ad
Deshabhimani

നുണയുടെ കിരീടം ചൂടിയ 
മാധ്യമങ്ങൾ

deshabhimani editorial
വെബ് ഡെസ്ക്

Published on Sep 26, 2026, 01:30 AM | 2 min read

‘തമിഴ്‌നാട്ടിൽനിന്നുള്ള വൈദ്യനാഥ സ്വാമി എന്നയാൾ 2012ൽ ശബരിമല ക്ഷേത്രത്തിന്‌ ഭക്തിപുരസ്സരം സമർപ്പിച്ച സ്വർണക്കിരീടം മോഷ്‌ടിക്കപ്പെട്ടു’ എന്ന സ്‌തോഭജനക വാർത്ത വായിച്ച്‌ കഴിഞ്ഞദിവസം ജനങ്ങളെല്ലാം ഒരുപോലെ നടുങ്ങി. 445.78 ഗ്രാം (55.72 പവൻ) തൂക്കമുള്ളതാണ്‌ സ്വർണക്കിരീടം. എത്ര കോടികളുടെ മുതലാണ്‌ നഷ്‌ടപ്പെട്ടിട്ടുണ്ടാകുക എന്ന്‌ വാർത്ത വായിച്ചവർ അന്പരന്നു. വൻപ്രതിഷേധങ്ങൾക്കോ നാട്ടിൽ കലാപത്തീ പടർത്താനോതന്നെ ഇടയാക്കിയേക്കാവുന്ന ഇ‍ൗ വാർത്ത ‘മാതൃഭൂമി’ പത്രമാണ്‌ ഒന്നാംപേജിൽ പ്രധാനവാർത്തയായി നൽകിയത്‌. പിന്നാലെ വിവിധ വാർത്താ ചാനലുകളും ഏറ്റുപിടിച്ചു. യഥാർഥ സ്വർണക്കിരീടത്തിനുപകരം മുക്കുപണ്ടംകൊണ്ടുള്ള കിരീടമാണ്‌ നിലവിൽ സ്‌ട്രോങ്‌ റൂമിൽ ഉള്ളതെന്നുമായിരുന്നു വാർത്ത. പക്ഷേ, മണിക്കൂറുകൾപോലും ആയുസ്സില്ലാത്ത നുണബോംബായിരുന്നു ഇതെന്ന്‌ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ കെ ജയകുമാർ മാധ്യമപ്രവർത്തകരെ കണ്ടതോടെ വ്യക്തമായി. കിരീടം സുരക്ഷിതമായി സ്‌ട്രോങ്‌ റൂമിൽത്തന്നെയുണ്ടെന്നും തിരുവാഭരണം കമീഷണർ ആർ രജിലാൽ നേരിട്ട്‌ കണ്ട്‌ ബോധ്യപ്പെട്ടെന്നും കെ ജയകുമാർ വ്യക്തമാക്കിയതോടെ പൊളിഞ്ഞത്‌ വമ്പൻ ഗൂഢാലോചന.


ഇങ്ങനെയൊരു നുണവാർത്ത പടയ്ക്കാൻ പത്രം തെരഞ്ഞെടുത്ത സമയമാണ്‌ പ്രധാനം. മുഖ്യമന്ത്രി വി ഡി സതീശനും ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലയുമടക്കം യുഡിഎഫ്‌ മന്ത്രിസഭ ഒന്നടങ്കം സ്‌പോൺസർ രാജിന്റെയും വൈദ്യുതിപ്രതിസന്ധിയുടെയും പേരിൽ പൊതുസമൂഹത്തിൽ എല്ലാ പ്രതിരോധവും പാളി തനിനിറം വെളിവാക്കപ്പെട്ട്‌ നാണംകെട്ട്‌ നിൽക്കുന്ന ഘട്ടത്തിലാണ്‌ ഇങ്ങനെയൊരു നുണ പ്രധാനവാർത്തയായി ‘മാതൃഭൂമി’യിൽ പ്രത്യക്ഷപ്പെട്ടത്‌. വിശ്വാസികളെയുംമറ്റും തെറ്റിദ്ധരിപ്പിച്ച്‌ തെരുവിലിറക്കാമെന്നും അതുവഴി കുറച്ച്‌ ദിവസത്തേക്കെങ്കിലും യുഡിഎഫ്‌ സർക്കാരിന്‌ പരിച തീർക്കാമെന്നുമുള്ള കുബുദ്ധിയുടെ സൃഷ്‌ടിയാണ്‌ ഇ‍ൗ വാർത്തയെന്ന്‌ പ്രത്യേകം പറയേണ്ടതില്ല. മാത്രവുമല്ല, മണ്ഡലകാലം അടുത്തിരിക്കെ ദേവസ്വം ബോർഡുമായി ചേർന്ന്‌ സർക്കാർ വകുപ്പുകളെ ഏകോപിപ്പിക്കുന്നതിലും സുഗമമായ തീർഥാടനകാലം ഉറപ്പുവരുത്തുന്നതിലും സർക്കാർ വൻപരാജയമാണ്‌. ഇ‍ൗ സാഹചര്യത്തിലാണ്‌ ദേവസ്വം ബോർഡിനെ പ്രതിക്കൂട്ടിൽ നിർത്താൻ മന്ത്രിയുടെ ഓഫീസിലെ പ്രമുഖരും കോൺഗ്രസ്‌ അനുകൂല സംഘടനയായ ദേവസ്വം എംപ്ലോയീസ്‌ ഫ്രണ്ടിന്റെ നേതാക്കളും ഒരു വിഭാഗം മാധ്യമങ്ങളും വ്യാജവാർത്തകളിലൂടെ ശ്രമിക്കുന്നത്‌.


സന്നിധാനത്തെ സ്‌ട്രോങ്‌ റൂമിലെ നിർമാണപ്രവർത്തനങ്ങളുടെ ഭാഗമായി സ്വർണക്കിരീടം മറ്റൊരു സ്‌ട്രോങ്‌ റൂമിലേക്ക്‌ മാറ്റി എന്നതാണ്‌ വസ്‌തുത. തിരുവാഭരണം കമീഷണർ ഓഫീസിലെ കോൺഗ്രസ്‌ അനുകൂല സംഘടനയിലെ ജീവനക്കാരാണ്‌ കള്ളവാർത്തയുടെ ഉറവിടം. ദ്വാരപാലക ശിൽപ്പപാളികളിലെയും കട്ടിളപ്പടികളിലെയും സ്വർണം മോഷണംപോയെന്ന ആരോപണത്തിന്റെയും കേസിന്റെയും പശ്ചാത്തലത്തിൽ ഹൈക്കോടതി നിയോഗിച്ച അമിക്കസ്‌ ക്യൂറിയായ ജസ്റ്റിസ്‌ കെ ടി ശങ്കരന്റെ റിപ്പോർട്ട്‌ ഹൈക്കോടതിയിലെ ദേവസ്വം ബെഞ്ചിന്‌ സമർപ്പിക്കാനിരിക്കുകയാണ്‌. ജസ്റ്റിസ്‌ കെ ടി ശങ്കരന്റെ നേതൃത്വത്തിൽ നടന്ന കണക്കെടുപ്പിൽ കിരീടം രേഖപ്പെടുത്തിയിട്ടുമുണ്ട്‌.


വസ്‌തുത ഇതായിരിക്കെ വെള്ളിയാഴ്‌ചത്തെ പത്രത്തിൽ ഖേദം പ്രകടിപ്പിക്കാൻ മാതൃഭൂമി തയ്യാറായിട്ടില്ല. ‘അമിക്കസ്‌ ക്യൂറിക്കുമുന്നിൽ ഫാൻസി കിരീടം ഹാജരാക്കിയതുമൂലമുണ്ടായ ആശയക്കുഴപ്പമാണ്‌ സ്വർണക്കിരീടം നഷ്‌ടപ്പെട്ടെന്ന വാർത്ത പുറത്തുവരാനിടയാക്കിയതെന്ന്‌ ദേവസ്വം ബോർഡ്‌ പറഞ്ഞു’ എന്നാണ്‌ വാർത്ത. തങ്ങളുടെ തെറ്റാണിതെന്ന്‌ സമ്മതിക്കാൻ മാതൃഭൂമി തയ്യാറല്ല. വ്യാജവാർത്തയുടെ ഉത്തരവാദിത്വം മറ്റാരുടെയെങ്കിലും തലയിൽ കെട്ടിവയ്ക്കാനാണ്‌ ലജ്ജാകരമായ ശ്രമം.


ശബരിമലയിലെ സർക്കാരിന്റെ പരാജയം മറച്ചുവയ്ക്കാനുള്ള തത്രപ്പാടിലാണ്‌ മന്ത്രി മുരളീധരനും ബോർഡിലെ കോൺഗ്രസ്‌ സംഘടനയുടെ നേതാക്കളും. ബോർഡിനെ മറികടന്ന് പ്രത്യേക ടീമിനെവച്ച് ശബരിമല മണ്ഡല–മകരവിളക്ക്‌ ഉത്സവം നടത്തുമെന്നത്‌ ഉൾപ്പെടെയുള്ള മന്ത്രിയുടെ പ്രസ്‌താവനകൾ അഴിമതി ലക്ഷ്യംവച്ചുള്ളതാണെന്ന ആക്ഷേപം ശക്തമാണ്‌. ബോർഡിലെ കോൺഗ്രസ്‌ അനുകൂല സംഘടനയെ ഉപയോഗിച്ച്‌ ദേവസ്വം നിയമനങ്ങളും സ്ഥലംമാറ്റങ്ങളും ‘കൈപ്പിടി’യിലാക്കാനും മന്ത്രി ഓഫീസ്‌ കേന്ദ്രീകരിച്ച്‌ ശ്രമം നടക്കുന്നുണ്ട്‌. അരവണ പ്ലാന്റിന്റെ ശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായി നിർമാണം നിർത്തിവച്ചപ്പോഴുണ്ടായ നിയന്ത്രണത്തെ ആയുധമാക്കാൻ ആദ്യം കച്ചകെട്ടിയിറങ്ങിയതും കോൺഗ്രസ്‌ അനുകൂല സംഘടനയാണ്‌.


കഴിഞ്ഞ 10 വർഷം ബോർഡുമായി ഏകോപനത്തിലൂടെ മികച്ച രീതിയിൽ ഓരോ മണ്ഡലകാലവും വിജയകരമായി പൂർത്തിയാക്കാൻ സംസ്ഥാന സർക്കാരിന്‌ സാധിച്ചിരുന്നു. എന്നാൽ, ഇത്തവണ പരാജയം മണത്തതോടെ ബോർഡിനെതിരെ ചില മാധ്യമങ്ങളെ ഉപയോഗിച്ച്‌ കള്ളപ്രചാരണം നടത്താനുള്ള മന്ത്രിയുടെയും കൂട്ടാളികളുടെയും പാഴ്‌ശ്രമമാണ്‌ കിരീടമോഷണക്കഥയിലൂടെ വെളിച്ചത്തായത്‌. അതിന്‌ അവർ വായനക്കാരോടും ജനങ്ങളോടും മാപ്പുപറഞ്ഞേ തീരൂ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home