പിഴയടയ്ക്കാൻ താമസം വേണ്ട; വാഹനയാത്രികർക്ക് മുന്നറിയിപ്പുമായി കുവൈത്ത്

കുവൈത്ത് സിറ്റി : രാജ്യത്തെ വാഹനയാത്രികർക്ക് മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ അടയ്‌ക്കുന്നതിൽ കാലതാമസം വരുത്തരുത്. നിയമലംഘനങ്ങൾ ട്രാഫിക് കോടതിയുടെ പരിഗണനയ്ക്ക് വിടുംമുമ്പ് പിഴ അടച്ചുതീർപ്പാക്കണമെന്നും അധികൃതർ വ്യക്തമാക്കി.
നിയമലംഘനം കോടതിയിലേക്ക് റഫർ ചെയ്താൽ, കുറ്റത്തിന്റെ സ്വഭാവവും ബാധകമായ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് പിഴയോ തടവോ ഉൾപ്പെടെയുള്ള നിയമനടപടികൾ നേരിടേണ്ടിവരും. ഇതിന് പുറമെ മറ്റ് ഭരണനടപടികളും സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ട്രാഫിക് പിഴകൾ ‘സഹേൽ’ ആപ്ലിക്കേഷനിലൂടെയും ആഭ്യന്തര മന്ത്രാലയത്തിന്റെ ആപ്ലിക്കേഷനിലൂടെയും ഓൺലൈനായി അടയ്‌ക്കാനുള്ള സൗകര്യവും ലഭ്യമാണ്. സർക്കാർ ഓഫീസുകൾ നേരിട്ട് സന്ദർശിക്കാതെ നിയമലംഘനങ്ങൾ പരിശോധിച്ച് പിഴ അടച്ച് നടപടികൾ പൂർത്തിയാക്കാമെന്നും മന്ത്രാലയം ഓർമിപ്പിച്ചു.
ഒരാഴ്‌ചയിൽ 33,592 നിയമലംഘനം
രാജ്യവ്യാപകമായി നടത്തിയ ട്രാഫിക് പരിശോധനകളിൽ ഒരാഴ്‌ചയ്ക്കിടെ 33,592 നിയമലംഘനം കണ്ടെത്തി. 10 മുതൽ 16 വരെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിന്റെ നേതൃത്വത്തിൽ വിവിധ ഗവർണറേറ്റുകളിൽ നടത്തിയ പരിശോധനകളിലാണ് നിയമലംഘനം രേഖപ്പെടുത്തിയത്. ഗുരുതര നിയമലംഘനങ്ങളെ തുടർന്ന് 640 വാഹനങ്ങളും എട്ട് മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തു. 26 പേരെ കസ്റ്റഡിയിലെടുത്തു. പ്രായപൂർത്തിയാകാത്ത എട്ടുപേരെ തുടർനടപടികൾക്കായി ജുവനൈൽ പ്രോസിക്യൂഷന് കൈമാറിയതായും അധികൃതർ അറിയിച്ചു.
ഇക്കാലയളവിൽ 764 വാഹനാപകടങ്ങളിലാണ് ട്രാഫിക് വിഭാഗം ഇടപെട്ടത്. ഇതിൽ 144 എണ്ണം പരിക്കുകൾ റിപ്പോർട്ട് ചെയ്ത അപകടങ്ങളാണ്. ഓപ്പറേഷൻസ് വിഭാഗത്തിന് 2233 ട്രാഫിക് സംബന്ധമായ റിപ്പോർട്ടുകളും ലഭിച്ചു. പരിശോധനയ്ക്കിടെ മയക്കുമരുന്ന് കൈവശംവച്ചതായി സംശയിക്കുന്ന അഞ്ചുപേരെയും അസ്വാഭാവിക നിലയിൽ കണ്ടെത്തിയ നാലുപേരെയും പിടികൂടി ബന്ധപ്പെട്ട വിഭാഗങ്ങൾക്ക് കൈമാറി. താമസാനുമതി കാലാവധി കഴിഞ്ഞ 50 പേരും തിരിച്ചറിയൽ രേഖകളില്ലാത്ത 14 പേരും പിടിയിലായി. വിവിധ കേസുകളിൽ അന്വേഷിച്ചിരുന്ന 40 പേരെയും കണ്ടെത്തി. തിരച്ചിലിലുണ്ടായിരുന്ന 25 വാഹനങ്ങളും പിടിച്ചെടുത്തു. റോഡ് സുരക്ഷ ഉറപ്പാക്കാനും നിയമലംഘനം നിയന്ത്രിക്കാനുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ട്രാഫിക് പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.









0 comments