ad
Deshabhimani

കാമുകിയെ റൂമിലിട്ട് കുത്തിക്കൊലപ്പെടുത്തിയ യുവാവ് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

Chhattisgarh Engineer Kills Girlfriend

ഛത്തീസ്ഗഢിലെ ഭിലായ് സ്വദേശിയായ ശ്രേഷ്ഠ് മാലിക് | Photo Credit:NDTV

വെബ് ഡെസ്ക്

Published on Jul 13, 2026, 03:47 PM | 1 min read

ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിൽ സോഫ്റ്റ്‌വെയർ എൻജിനീയറായ യുവാവ് കാമുകിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു.


ഛത്തീസ്ഗഢിലെ ഭിലായ് സ്വദേശിയായ ശ്രേഷ്ഠ് മാലിക് (25) ആണ് ഉത്തർപ്രദേശ് സ്വദേശിനിയായ കാമുകി ഇഷാര അയൂബിയെ (25) കൊലപ്പെടുത്തിയ ശേഷം ജീവിതം അവസാനിപ്പിച്ചത്. ഇരുവരും ഗുരുഗ്രാമിലെ ഒരേ സ്വകാര്യ കമ്പനിയിലെ ജീവനക്കാരായിരുന്നു.


യുവാവിന്റെ വാടകമുറിയിൽ രക്തത്തിൽ കുളിച്ച നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കഴുത്തിന് മാരകമായി മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. യുവാവിന്റെ മൃതദേഹം റെയിൽവേ ട്രാക്കിൽ ഇരുകഷണങ്ങളായി മുറിഞ്ഞ നിലയിലും കണ്ടെത്തി.


ഇഷാര അയൂബിയെ ഫോണിൽ വിളിച്ച് കിട്ടാതായതോടെ ബന്ധുക്കൾ നടത്തിയ അന്വേഷണമാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിച്ചത്. ജോലിസ്ഥലത്തും ഇഷാര എത്തിയിട്ടില്ലെന്ന് മനസ്സിലാക്കിയ കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു.


തുടർന്ന് നടത്തിയ മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പോലീസ് ഗുരുഗ്രാം സെക്ടർ-55 ലുള്ള ശ്രേഷ്ഠ് മാലിക്കിന്റെ പേയിങ് ഗസ്റ്റ് താമസസ്ഥലത്ത് എത്തി.


പൂട്ടിയിട്ടിരുന്ന മുറി പൊളിച്ചു അകത്തുകയറിയപ്പോഴാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന ഇഷാരയുടെ മൃതദേഹം പോലീസ് കണ്ടത്. മൂന്ന് ദിവസം മുൻപാണ് ഇഷാര ഇയാളുടെ മുറിയിലേക്ക് താമസം മാറിയത്.


ഇതേസമയം തന്നെ ഗർഹി റെയിൽവേ സ്റ്റേഷന് സമീപം യുവാവ് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തതായി റെയിൽവേ പോലീസിൽ നിന്ന് അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് അത് ശ്രേഷ്ഠ് മാലിക് ആണെന്ന് തിരിച്ചറിഞ്ഞതും ഇരു മരണങ്ങളും തമ്മിലുള്ള ബന്ധം പോലീസ് സ്ഥിരീകരിച്ചതും.


സംഭവത്തിൽ കൊലപാതകത്തിന് കേസെടുത്ത് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇരുവരുടെയും മൊബൈൽ ഫോണുകൾ, കോൾ റെക്കോർഡുകൾ, ചാറ്റുകൾ എന്നിവ സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചുവരികയാണെന്ന് സെക്ടർ-56 എസ്എച്ച്ഒ മനോജ് കുമാർ അറിയിച്ചു.


പ്രണയപ്പകയാണോ അതോ മറ്റെന്തെങ്കിലും തർക്കമാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് വ്യക്തമാകാൻ അന്വേഷണം പൂർത്തിയാകേണ്ടതുണ്ട്. ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചിരിക്കുകയാണ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home