സ്കൂൾ ഗെയിംസ് അപകടം; കുറ്റം കരാറുകാരന്, കൈയൊഴിഞ്ഞ് മന്ത്രി

തിരുവനന്തപുരം: സ്കൂൾ ഗെയിംസ് വേദിയിലെ പന്തൽ പൊളിഞ്ഞുവീണ സംഭവത്തിൽ കുറ്റം കരാറുകാരന്റെ തലയിൽ കെട്ടിവച്ച് കൈയൊഴിഞ്ഞ് മന്ത്രി എൻ ഷംസുദീൻ. ഷെഡ് കെട്ടിയ ശേഷം സുരക്ഷാ പരിശോധന നടത്തിയിട്ടില്ല. എന്നാൽ ചോദ്യത്തോട് എല്ലാം പരിശോധിക്കും എന്ന് മാത്രം പറഞ്ഞ് മന്ത്രി തടിയൂരുകയായിരുന്നു.
അപ്രതീക്ഷിതമായി കാറ്റും മഴയുമുണ്ടായതുകൊണ്ടാണ് പന്തൽ പൊളിഞ്ഞുവീണതെന്നാണ് ന്യായീകരണം. അതേസമയം, അപകടത്തിന്റെ പൂർണ ഉത്തരവാദിത്തം ഉദ്യോഗസ്ഥർക്ക് മാത്രമാണെന്ന നിലയിലാണ് വകുപ്പിന്റെയും മന്ത്രിയുടെയും പ്രതികരണം.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന മേളയിലെ വീഴ്‌ചകളുടെ മുഴുവൻ ഉത്തരവാദിത്വവും ജില്ലയിലെ കായിക ചുമതലയുള്ള കോ– ഓർഡിനേറ്റർ, സെക്രട്ടറി എന്നിവരുടെ മേൽ കെട്ടിവയ്‌ക്കുന്ന റിപ്പോർട്ട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നൽകി.
ഇരുവർക്കും മത്സരം നടത്താനുള്ള ഗ്രൗണ്ടും ഉപകരണങ്ങളും ഒരുക്കാനുള്ള ചുമതലമാത്രം നൽകിയാണ് ഡിഡിഇ ഉത്തരവിറക്കിയിരുന്നത്. അപകടത്തിനുകാരണമായ പന്തൽ നിർമാണം ഏൽപ്പിച്ചിട്ടില്ല എന്നിരിക്കെയാണ് അപകടത്തിന്റെ ഉത്തരവാദിത്വം ഇവർക്കുമാത്രമാണെന്ന് വരുത്തിത്തീർക്കുന്നത്.
ജില്ലയുടെ ചുമതലയുള്ള കായിക വകുപ്പ് മന്ത്രി ഓ ജെ ജനീഷും വിഷയത്തിൽ അത് വിദ്യാഭ്യാസവകുപ്പിന് കീഴിലാണ് എന്ന വിചിത്രവാദമുയർത്തി തടിയൂരുകയായിരുന്നു.








0 comments