ ഫോൺ കോളുകള്‍ ആവര്‍ത്തിച്ചു. മരിച്ചില്ലെന്ന് തെളിയിക്കണം എന്നായി പിന്നീട്.
ആശുപത്രിയിൽ അന്വേഷിച്ചപ്പോള്‍ തന്റെ പേര് മരിച്ചവരുടെ പട്ടികയിൽ കണ്ടെത്തി. മരണപ്പെട്ട രോഗിയുടെ പേരിന് പകരമായായിരുന്നു 31 കാരനായ ദിനേശ് സൈനിയുടെ പേര്‍ രേഖപ്പെടുത്തിയത്. ഇതോടെ താൻ മരിച്ചിട്ടില്ലെന്നും ജീവിച്ചിരിപ്പുണ്ടെന്നും ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്താനായി രേഖകളുമായി ആശുപത്രിയിലെ ട്രോമ സെന്ററിലും മെഡിക്കൽ റെക്കോർഡ്സ് വിഭാഗത്തിലും ദിനേശ് നിരന്തരം കയറിയിറങ്ങാൻ തുടങ്ങി. ദിവസങ്ങള്‍ പിന്നിട്ടിട്ടും രേഖകളിലെ തെറ്റ് തിരുത്തപ്പെട്ടില്ല.
ഒടുവിൽ നവംബർ 21-ന് താൻ മരിച്ചവരുടെ പട്ടികയിലുണ്ടെന്ന് കാണിച്ചുകൊണ്ട് വീണ്ടും സന്ദേശം ലഭിച്ചു. ദിനേശ് കടുത്ത ആശങ്കയിലായി. തന്റെ തിരിച്ചറിയൽ രേഖകളെയും അവശ്യ സേവനങ്ങളെയും ഇത് ബാധിക്കുമോ എന്ന ഭയത്തിൽ പരാതി നൽകി കാത്തിരിക്കയാണ് ഇപ്പോള്‍. ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കുന്നതിനായി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിൽ നിന്ന് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ പോലും തന്നോട് ആവശ്യപ്പെട്ടതായി ദിനേശ് പറയുന്നു.
സംഭവം പരസ്യമയായതോടെ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ ദീപക് മഹേശ്വരി നേരിട്ട് അന്വേഷണം നടത്തി. ഇതോടെ പിഴവ് സംഭവിച്ചതായി സമ്മതിച്ചു. ഞായറാഴ്ചയോടെ തെറ്റു തിരുത്താമെന്ന് ഉറപ്പ് നൽകിയതിന്റെ ആശ്വാസത്തിലാണ് യുവാവ്.








0 comments