print edition സർവകലാശാലകളിൽ നിയമം നോക്കുകുത്തി: എഫ്‌യുടിഎ

തിരുവനന്തപുരം : നിയമങ്ങൾ കാറ്റിൽപ്പറത്തിയും സിൻഡിക്കറ്റുകളെ നോക്കുകുത്തിയാക്കിയും താൽക്കാലിക വിസിമാരുടെയടക്കം ഏകാധിപത്യഭരണം സർവകലാശാലകളെ ഗതികേടിലാക്കുകയാണെന്ന് ഫെഡറേഷൻ ഓഫ് യൂണിവേഴ്‌സിറ്റി ടീച്ചേഴ്സ് അസോസിയേഷൻസ്.
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ബോർഡ് ഓഫ് സ്റ്റഡീസുകളിലേക്ക് പ്രൊഫസർമാരെ ഒഴിവാക്കി ജൂനിയർ കോളേജ് അധ്യാപകരെ കുത്തിനിറച്ചു. എംജി സർവകലാശാലയിലെ തന്നിഷ്ട നിയമനങ്ങളും കലിക്കറ്റ്, കണ്ണൂർ സർവകലാശാലകളിലെ നിയമവിരുദ്ധ നീക്കങ്ങളും സർവകലാശാലകളെ അക്കാദമിക പ്രതിസന്ധിയിലാക്കുകയാണ്. കേരളയിലെ ഭരണം രണ്ട് ബിജെപി അംഗങ്ങളും ഒരു യുഡിഎഫ് സിൻഡിക്കറ്റ്‌അംഗവും വിസിയുംചേർന്ന കോക്കസാണ് നിയന്ത്രിക്കുന്നതെന്ന പരാതിയുണ്ട്. സാങ്കേതിക സർവകലാശാലയിലെ പിവിസി നിയമനനീക്കംപോലെ, എവിടെനിന്നോ തയ്യാറാക്കുന്ന തിരക്കഥകളിലെ നായകർ ഡീൻമാരുൾപ്പെടെയായി സർവകലാശാലകളിൽ പ്രത്യക്ഷപ്പെടുന്നു. സ്വകാര്യ സർവകലാശാലകളുടെ ഏജന്റുമാർകൂടി ഇത്തരം അവസരങ്ങൾ മുതലാക്കാൻ രംഗത്തുണ്ട്. സർവകലാശാലകളെ സംരക്ഷിക്കാൻ സർക്കാർ രംഗത്തുവരണമെന്ന് എഫ്‌യുടിഎ ജനറൽ സെക്രട്ടറി ഡോ. എസ് നസീബും പ്രസിഡന്റ് ഡോ. ഹരികുമാരൻ തമ്പിയും പറഞ്ഞു.










0 comments