കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 2009ല്‍ ശിക്ഷിക്കപ്പെട്ട എപ്‌സ്‌റ്റീനുമായി മോദി സർക്കാരിലെ പ്രമുഖൻ 2014 മുതല്‍ നിരന്തരം കൂടിക്കാഴ്ച നടത്തിയത് എന്തിനെന്ന ചോദ്യത്തിന് ഉത്തരമില്ല
print edition ഹർദീപ് സിങ് പുരി എപ്‌സ്‌റ്റീനുമായി കൂടിക്കാഴ്ച നടത്തിയത് 14 വട്ടം

ന്യൂഡൽഹി
കേന്ദ്രപെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്‌റ്റീനുമായി കൂടിക്കാഴ്ച നടത്തിയത് 14 വട്ടം. 2014 –2017ൽ ഇരുവരും 62 ഇമെയിലുകൾ പരസ്‌പരം അയച്ചിട്ടുണ്ടെന്നും ഇത് എന്തിന് വേണ്ടിയാണെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കണമെന്നും കോൺഗ്രസ് വക്താവ് പവൻ ഖേര വാർത്താസമ്മേളനത്തിൽ പറഞ്ഞു. ‘ഹർദീപ്‌പുരി എപ്‌സ്‌റ്റീന് 32 ഇ മെയിലുകൾ അയച്ചപ്പോൾ എപ്‌സ്‌റ്റീൻ ഇങ്ങോട്ട് 30 എണ്ണം അയച്ചു. 2014 ജൂൺ 5,6,8,9, സെപ്‌തംബർ 19,23,24, ഒക്ടോബർ 9,10 തീയതികളിൽ എപ്‌സ്‌റ്റീനും ഹർദീപ് പുരിയും നടത്തിയ കൂടിക്കാഴ്‌ചയില്‍ ചർച്ച ചെയ്‌തത് എന്താണെന്ന് രാജ്യത്തോട് വെളിപ്പെടുത്തണം. 2014ൽ ഹർദീപ് പുരി എന്ത് ഒൗദ്യോഗിക പദവിയാണ് വഹിച്ചത്?. എന്തിന് വേണ്ടിയാണ് അദ്ദേഹം എപ്‌സ്‌റ്റീനുമായി കൂടിക്കാഴ്ച നടത്തിയത്? ’–അദ്ദേഹം ചോദിച്ചു.
എപ്‌സ്‌റ്റീനെ പലവട്ടം കണ്ടിട്ടുണ്ടെന്നും ‘പ്രൊഫഷണൽകാര്യങ്ങൾ’ മാത്രമാണ് ചർച്ച ചെയ്‌തതെന്നുമാണ് ഹർദീപ് പുരിയുടെ അവകാശവാദം. എന്നാൽ, 2009ൽ തന്നെ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ട ഒരാളുമായി മോദി സർക്കാരിലെ പ്രമുഖൻ എന്ത് ‘പ്രൊഫഷണൽ’ കാര്യമാണ് ചർച്ച ചെയ്‌തതെന്ന ചോദ്യമാണുയരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരും എപ്‌സ്‌റ്റീൻ ഫയലുകളിൽ പരാമർശിച്ചിട്ടുണ്ടായിരുന്നു. അമേരിക്കയുടെ പ്രീതി സന്പാദിക്കാൻ ഇസ്രയേൽ സന്ദർശിക്കാൻ താനാണ് മോദിയെ ഉപദേശിച്ചതെന്നാണ് എപ്‌സ്‌റ്റീൻ ഖത്തറിലെ അടുപ്പക്കാരന് അയച്ച സന്ദേശത്തിൽ അവകാശപ്പെട്ടത്.










0 comments