ad
Deshabhimani

print edition ബിജെപി കടുത്ത പ്രതിരോധത്തിൽ

Delhi Protest

ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ തെരഞ്ഞെടുപ്പ്‌ കമീഷൻ ആസ്ഥാനത്തേക്ക്‌ എസ്എഫ്ഐയും ഡിവെെഎഫ്ഐയും നടത്തിയ മാർച്ചിൽ എംപിമാരായ വി ശിവദാസൻ, എ എ റഹിം, എസ്എഫ്ഐ പ്രസിഡന്റ് ആദർശ് എം സജി തുടങ്ങിയവർ

avatar
സ്വന്തം ലേഖകൻ

Published on Sep 26, 2026, 01:30 AM | 1 min read

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത്‌ ഷായുടെയും വിശ്വസ്‌തനായ മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌ കുമാറിനെതിരായ ഗുരുതര ആരോപണങ്ങൾ കേന്ദ്രസർക്കാരിനെയും ബിജെപിയെയും ഒരുപോലെ പ്രതിരോധത്തിലാക്കി. സിജെപിയും ഇടതുപക്ഷ വിദ്യാർഥി സംഘടനകളും നേതൃത്വം നൽകിയ ജന്തർ മന്തർ പ്രക്ഷോഭം സൃഷ്ടിച്ച ആഘാതത്തിൽ നിന്ന്‌ തിരിച്ചുവരാൻ ശ്രമിക്കുന്ന ഘട്ടത്തിലാണ്‌ തെരഞ്ഞെടുപ്പ്‌ കമീഷനെ കേന്ദ്രീകരിച്ചുള്ള വിവാദങ്ങൾ സർക്കാരിനും ബിജെപിക്കും വെല്ലുവിളിയാകുന്നത്‌.


അമിത്‌ ഷാ കൈകാര്യം ചെയ്യുന്ന സഹകരണ മന്ത്രാലയത്തിന്റെ സെക്രട്ടറി സ്ഥാനത്തുനിന്ന്‌ വിരമിച്ച്‌ രണ്ടുമാസത്തിനുള്ളിൽ ഗ്യാനേഷ്‌ കുമാർ തെരഞ്ഞെടുപ്പ്‌ കമീഷൻ അംഗമായി. ആരുടെ താൽപ്പര്യമാണ്‌ ഇതിനുപിന്നിലെന്ന്‌ പകൽപോലെ വ്യക്തമാണ്‌. 2025 ഫെബ്രുവരിയിൽ ഗ്യാനേഷ്‌ കുമാർ മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണറായതിന്‌ ശേഷം പൂർണമായും കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലേക്ക്‌ കമീഷൻ ഓഫീസ്‌ മാറി. തിടുക്കത്തിൽ എസ്‌ഐആർ പ്രക്രിയയിലേക്ക്‌ കമീഷൻ കടന്നത്‌ സർക്കാരിന്റെയും ബിജെപിയുടെയും താൽപ്പര്യപ്രകാരമാണ്‌. ന്യൂനപക്ഷ, പിന്നോക്ക– ദുർബല ജനവിഭാഗങ്ങളുടെ വോട്ടുകൾ പരമാവധി വെട്ടിക്കൊണ്ട്‌ ബിജെപിക്ക്‌ അനുകൂലമായ തെരഞ്ഞെടുപ്പ്‌ സാഹചര്യമൊരുക്കലാണ്‌ ഗ്യാനേഷ്‌ കുമാർ ഏറ്റെടുത്തത്‌.


എന്നാൽ മറ്റ്‌ രണ്ട്‌ കമീഷൻ അംഗങ്ങളെ ഇരുട്ടിൽ നിർത്തിയാണ്‌ ഗ്യാനേഷ്‌ കുമാർ തീരുമാനങ്ങളെടുത്തതെന്ന വെളിപ്പെടുത്തൽ സർക്കാരിന്‌ വലിയ ആഘാതമായി മാറി. ഗ്യാനേഷ്‌ കുമാറിനെ മോദിയും അമിത്‌ ഷായും പരിധിവിട്ട്‌ സംരക്ഷിച്ചുവെന്ന വിമർശനം സംഘപരിവാറിലുമുണ്ട്‌. പാർലമെന്റിൽ ഗ്യാനേഷ്‌ കുമാറിനെതിരായി പ്രതിപക്ഷ പാർടികൾ നടത്തിയ നീക്കങ്ങളെയെല്ലാം സർക്കാർ പ്രതിരോധിച്ചിരുന്നു. എസ്‌ഐആറുമായും പുതിയ വോട്ടുകൾ ചേർക്കുന്നതുമായും ബന്ധപ്പെട്ട്‌ ഗുരുതര ആക്ഷേപം ഉയർന്നപ്പോഴും സർക്കാർ മ‍ൗനം പാലിച്ചു.


യുപിയും പഞ്ചാബും ഉത്തരാഖണ്ഡുമടക്കം അഞ്ച്‌ സംസ്ഥാനങ്ങൾ അടുത്ത വർഷമാദ്യം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക്‌ നീങ്ങുന്ന അവസരത്തിലാണ്‌ ഗ്യാനേഷ്‌ കുമാർ വിഷയത്തിൽ സർക്കാരും ബിജെപിയും ഒരേപോലെ പ്രതിരോധത്തിലായത്‌. ഗ്യാനേഷിനെ സംരക്ഷിക്കുന്ന നിലപാട്‌ തുടർന്നാൽ വലിയ ജനവികാരമുയരുമെന്ന ആശങ്ക ബിജെപിയിൽ ഒരു വിഭാഗത്തിനുണ്ട്‌. മോദിയും അമിത്‌ ഷായും തുടരുന്ന അമിതാധികാര നയനിലപാടുകൾ സംഘപരിവാറിനെ കൂട്ടക്കുഴപ്പങ്ങളിലേക്ക്‌ തള്ളുകയാണ്.

Highlights: ഗ്യാനേഷിനെ സംരക്ഷിക്കുന്ന നിലപാട്‌ തുടർന്നാൽ വലിയ ജനവികാരമുയരുമെന്ന ആശങ്ക ബിജെപിയിൽ ഒരു വിഭാഗത്തിനുണ്ട്‌



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home