Deshabhimani

print edition പ്രക്ഷോഭത്തിന്‌ പിന്നിലെ തീ ഇടതുപക്ഷം; മുട്ടിടിച്ച്‌ മോദി

modi amit shah Fear.jpg
avatar
എം അഖിൽ

Published on Oct 10, 2026, 01:23 AM | 1 min read

ന്യൂഡൽഹി : മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌കുമാറിന്റെ രാജിയ്‌ക്കായി പ്രക്ഷോഭം പടരുന്പോൾ ഇടതുപക്ഷത്തെ ഭയന്ന്‌ കേന്ദ്രസർക്കാർ. മോദിക്കെതിരായ സമരങ്ങൾക്കുപിന്നിലെ നിർണായകശക്തി ഇടതുപക്ഷമാണെന്ന തിരിച്ചറിവിലാണ്‌ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇടതുപക്ഷ യുവജന–വിദ്യാർഥി സംഘടനാനേതാക്കളെ തെരഞ്ഞുപിടിച്ച്‌ തടവിലാക്കുന്നത്‌. ഇന്റലിജൻസ്‌ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ്‌ നടപടി. ധർമേന്ദ്രപ്രധാന്റെ രാജിയിൽ കലാശിച്ച ‘ജന്തർമന്തർ 1.0’ പ്രക്ഷോഭം വിജയിപ്പിക്കാൻ സിജെപിക്കൊപ്പം നിലയുറപ്പിച്ചത്‌ എസ്‌എഫ്‌ഐ ഉൾപ്പടെയുള്ള ഇടതുപക്ഷ വിദ്യാർഥി സംഘടനകളാണ്‌. ഗ്യാനേഷ്‌ കുമാറിന്റെ രാജി ആവശ്യപ്പെട്ട് ശനിയാഴ്‌ച നടത്തുന്ന ‘ജന്തർമന്തർ 2.0’ സമരവും ഇടതുപക്ഷസംഘടനകളും സിജെപിയും ചേർന്നാണ്‌.


വിവിധ സംസ്ഥാനങ്ങളിൽനിന്ന്‌ എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ ന‍ൂറുകണക്കിന്‌ വിദ്യാർഥികളും യുവജനങ്ങളും ഡൽഹിയിലേക്ക്‌ ഒഴുകുമെന്നാണ്‌ ഇന്റലിജൻസ്‌ മുന്നറിയിപ്പ്‌. ബിജെപിയും ഘടകകക്ഷികളും ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വ്യാഴം രാത്രിമുതൽ നേതാക്കളെ കൂട്ടത്തോടെ വീട്ടുതടങ്കലിലാക്കി. എസ്‌എഫ്‌ഐ പ്രവർത്തകരുടെ വീടുകളിൽ അതിക്രമിച്ചുകടന്ന്‌ ഭീകരാന്തരീക്ഷം സൃഷ്ടിച്ച പൊലീസ്‌ മാതാപിതാക്കളെ ഭീഷണിപ്പെടുത്തി. ‘ഒരു കാരണവശാലും ഡൽഹിയിലെ പരിപാടിയിൽ നിങ്ങളുടെ മക്കൾ പങ്കെടുക്കരുത്‌. പങ്കെടുത്താൽ അനുഭവിക്കേണ്ടി വരും’ – എന്നായിരുന്നു ഭീഷണി.


മിക്ക നേതാക്കളുടെയും പ്രവർത്തകരുടെയും ഫോണുകൾ പൊലീസ്‌ നിരീക്ഷണത്തിലാണ്‌. സമരത്തിൽ പങ്കെടുക്കാൻ ഉത്തർപ്രദേശിൽനിന്ന്‌ നോയ്ഡ സെക്ടർ 24ൽ എത്തിയ എസ്‌എഫ്‌ഐ പ്രവർത്തകരെ എസ്‌എച്ച്‌ഒ ഫോണിൽ ബന്ധപ്പെട്ടു. എന്തിനാണ്‌ വിളിച്ചതെന്ന്‌ അന്വേഷിച്ചപ്പോൾ നന്പർ മാറിയെന്നായിരുന്നു മറുപടി. അലഹബാദിലും സുൽത്താൻപുരിലും യുപി പൊലീസ്‌ എസ്‌എഫ്‌ഐ പ്രവർത്തകരെ വിളിച്ച്‌ ശനിയാഴ്‌ച വീട്ടിൽനിന്ന്‌ പുറത്തിറങ്ങരുതെന്ന്‌ താക്കീത്‌ നൽകി. ഗുജറാത്തിൽ എസ്‌എഫ്‌ഐ പ്രവർത്തകൻ പൊലീസ്‌ കാവലിലാണ്‌ എൽഎൽബി ഒന്നാം സെമസ്‌റ്റർ പരീക്ഷ എഴുതിയത്‌.


ഗ്യാനേഷിന്റെ രാജി ആവശ്യപ്പെട്ട്‌ ഡൽഹിയിൽ ആദ്യം പ്രതിഷേധം തുടങ്ങിയത്‌ ഇടതുപക്ഷമാണ്‌. നിരോധനനാജ്ഞ ലംഘിച്ച്‌ ഗാന്ധിജയന്തി ദിനത്തിൽ ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ നേതൃത്വത്തിൽ ജന്തർമന്തറിലേക്ക്‌ നടത്തിയ മാർച്ചിൽ ആയിരങ്ങൾ അണിനിരന്നു. ഇത്‌ ഡൽഹി പൊലീസിനെയും ആഭ്യന്തരമന്ത്രാലയത്തെയും വിറപ്പിച്ചു. അമിത്‌ ഷായുടെ ഇന്റലിജൻസ്‌ സംവിധാനങ്ങളുടെ കണക്കുകൂട്ടൽ തെറ്റിച്ച്‌ വലിയ യുവജനപങ്കാളിത്തം സമരത്തിലുണ്ടായി. കമ്യൂണിസ്‌റ്റുകളാണ്‌ മോദി സർക്കാരിന്‌ എതിരായ പ്രക്ഷോഭങ്ങളുടെ ചാലകശക്തിയെന്ന്‌ ആർഎസ്‌എസ്‌ മുഖമാസികയായ ഓർഗനൈസറും മുഖപ്രസംഗത്തിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home