മോദി ഭരണത്തിൽ ക്രൈസ്തവ വേട്ട; അതിക്രമങ്ങളിൽ വൻ വർധന, ഒരു വർഷം മാത്രം 747 കേസുകൾ

എഐ നിർമിത ചിത്രം
ന്യൂഡൽഹി: ആർഎസ്എസിന്റെ നിർദേശത്തോടെ കേന്ദ്രം ഭരിക്കുന്ന മോദി സർക്കാരിനു കീഴിൽ ക്രൈസ്തവ വേട്ട തുടരുന്നു. ബിജെപി സർക്കാർ അധികാരത്തിലെത്തിയ 2014 മുതൽ 2025 വരെയുള്ള കാലയളവിൽ രാജ്യത്ത് ക്രൈസ്തവർക്കെതിരായി രേഖപ്പെടുത്തിയ അതിക്രമങ്ങളിലും വിവേചനങ്ങളിലും 408 ശതമാനം വർധനയെന്നാണ് റിപ്പോർട്ട്.ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യയുടെ റിലീജിയസ് ലിബർട്ടി കമീഷൻ (ഇഎഫ്ഐആർഎൽസി) പുറത്തുവിട്ട റിപ്പോർട്ടിലാണ് വിവരങ്ങൾ.
2014ൽ 147 കേസുകൾ രേഖപ്പെടുത്തിയ ഇടത്ത് 2025ൽ ഇത് 747 ആയി ഉയർന്നു. 2024ൽ 640ഉം 2023ൽ 601ഉം സംഭവങ്ങളാണ് രേഖപ്പെടുത്തിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ഫീൽഡ് കോ–ഓർഡിനേറ്റർമാർ, നിയമവിദഗ്ധർ, വിവിധ സംഘടനകൾ, അതിക്രമത്തിനിരയായവർ, സഭാ നേതാക്കൾ എന്നിവരിൽനിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്. പ്രതികാര നടപടികളും പൊലീസിന്റെ നിസ്സംഗതയും ഭയന്ന് നിരവധി പേർ പരാതി നൽകാത്തതിനാൽ യഥാർഥ കണക്ക് ഇതിലും കൂടുതലായിരിക്കാമെന്നും കമീഷൻ വ്യക്തമാക്കുന്നു.
204 കേസുകളും ശാരീരിക അതിക്രമങ്ങളാണ്. ആരാധനയും പ്രാർഥനായോഗങ്ങളും തടസ്സപ്പെടുത്തിയ 110 സംഭവങ്ങളും 112 ഭീഷണി കേസുകളുമാണുള്ളത്. ക്രൈസ്തവ ദേവാലയങ്ങൾ നശിപ്പിച്ച ഏഴ് സംഭവങ്ങളും ഒരു കൊലപാതകവും റിപ്പോർട്ട് ചെയ്യപ്പെട്ടു.
2024ലെ കണക്കുപ്രകാരം ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ അതിക്രമങ്ങൾ രേഖപ്പെടുത്തിയത് (217). ഛത്തീസ്ഗഢ് (177), രാജസ്ഥാൻ (51), മധ്യപ്രദേശ് (47) പഞ്ചാബ് (38), ഹരിയാന (34) എന്നിവയാണ് തൊട്ടുപിന്നിൽ. ശാരീരികാതിക്രമങ്ങൾ, നിർബന്ധിത മതപരിവർത്തനം ആരോപിച്ച് പ്രാർഥനായോഗങ്ങൾ തടസ്സപ്പെടുത്തൽ, ക്രൈസ്തവ ദേവാലയങ്ങൾ തകർക്കൽ, സാമൂഹിക ബഹിഷ്കരണം, അറസ്റ്റ്, മതപരിവർത്തനം ആരോപിച്ചുള്ള അറസ്റ്റുകൾ, സ്വത്തുവകകൾ നശിപ്പിക്കൽ തുടങ്ങിയവ റിപ്പോർട്ടിൽ ഉൾപ്പെടുന്നു. ഗോത്രവിഭാഗങ്ങളിലും ദളിത് വിഭാഗങ്ങളിലുമുള്ള ക്രൈസ്തവരാണ് വിവേചനത്തിനും അതിക്രമങ്ങൾക്കും ഇരയാകുന്നവരിൽ കൂടുതലുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കാൻ വിസമ്മതിക്കുന്ന കുടുംബങ്ങളെ ഗ്രാമങ്ങളിൽനിന്ന് പുറത്താക്കുക, സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുക, പിഴ ചുമത്തുക തുടങ്ങിയ സംഭവങ്ങളും റിപ്പോർട്ടിലുണ്ട്. മരിച്ചവരുടെ മൃതദേഹം സംസ്കരിക്കുന്നതിനുപോലും വിലക്കേർപ്പെടുത്തിയ സംഭവങ്ങളും റിപ്പോർട്ടിലുണ്ട്. അതിക്രമങ്ങൾക്കെതിരെ പരാതി നൽകുമ്പോൾ കേസെടുക്കാൻ പൊലീസ് വിസമ്മതിക്കുന്നതായും പരാതിക്കാർക്കെതിരെ കേസെടുക്കുന്നതായും റിപ്പോർട്ട് പറയുന്നു.
മതപരിവർത്തന നിരോധന നിയമങ്ങൾ ക്രൈസ്തവർക്കെതിരെ ദുരുപയോഗം ചെയ്യുകയും ക്രൈസ്തവർക്കെതിരായ അതിക്രമങ്ങളെ ഹിന്ദുത്വ ശക്തികൾ രാഷ്ട്രീയ ആയുധമാക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. ക്രിസ്മസ് ആഘോഷങ്ങൾ നടന്ന ഡിസംബറിലാണ് 2025ൽ ഏറ്റവും കൂടുതൽ അതിക്രമങ്ങൾ രേഖപ്പെടുത്തിയത്. ഡിസംബറിൽ 85 സംഭവങ്ങളും മാർച്ചിൽ 78 സംഭവങ്ങളും ഒക്ടോബറിൽ 73 സംഭവങ്ങളും രേഖപ്പെടുത്തി. 2026ൽ ഏപ്രിൽ പകുതിവരെ ക്രൈസ്തവർക്കെതിരായ 531 സംഭവങ്ങൾ യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന്റെ (യുസിഎഫ്) ഹെൽപ്പ്ലൈനിൽ രേഖപ്പെടുത്തിയതായും റിപ്പോർട്ടിൽ പരാമർശിക്കുന്നു








0 comments