Deshabhimani

print edition എപ്‌സ്‌റ്റീൻ ഫയലുകളിൽ
പുരിയുടെ പേര്‌ നൂറിലധികം തവണ

Hardeep Singh Puri Jeffrey Epstein
avatar
സ്വന്തം ലേഖകൻ

Published on Oct 22, 2026, 12:29 AM | 2 min read

ന്യൂഡൽഹി: കുപ്രസിദ്ധ ബാലപീഡകൻ ജിഫ്രി എപ്‌സ്‌റ്റീനുമായി ബന്ധപ്പെട്ട യുഎസ്‌ നീതിന്യായ വകുപ്പിന്റെ ഫയലുകളിൽ കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ്‌ സിങ് പുരിയുടെ പേര്‌ നൂറിലധികം തവണ പരാമർശിച്ചത്‌ നേരത്തെ പുറത്തുവന്നിരുന്നു. യുഎസ്‌ നീതിന്യായ വകുപ്പിന്റെ വെബ്‌സൈറ്റിൽ ‘എപ്‌സ്‌റ്റീൻ ലൈബ്രറി’യിൽ ഹർദീപ്‌സിങ് പുരിയുടെ പേര്‌ പരതിയാൽ 163 ഫലങ്ങളാണ്‌ ലഭിക്കുക. എപ്‌സ്‌റ്റീനുമായി മോദിസർക്കാരിലെ പ്രമുഖന്‌ എന്താണ്‌ ബന്ധമെന്ന്‌ വിശദീകരിക്കാൻ കേന്ദ്രസർക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ചിത്രങ്ങൾ പുറത്തുവന്ന പശ്‌ചാത്തലത്തിൽ മന്ത്രി രാജിവയ്‌ക്കണമെന്ന ആവശ്യം പ്രതിപക്ഷം വീണ്ടും ശക്തമാക്കും.


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരും എപ്‌സ്‌റ്റീൻ ഫയലുകളിൽ പലവട്ടം പരാമർശിച്ചിട്ടുണ്ട്‌. ഇ‍ൗ സാഹചര്യത്തിൽ ഹർദീപ്‌ സിങ്‌ പുരിയെ രാജിവയ്‌പ്പിച്ചാൽ അത്‌ വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന ആശങ്ക സർക്കാരിനും ബിജെപിയ്‌ക്കുമുണ്ട്‌. എപ്‌സ്റ്റീനെ പലവട്ടം കണ്ടിട്ടുണ്ടെന്നും സംസാരിച്ചിട്ടുണ്ടെന്നും പുരി നേരത്തെ സമ്മതിച്ചിരുന്നു. തെറ്റായ കാര്യങ്ങളൊന്നും ചെയ്‌തിട്ടില്ലെന്നാണ്‌ അവകാശവാദം. എന്നാൽ എപ്‌സ്‌റ്റീൻ ഫയലുകളിലെ പുരിയുടെ ആശയവിനിമയം നിസാരമായി തള്ളാനാകില്ല. കുട്ടികളെയും മറ്റും എത്തിച്ച്‌ ലൈംഗികമായി പീഡിപ്പിച്ചിരുന്ന ‘എപ്‌സ്‌റ്റീന്റെ അപൂർവ ദ്വീപിനെ’ കുറിച്ച്‌ ഹർദീപ്‌പുരിക്ക്‌ കൃത്യമായ ധാരണയുണ്ടായിരുന്നെന്ന്‌ അദ്ദേഹം അയച്ച സന്ദേശങ്ങളിൽ വ്യക്തം. ‘പ്രിയ ജെഫ്‌, നിങ്ങൾ അപൂർവ ദ്വീപിൽനിന്ന്‌ മടങ്ങി വന്നാൽ ആ വിവരം എന്നെ അറിയിക്കണം. ഇന്ത്യയിൽ നിങ്ങളുടെ താൽപ്പര്യം ഉണർത്താൻ കഴിയുന്ന കുറച്ച്‌ പുസ്‌തകങ്ങൾ ഞാൻ അയച്ചുതരാം’– എന്നാണ്‌ 2014 ഡിസംബർ 14ന്‌ എപ്‌സ്‌റ്റീന്‌ അയച്ച സന്ദേശത്തിൽ പുരി പറയുന്നത്‌.


എപ്‌സ്‌റ്റീന്റെ അനുയായിക്ക്‌ വേഗം ഇന്ത്യൻ വിസ കിട്ടാനായി ഹർദീപ്‌പുരി ഇടപെട്ടത്‌ വ്യക്തമാക്കുന്ന സന്ദേശങ്ങളും പുറത്തുവന്നു. 2014 ഒക്ടോബറിൽ തന്റെ അനുയായിക്ക്‌ വിസ ഒപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ എപ്‌സ്‌റ്റീൻ ഹർദീപ്‌ പുരിക്ക്‌ മെയിൽ അയച്ചു. ഇതേതുടർന്ന്‌ ഹർദീപ്‌പുരി ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ്‌ ജനറലിലെ പർമോദ്‌കുമാർ ബജാജിന്‌ സഹായം തേടി സന്ദേശം അയക്കുകയായിരുന്നു.

2008ൽ തന്നെ കുട്ടികളെ ലൈംഗികവൃത്തിക്ക്‌ പ്രേരിപ്പിച്ച കുറ്റത്തിന്‌ നിയമനടപടി നേരിട്ട ഒരാളുമായി പലരീതിയിൽ ബന്ധപ്പെട്ട ഒരാൾ കേന്ദ്രമന്ത്രിയായി തുടരുന്നതിലെ അന‍ൗചിത്യം വീണ്ടും ചർച്ചയാവുകയാണ്‌.


ഹർദീപ്‌ സിങ്‌ പുരിക്ക്‌ രാജ്യസഭാംഗത്വം പുതുക്കി നൽകാത്തതിനാൽ അദേഹം മന്ത്രിസ്ഥാനത്തുനിന്ന്‌ വൈകാതെ ഒഴിയുമെന്ന്‌ തീർച്ചയാണ്‌. യുപിയിൽ നിന്നുള്ള രാജ്യസഭാംഗമായ പുരിയുടെ കാലാവധി നവംബറിൽ അവസാനിക്കും. ആറുമാസം വരെയാണ്‌ എംപിയല്ലാതെ ഒരാൾക്ക്‌ മന്ത്രിയായി തുടരാനാവുക. തമിഴ്‌നാട്ടിൽ നിന്നുള്ള കേന്ദ്രമന്ത്രി എൽ മുരുഗൻ കഴിഞ്ഞദിവസം രാജിവച്ച സാഹചര്യത്തിൽ മന്ത്രിസഭാ അഴിച്ചുപണി വൈകാതെയുണ്ടാകുമെന്നാണ്‌ സൂചന.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home