പ്രതീകാത്മക ഇംപീച്ച്‌മെന്റ് ഇന്ന്
print edition ജനകീയ കുറ്റവിചാരണ

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യാ കൂട്ടായ്‌മ സംഘടിപ്പിക്കുന്ന ‘പ്രതീകാത്മക ഇംപീച്ച്‌മെന്റ്’ (ജൻ മഹാഭിയോഗ്) ജനകീയ കുറ്റവിചാരണയാകും.
രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ വെള്ളി പകൽ 3.30ന‍് നടക്കുന്ന പരിപാടിയിൽ ലോക്‌സഭാ മുൻ സ്‌പീക്കർ മീരാകുമാർ അധ്യക്ഷയാകും. ഖാർഗെ ഗ്യാനേഷ് കുമാറിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കും. ഇന്ത്യാ കൂട്ടായ്‌മയിലെ ഓരോ കക്ഷിയുടെയും ഓരോ പ്രതിനിധി വീതം ചർച്ചയിൽ പങ്കെടുക്കും. എസ്‌ഐആറിലൂടെ വോട്ടവകാശം നഷ്ടപ്പെട്ടവരും പൗരസമൂഹ പ്രതിനിധികളും സംസാരിക്കും. രാഹുൽ ഗാന്ധി സമാപന പ്രസംഗം നടത്തും. ഖാർഗെയുടെ വസതിയിൽ ചേർന്ന ഇന്ത്യാ കൂട്ടായ്‌മ യോഗമാണ് പരിപാടിയുടെ നടപടിക്രമങ്ങൾ തീരുമാനിച്ചത്. സിപിഐ എം രാജ്യസഭാ കക്ഷി നേതാവ് ജോൺ ബ്രിട്ടാസ് യോഗത്തിൽ പങ്കെടുത്തു.
പ്രതിഷേധങ്ങൾ നേരിടാൻ വൻസുരക്ഷാസന്നാഹങ്ങളാണ് ഒരുക്കുന്നത്. 2500 മുതൽ 3500 വരെ ഡൽഹി പൊലീസ് ഉദ്യോഗസ്ഥരെയും കേന്ദ്ര സായുധ പൊലീസ് സേനകളുടെ (സിഎപിഎഫ്) 10 കന്പനികളെയും വിന്യസിച്ചു. റാലി നടക്കുന്ന പ്രദേശത്തെ 14 മേഖലകളായി തിരിച്ച് നിരീക്ഷണം നടത്തും. പരിശോധനകൾക്കായി സിസിടിവി ക്യാമറകളും ഉദ്യോഗസ്ഥരുടെ ശരീരങ്ങളിൽ ഘടിപ്പിക്കുന്ന കാമറകളും ഉപയോഗിക്കും. 1000 പൊലീസ് ഉദ്യോഗസ്ഥർ ശരീരത്തിൽ ഘടിപ്പിച്ച ക്യാമറകളുമായി ചുറ്റിക്കറങ്ങുന്നുണ്ട്.









0 comments