ഹര്‍ദീപ് എന്ന് 430 തവണയും ഹര്‍ദീപ് പുരി എന്ന് 46 തവണയും പരാമര്‍ശം , എപ്‌സ്റ്റീന്റെ അനുയായിക്ക് ഇന്ത്യൻ വിസ കിട്ടാനും കേന്ദ്രമന്ത്രി ഇടപെട്ടു
print edition എപ്‍സ്റ്റീൻ ഫയലിൽ നാണംകെട്ട് മോദി സര്‍ക്കാര്‍ ; ഹര്‍ദീപ് സിങ് പുരിയുടെ പേര് 163 തവണ

ന്യൂഡൽഹി
ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട രേഖകളിൽ കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയുടെ പേര് നൂറിലേറെ തവണ പരാമർശിച്ചിട്ടുണ്ടെന്ന വിവരം പുറത്തുവന്നതോടെ ബിജെപിയും മോദി സർക്കാരും വെട്ടിലായി. യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് വെബ്‌സൈറ്റിലെ ‘എപ്‌സ്റ്റീൻ ലൈബ്രറി’യിൽ 163 തവണയാണ് പുരിയുടെ പേര് പരാമര്‍ശിക്കുന്നത്. ഇതുകൂടാതെ ‘ഹര്‍ദീപ് പുരി’ എന്നത് 46 തവണയും ‘ഹര്‍ദീപ് ’ എന്ന് 430 തവണയും പരാമര്‍ശിക്കുന്നുണ്ട്. 2009–2017 കാലയളവിൽ നാലുതവണ എപ്‌സ്റ്റീനെ കണ്ട് സംസാരിച്ചിട്ടുണ്ടെന്ന് മന്ത്രി സമ്മതിച്ചിട്ടുണ്ട്. കുട്ടികളെ ലൈംഗികവൃത്തിക്ക് പ്രേരിപ്പിച്ച കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ഒരാളുമായി പലരീതിയിൽ ബന്ധപ്പെട്ടയാൾ കേന്ദ്രമന്ത്രിയായി തുടരുന്നതിലെ അനൗചിത്യം വലിയ ചർച്ചയായിട്ടുണ്ട്. പുരി രാജിവയ്‍ക്കണമെന്ന ആവശ്യം ശക്തമായി.
ബാലപീഡകനും ലൈംഗികുറ്റവാളിയുമായ ഒരാളുമായി കേന്ദ്രമന്ത്രിക്കുള്ള ബന്ധം വിശദീകരിക്കണമെന്ന് പ്രതിപക്ഷം ബജറ്റ് സമ്മേളനത്തിൽ ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരും എപ്‌സ്റ്റീൻ ഫയലിൽ പലവട്ടം പരാമർശിക്കപ്പെട്ട സാഹചര്യത്തിൽ പുരിയെ രാജിവെപ്പിച്ചാൽ വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നതിനാൽ കേന്ദ്രസർക്കാർ തന്ത്രപരമായ മൗനം പാലിക്കുകയാണ്.
ദ്വീപിനെക്കുറിച്ച് പുരിക്ക് അറിയാം
എപ്‌സ്റ്റീന്റെ നിഗൂഢ ദ്വീപിനെക്കുറിച്ച് പുരിക്ക് കൃത്യമായ ധാരണയുണ്ടായിരുന്നെന്ന് വ്യക്തം. ‘പ്രിയ ജെഫ്, നിങ്ങൾ വിശിഷ്‌ട ദ്വീപിൽനിന്ന് മടങ്ങിയാൽ വിവരമറിയിക്കണം. ഇന്ത്യയിൽ നിങ്ങളുടെ താൽപ്പര്യം ഉണർത്താൻ കഴിയുന്ന കുറച്ച് പുസ്‌തകങ്ങൾ ഞാൻ അയച്ചുതരാം’–എന്നാണ് 2014 ഡിസംബർ 14ന് എപ്‌സ്റ്റീന് അയച്ച സന്ദേശത്തിൽ പറയുന്നത്. എപ്‌സ്റ്റീന്റെ അനുയായിക്ക് വേഗം ഇന്ത്യൻ വിസ തരപ്പെടുത്താൻ പുരി ഇടപെട്ടത് വ്യക്തമാക്കുന്ന സന്ദേശങ്ങളും പുറത്തുവന്നു. 2014 ഒക്‌ടോബറിലാണ് അനുയായിക്ക് വിസ ഒപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പുരിക്ക് എപ്‌സ്റ്റീൻ ഇ മെയിൽ അയച്ചത്. തുടർന്ന് പുരി ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലിലെ പർമോദ്‌കുമാർ ബജാജിന് സന്ദേശമയച്ചു.










0 comments