Deshabhimani

ഔ​ദ്യോ​ഗിക വസതിയും കാബിനറ്റ് സെക്രട്ടറിയുടെ ശമ്പള സ്കെയിലും; ​ഗ്യാനേഷിന്റെ സ്വത്തുവിവരങ്ങൾ രഹസ്യം

gyanesh kumar
വെബ് ഡെസ്ക്

Published on Oct 06, 2026, 02:35 PM | 3 min read

രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യത തകർത്ത മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ​ഗ്യാനേഷ് കുമാറിന്റെ ആസ്തി സംബന്ധിച്ചും ദുരൂഹത ശക്തമാകുന്നു. എസ്ഐആർ വോട്ടുവെട്ടലിലുൾപ്പെടെ ​മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുടെ ഏകപക്ഷീയ തീരുമാനങ്ങളെല്ലാം സംശയനിഴലിലാകുമ്പോൾ ​സ്വത്തുവിവരങ്ങളൊന്നും തന്നെ പൊതുവിടങ്ങളിൽ ലഭ്യമല്ല.


വിവരാവകാശ പരിധിയിൽ വരില്ലെന്ന വാദം ഉയർത്തിയാണ് തെരഞ്ഞെടുപ്പ് കമീഷണറുടെ ആസ്തി വിവരങ്ങൾ മറച്ചുവയ്ക്കുന്നത്. എംപിമാരും എംഎൽഎമാരും അടക്കമുള്ള ജനപ്രതിനിധികളുടെയെല്ലാം സ്വത്തുവിവരങ്ങൾ പരസ്യമാണെന്നിരിക്കെ ​ഗ്യാനേഷിന്റെ ആസ്തിവിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമല്ലെന്നതാണ് വസ്തുത. ബിജെപിക്കായി ​പ്രവർത്തിക്കുന്നുവെന്ന ​ഗുരുതര ആരോപണങ്ങളുടെയെല്ലാം നിഴലിൽ നിൽക്കുന്ന സാഹചര്യത്തിലും സ്വത്തുവിവരങ്ങൾ വെളിപ്പെടുത്താത്തത് കൂടുതൽ ദുരൂഹത സൃഷ്ടിക്കുന്നു.


മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ നിർബന്ധമായും സമ്പൂർണ ആസ്തി–ബാധ്യത വിവരങ്ങൾ പൊതുവിടത്തിൽ വ്യക്തമാക്കണമെന്ന് നിലവിൽ നിയമമില്ല. ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന കാലത്ത് ഗ്യാനേഷ് കുമാർ വാർഷിക സ്ഥാവര വസ്തു റിട്ടേൺസ് (Immovable Property Returns -IPR) സമർപ്പിച്ചിട്ടുണ്ടായിരുന്നു. എന്നാൽ, 2015 മുതൽ 2023 വരെയുള്ള സ്വത്തുവിവരങ്ങൾ വിവരാവകാശ നിയമപ്രകാരം തേടിയപ്പോൾ, അവ വ്യക്തിപരമായ വിവരങ്ങളാണെന്ന് ചൂണ്ടിക്കാട്ടി നൽകാൻ തയ്യാറായില്ലെന്നാണ് റിപ്പോർട്ടുകൾ.


എന്നാൽ IPR ഒരാളുടെ ആകെ ആസ്തിയല്ല. കൃത്യമായ ആസ്തി കണക്കാക്കാൻ സ്ഥാവര സ്വത്തുകൾക്കൊപ്പം ബാങ്ക് നിക്ഷേപങ്ങൾ, ഓഹരികൾ, മറ്റ് നിക്ഷേപങ്ങൾ, മറ്റ് ആസ്തികൾ, വായ്പകൾ, ബാധ്യതകൾ എന്നിവയും ഉൾപ്പെടുത്തണം. ഇങ്ങനെ മുഴുവൻ ആസ്തികളും ഉൾപ്പെടുത്തിയ വിശദമായ വിവരം ​ഗ്യാനേഷ് കുമാറിന്റേതായി ലഭ്യമല്ല. 1988 ബാച്ചിലെ കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ ​ഗ്യാനേഷിന് മാസം രണ്ടര ലക്ഷം രൂപയാണ് ശമ്പളമെന്നാണ് റിപ്പോർട്ട്. നിലവിൽ ഇത് കാബിനറ്റ് സെക്രട്ടറിയുടെ ശമ്പളത്തിന് തുല്യമാണ്.


പാർലമെന്ററി കാര്യ മന്ത്രാലയത്തിൽ സെക്രട്ടറിയായിരുന്ന ​ഗ്യാനേഷ് കേന്ദ്ര സഹകരണ മന്ത്രാലയത്തിലെ സെക്രട്ടറിയായി പ്രവർത്തിച്ച ശേഷം 2024 ജനുവരി 31നാണ് സർവീസിൽ നിന്ന് വിരമിച്ചത്. 2024ൽ തെരഞ്ഞെടുപ്പ് കമീഷണറായി നിയമിതനായി. 2025 ഫെബ്രുവരിയിലാണ് രാജ്യത്തിന്റെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായി ചുമതലയേറ്റത്. 2023ലെ നിയമമാറ്റത്തിന് മുമ്പ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെയും മറ്റ് തെരഞ്ഞെടുപ്പ് കമീഷണർമാരുടെയും ശമ്പളവും സേവന വ്യവസ്ഥകളും സുപ്രീംകോടതി ജഡ്ജിമാരുടേതിന് തുല്യമായിരുന്നു. പുതിയ നിയമപ്രകാരമാണ് ഇവ കാബിനറ്റ് സെക്രട്ടറിയുടെ ശമ്പള സ്കെയിലിലേക്ക് മാറ്റിയത്.


സുപ്രീംകോടതി ജഡ്ജിയുടെ ശമ്പളം പാർലമെന്റ് പാസാക്കുന്ന നിയമത്തിലൂടെയാണ് നിശ്ചയിക്കുന്നത്. എന്നാൽ കാബിനറ്റ് സെക്രട്ടറിയുടെ ശമ്പളം കേന്ദ്ര ശമ്പള കമീഷന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ സർക്കാരാണ് നിശ്ചയിക്കുന്നത്. അതിനാൽ തെരഞ്ഞെടുപ്പ് കമീഷണർമാരുടെ ശമ്പളനിർണയത്തിൽ സർക്കാരിന് കൂടുതൽ ഇടപെടൽ നടത്താൻ സാധിക്കും. അടിസ്ഥാന ശമ്പളത്തിന് പുറമെ പ്രതിമാസം 34,000 രൂപ അലവൻസും ലഭിക്കുന്നതായി റിപ്പോർട്ടുണ്ട്. സ്വന്തം ആവശ്യത്തിനോ അല്ലെങ്കിൽ പങ്കാളികൾക്കോ അടുത്ത കുടുംബാം​ഗങ്ങൾക്കോ ലീവ് ട്രാവൽ കൺസഷൻ (Leave Travel Concession - LTC) ലഭിക്കും.


ഔദ്യോഗിക വസതി, സർക്കാർ വാഹനം, ഡ്രൈവർ, സുരക്ഷ എന്നിവ ലഭിക്കും. വൈദ്യുതി, വെള്ളം, ടെലിഫോൺ തുടങ്ങിയ സൗകര്യങ്ങൾ സൗജന്യമായോ സബ്സിഡിയോടെയോ ലഭിക്കും. കമീഷണർക്കും കുടുംബത്തിനും ചികിത്സാ സൗകര്യങ്ങളും ലഭ്യമാണ്. വിരമിച്ച ശേഷവും ഉയർന്ന ഭരണഘടനാ പദവികളിലുള്ളവർക്ക് ലഭിക്കുന്നതിന് സമാനമായ പെൻഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.


സംശയനിഴലിലാകുന്ന കരിയർ


മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള ​ഗ്യാനേഷ് കുമാറിന്റെ നിയമനങ്ങൾ പലതും സംശയമുണർത്തുന്നതാണ്. രാജ്യമൊട്ടാകെ വിവാദമായ പല സംഭവങ്ങളുണ്ടാകുമ്പോഴും നിർണായക പദവികളിൽ ​ഗ്യാനേഷ് ഉണ്ടായിരുന്നു. 2019 ആഗസ്തിൽ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയിലെ അനുച്ഛേദം 370 റദ്ദാക്കിയ സമയത്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ കശ്മീർ ഡിവിഷനിൽ ജോയിന്റ് സെക്രട്ടറിയായിരുന്നു ഗ്യാനേഷ്. പിന്നീട് അഡീഷണൽ സെക്രട്ടറിയായിരിക്കെ അയോധ്യ കേസിലെ സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിൽ രൂപീകരിച്ച പ്രത്യേക വിഭാഗത്തിന്റെ ചുമതല വഹിച്ചു. ശ്രീരാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട നടപടികളും ഈ വിഭാഗമാണ് കൈകാര്യം ചെയ്തിരുന്നത്. 2007 മുതൽ 2012 വരെ പ്രതിരോധ മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറി (Defence Production) യായിരുന്നു.


മുൻ തൃണമൂൽ കോൺഗ്രസ് എംപി സാകേത് ഗോഖലെയാണ് ​ഗ്യാനേഷിന്റെ ആസ്തിവിവരങ്ങൾ തേടി വിവരാവകാശം നൽകിയത്. എന്നാൽ RTI നിയമത്തിലെ സെക്ഷൻ 8(1)(j) പ്രകാരം വ്യക്തിയുടെ സ്വകാര്യതയെ അനാവശ്യമായി ബാധിക്കുന്ന വ്യക്തിപരമായ വിവരങ്ങൾ വെളിപ്പെടുത്തുന്നതിൽ നിന്ന് ഒഴിവാക്കാമെന്നു പറഞ്ഞ് വകുപ്പ് ആവശ്യം തള്ളി. എന്നാൽ പൊതുസേവകനായിരുന്ന ​ഗ്യാനേഷിന്റെ ഔദ്യോഗിക പദവിയുമായി ബന്ധപ്പെട്ട സ്വത്തുവിവരങ്ങൾ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പുറത്തുവിടണമെന്ന് ഗോഖലെ വാദിച്ചു. എന്നാൽ ഇതും വകുപ്പ് തള്ളി. എംപിമാരും എംഎൽഎമാരും സ്ഥാനാർഥികളാകുമ്പോൾ ആസ്തിയും ബാധ്യതകളും വെളിപ്പെടുത്തേണ്ടതുണ്ട്. എന്നാൽ ഇന്ത്യ പോലെ വലിയൊരു രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെയൊന്നാകെ ചുമതലയുള്ള മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുടെ സ്വത്തുവിവരങ്ങൾ എന്തുകൊണ്ട് പൊതുജനങ്ങൾക്ക് ലഭ്യമല്ലെന്ന് വ്യാപകമായി ചോദ്യം ഉയരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home