ad
Deshabhimani

print edition ഗ്യാനേഷ്‌ കുമാറിനോട് രാജ്യം പറയുന്നു; 'മാറിനില്‍ക്ക്'

Delhi Protest

റഹീമിനെയും ശിവദാസനെയും വലിച്ചിഴച്ച്‌ ഡൽഹി പൊലീസ്‌ | ഫോട്ടോ പി വി സുജിത്‌

avatar
എം അഖിൽ

Published on Sep 26, 2026, 01:12 AM | 2 min read

ന്യൂഡൽഹി : തെരഞ്ഞെടുപ്പ്‌ കമീഷന്റെ നിഷ്‌പക്ഷതയും വിശ്വാസ്യതയും തകർത്ത മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌ കുമാറിന്റെ രാജി ആവശ്യപ്പെട്ട്‌ രാജ്യവ്യാപക പ്രതിഷേധം. തെരഞ്ഞെടുപ്പ്‌ കമീഷൻ ആസ്ഥാനമായ നിർവാചൻ സദന്‌ മുന്നിലും ജന്തർമന്തറിലും പ്രതിപക്ഷ പാർടികളുടെയും വിദ്യാർഥി സംഘടനകളുടെയും നേതൃത്വത്തിൽ പ്രതിഷേധമുയര്‍ന്നു. ഗ്യാനേഷ്‌ കുമാറിന്റെ മുഖംമൂടികൾ ധരിച്ചവരെ വിലങ്ങുവച്ച് കൊണ്ടുപോകുന്ന രംഗങ്ങൾ അവതരിപ്പിച്ചും ‘ഗ്യാനേഷ്‌ ഹഠാവോ, ചുനാവ്‌ ആയോഗ്‌ ബച്ചാവോ’ (ഗ്യാനേഷിനെ നീക്കൂ; തെരഞ്ഞെടുപ്പ്‌ കമീഷനെ രക്ഷിക്കൂ) എന്ന പ്ലക്കാർഡുകളും ബാനറുകളും ഉയർത്തിപ്പിടിച്ചും നൂറുകണക്കിനാളുകൾ പ്രതിഷേധിച്ചു. ബാരിക്കേഡുകൾ നിരത്തിയും ജലപീരങ്കി ഉപയോഗിച്ചും ബലം പ്രയോഗിച്ചും ഡൽഹി പൊലീസും സിഎഎസ്‌എഫും ആർഎഎ-ഫും പ്രതിഷേധക്കാരെ നേരിട്ടു.


എംപിമാരായ വി ശിവദാസനെയും എ എ റഹിമിനെയും പൊലീസ്‌ വാഹനത്തിലേക്ക്‌ വലിച്ചിഴച്ചു. യൂണിഫോമിടാത്ത പൊലീസുകാരുടെ അമിത ബലപ്രയോഗത്തിനെതിരെ എംപിമാർ ശക്തമായി പ്രതിഷേധിച്ചു. രാജ്യത്തെ തെരഞ്ഞെടുപ്പ്‌ സംവിധാനം അട്ടിമറിച്ച ഗ്യാനേഷ്‌ കുമാറിനെതിരെ നടപടിയെടുക്കാതെ, സമാധാനപരമായി പ്രതിഷേധിച്ചവരെ അടിച്ചമർത്തുകയാണെന്ന്‌ എംപിമാർ പറഞ്ഞു.


പട്ടേൽച‍ൗക്ക്‌ മെട്രോ സ്റ്റേഷനിൽ നിന്നും തെരഞ്ഞെടുപ്പ്‌ കമീഷൻ ആസ്ഥാനത്തേക്ക്‌ ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ പ്രവർത്തകർ നടത്തിയ മാർച്ച്‌ പാതിവഴിയിൽ തടഞ്ഞായിരുന്നു പൊലീസ്‌ അതിക്രമം. എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ ആദർശ്‌ എം സജി, നേതാക്കളായ എം എൽ അഭിജിത്‌, സൂരജ്‌ ഇളമൺ, മെഹിന ഫാത്തിമ, അനിൽ സേതുമാധവൻ തുടങ്ങിയവരെ കസ്റ്റഡിയിലെടുത്തു. എംപിമാർക്കും നേതാക്കൾക്കും വെള്ളം പോലും കൊടുക്കാതെ ദീർഘനേരം നഗരപ്രദക്ഷിണം നടത്തിയ ശേഷമാണ്‌ വിവിധ സ്റ്റേഷനുകളിലെത്തിച്ചത്‌.


റായ്‌സിനാ റോഡിൽ യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകരും പ്രതിഷേധിച്ചു. ജന്തർമന്തറിൽ സിപിഐ എംഎൽ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, സാമൂഹ്യപ്രവർത്തകൻ യോഗേന്ദ്ര യാദവ്‌, ഐസ പ്രസിഡന്റ്‌ നേഹ ബോറ എന്നിവരെയും കസ്റ്റഡിയിലെടുത്തു. അഡ്വ. പ്രശാന്ത്‌ ഭൂഷൺ, ആർജെഡി എംപി മനോജ്‌ ഝാ, സാമൂഹ്യപ്രവർത്തകരായ അഞ്‌ജലി ഭരദ്വാജ്‌, സുനിതാ നരയ്‌ൻ തുടങ്ങിയവരും പങ്കെടുത്തു.


തെരഞ്ഞെടുപ്പ്‌ കമീഷൻ ആസ്ഥാനം സ്ഥിതി ചെയ്യുന്ന പട്ടേൽ ച‍ൗക്ക്‌, ജന്തർമന്തർ, പട്ടേൽച‍ൗക്ക്‌ മെട്രോ സ്റ്റേഷൻ മേഖലകളിൽ മണിക്കൂറുകളോളം സംഘർഷം നിലനിന്നു. ഇവിടങ്ങളിൽ കൂടുതൽ ആളുകൾ എത്താതിരിക്കാന്‍ പൊലീസ് റോഡ് അടച്ചു. ബിഹാർ, അസം, പശ്‌ചിമ ബംഗാൾ, പഞ്ചാബ്‌, ജമ്മു കശ്‌മീർ, മണിപ്പുർ, ഉത്തരാഖണ്ഡ്‌, ഉത്തർപ്രദേശ്‌, തമിഴ്‌നാട്‌ എന്നിവിടങ്ങളിലും ഗ്യാനേഷ്‌കുമാറിന്റെ രാജി ആവശ്യപ്പെട്ട്‌ കോൺഗ്രസ്‌ ഉൾപ്പെടെ പ്രതിപക്ഷ പാർടികൾ തെരുവിലിറങ്ങി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home