സെൻസസ് 2027: ആധാർ, ബാങ്ക് വിവരങ്ങൾ ശേഖരിക്കരുത്, സർവകക്ഷി യോഗം വിളിക്കണം - സിപിഐ എം

ന്യൂഡൽഹി: 2027ലെ കേന്ദ്ര സെൻസസ് നടപടികളുടെ ഭാഗമായി ആധാർ, വോട്ടർ ഐഡി, പാസ്‌പോർട്ട്, മൊബൈൽ നമ്പർ, ബാങ്ക് അക്കൗണ്ടുകളുടെ എണ്ണം ഉൾപ്പെടെയുള്ള സ്വകാര്യ വിവരങ്ങൾ ശേഖരിക്കരുതെന്ന് സിപിഐ എം. സെൻസസിന്‍റെ രീതികളെക്കുറിച്ചും വിവരശേഖരണത്തെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതിന് അടിയന്തരമായി സർവകക്ഷി യോഗം വിളിക്കണമെന്ന്, രജിസ്ട്രാർ ജനറൽ ഒഫ് ഇന്ത്യയ്ക്കും സെൻസസ് കമ്മീഷണർക്കും നൽകിയ മെമ്മോറാണ്ടത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി ആവശ്യപ്പെട്ടു.
16 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രാജ്യത്ത് സെൻസസ് നടപടികൾ ആരംഭിക്കുന്നത്. സെൻസസ് വിവരങ്ങൾ വോട്ടർപട്ടിക, ആധാർ, ക്ഷേമപദ്ധതികൾ, പൗരത്വം എന്നിവയുമായി ബന്ധപ്പെട്ട മറ്റു സർക്കാർ ഡാറ്റാബേസുകളുമായി ബന്ധിപ്പിക്കരുതെന്നും ഇതിനായി കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ നിശ്ചയിക്കണമെന്നും മെമ്മോറാണ്ടത്തിൽ ചൂണ്ടിക്കാട്ടുന്നു.
സെൻസസ് കേവലം സ്ഥിതിവിവരക്കണക്ക് ശേഖരണം മാത്രമല്ലെന്ന് സിപിഐ എം വ്യക്തമാക്കി. വിഭവവിതരണം, ആസൂത്രണം, രാഷ്ട്രീയ പ്രാതിനിധ്യം എന്നിവയെ നിർണ്ണയിക്കുന്ന ഒന്നാണിത്. മാതാപിതാക്കൾ ഇരുവരുടെയും വിവരങ്ങൾ, അവരുടെ മതം, ജനനസ്ഥലം തുടങ്ങിയവ തേടുന്നത് ബിജെപിയുടെ രാഷ്ട്രീയ അജൻഡയുടെ ഭാഗമാണെന്ന് ചോദ്യാവലി വ്യക്തമാക്കുന്നു.
ചില വിവരങ്ങൾ നൽകുന്നത് 'സ്വമേധയാ' ആണെന്ന് പറയുന്നുണ്ടെങ്കിലും എന്യൂമറേറ്റർമാർ ചോദിക്കുമ്പോൾ സാധാരണക്കാർ വിവരങ്ങൾ നൽകാൻ നിര്‍ബന്ധിതരാകും. ആധാർ, ബാങ്ക് വിവരങ്ങൾ, ജീവിതപങ്കാളിയെക്കുറിച്ചുള്ള ഡാറ്റ തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ ചോദിക്കുന്നത് ആപത്കരമായ സാധ്യതകളിലേക്ക് വഴിതുറക്കും.
മണ്ഡല പുനർനിർണയം വരാനിരിക്കുന്ന സാഹചര്യത്തിൽ സെൻസസിൻ്റെ വിവരങ്ങൾ ഏറെ നിർണ്ണായകമാണ്. ജനസംഖ്യാ സ്ഥിരത വിജയകരമായി കൈവരിച്ച സംസ്ഥാനങ്ങളെ സാമ്പത്തികമായോ രാഷ്ട്രീയ പ്രാതിനിധ്യത്തിന്റെ കാര്യത്തിലോ ശിക്ഷിക്കുന്ന രീതിയിലാകരുത് സെൻസസിന് ശേഷമുള്ള മണ്ഡല പുനർനിർണയം. ഫെഡറലിസത്തിനും സംസ്ഥാനങ്ങൾക്കിടയിലെ രാഷ്ട്രീയ സന്തുലിതാവസ്ഥയ്ക്കും കോട്ടം തട്ടാത്ത രീതിയിലാകണം നടപടികളെന്നും പാർടി പറഞ്ഞു.
പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കൊഴികെ മറ്റു വിഭാഗങ്ങൾക്ക് പൊതുവായ ജാതി വർഗ്ഗീകരണത്തിനും ശാസ്ത്രീയമായ കോഡിങ്ങിനും സംവിധാനമില്ലാത്തത് ജാതി കണക്കെടുപ്പിന്റെ കൃത്യതയെ ബാധിക്കും. മുൻകൂട്ടി തയ്യാറാക്കിയ ഘടനാപരമായ രീതിയില്ലാത്തത് കണക്കെടുപ്പിന്റെ ലക്ഷ്യത്തെത്തന്നെ ദോഷകരമായി ബാധിച്ചേക്കാം.
അതുപോലെ 2016ലെ ഭിന്നശേഷിക്കാരുടെ അവകാശ നിയമപ്രകാരം 21 ഭിന്നശേഷികൾ അംഗീകരിച്ചിട്ടുണ്ടെങ്കിലും നിലവിലെ സെൻസസ് ചട്ടക്കൂടിൽ 9 ഭിന്നശേഷി വിഭാഗങ്ങൾ മാത്രമാണുള്ളത്. ഇത് നിരവധി ഭിന്നശേഷിക്കാരെ കണക്കെടുപ്പിൽ നിന്ന് പുറത്താക്കാനും അവർക്കുള്ള ബജറ്റ് വകയിരുത്തലിനെയും പദ്ധതികളെയും പ്രതികൂലമായി ബാധിക്കാനും ഇടയാക്കുമെന്നും മെമ്മോറാണ്ടം വ്യക്തമാക്കുന്നു.
സിപിഐ എം മുന്നോട്ടുവെച്ച 7 പ്രധാന ആവശ്യങ്ങൾ:
സെൻസസ് രീതിശാസ്ത്രത്തെക്കുറിച്ച് അടിയന്തരമായി സർവകക്ഷി ചർച്ച നടത്തുക.
മാതാപിതാക്കളുടെ മതം, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ആധാർ ഉൾപ്പെടെയുള്ള തിരിച്ചറിയൽ നമ്പറുകൾ തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നത് ഒഴിവാക്കുക.
ശാസ്ത്രീയവും സുതാര്യവുമായ ജാതിവർഗീകരണ-കോഡിങ് സംവിധാനം തയ്യാറാക്കുക.
സെൻസസ് വിവരങ്ങൾ തെരഞ്ഞെടുപ്പ്, ആധാർ, ക്ഷേമപദ്ധതി, പൗരത്വ ഡാറ്റാബേസുകളുമായി ബന്ധിപ്പിക്കാതിരിക്കാൻ കർശന സുരക്ഷ ഉറപ്പാക്കുക.
പൗരത്വം നിർണയിക്കാനോ വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കാനോ സെൻസസ് വിവരങ്ങൾ ഉപയോഗിക്കില്ലെന്ന് ഉറപ്പുനൽകുക.
മണ്ഡല പുനർനിർണയവും ഫെഡറലിസവുമായി ബന്ധപ്പെട്ട സെൻസസിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് സുതാര്യമായ പൊതുചർച്ച സംഘടിപ്പിക്കുക.
2016ലെ ഭിന്നശേഷിക്കാരുടെ അവകാശ നിയമപ്രകാരം (RPwD Act) അംഗീകരിച്ച 21 ഭിന്നശേഷികളും സെൻസസിൽ പ്രത്യേകം കണക്കാക്കുക.









0 comments