ad
Deshabhimani

വീടില്ലാതെ ലക്ഷങ്ങൾ; കേന്ദ്രമന്ത്രിമാരുടെ ബം​ഗ്ലാവുകൾ മോടിപിടിപ്പിക്കാൻ ചെലവഴിച്ചത് 547 കോടി

Lutyens delhi
വെബ് ഡെസ്ക്

Published on Aug 24, 2026, 08:03 PM | 2 min read

ന്യൂഡൽഹി : കേന്ദ്രമന്ത്രിമാരുടെ ലുട്ട്യൻസ്‌ ബം​ഗ്ലാവുകൾ മോടിപിടിപ്പിക്കാനായി കോടികൾ ചിലവഴിച്ചതിന്റെ കണക്കുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ലക്ഷക്കണക്കിന് ജനങ്ങൾ വീടില്ലാതെ തെരുവിൽ കഴിയുന്ന സാഹചര്യത്തിൽ മന്ത്രിബം​ഗ്ലാവുകൾ മോടി പിടിപ്പിക്കാനായി കോടികൾ ചിലവഴിക്കുന്നത് രാജ്യത്തെ ജനങ്ങളോടുള്ള സർക്കാരിന്റെ ഉത്തരവാദിത്തത്തെപ്പറ്റി ചോദ്യം ഉയർത്തുന്നുണ്ട്.


കേന്ദ്ര മന്ത്രിമാരുടെ ഒ‍ൗദ്യോഗിക വസതികൾ മോടിപിടിപ്പിക്കുന്നതിന്‌ 2025–26 സാമ്പത്തിക വർഷം 92.35 കോടി ര‍‍ൂപയാണ് ചിലവഴിച്ചത്‌. മോദി സർക്കാർ അധികാരത്തിലെത്തിയതിന്‌ ശേഷം വസതികളുടെ മോടി പിടിപ്പിക്കലിനായി ആദ്യമായാണ്‌ ഇത്രയും രൂപ ചിലവഴിക്കുന്നത്‌. 2014 മുതലുള്ള കണക്കെടുത്താൽ ആകെ 547.68 കോടി ര‍‍‍ൂപയുടെ പണിയാണ്‌ വസതികളിൽ നടന്നത്‌.


ഡൽഹിയിലെ ലുട്ട്യൻസ്‌ ബംഗ്ലാവ്‌ മേഖലയിലാണ്‌ മന്ത്രിമാരുടെ വസതികൾ സ്ഥിതി ചെയ്യുന്നത്‌. 1912നും 1930നും ഇടയിലാണ് ഡൽഹിയിൽ ഈ ബംഗ്ലാവുകൾ പണിതത്. ബ്രിട്ടീഷ് ഭരണകാലത്ത് പ്രശസ്ത ആർക്കിടെക്റ്റായ എഡ്വിൻ ല്യൂട്ടൻസ് രൂപകൽപ്പന ചെയ്തതിനാലാണ് ഇല ലുട്ട്യൻസ്‌ ബംഗ്ലാവുകളെന്ന് അറിയപ്പെടുന്നത്. 6,900 ഏക്കർ പ്രദേശത്താണ് വ്യാപിച്ചുകിടക്കുന്നത്. പ്രധാനമന്ത്രിക്കു പുറമെ കേന്ദ്ര മന്ത്രിമാർ, സുപ്രീം കോടതി ജഡ്ജിമാർ, ഉന്നത സൈനിക മേധാവികൾ, പ്രമുഖ രാഷ്ട്രീയ നേതാക്കൾ എന്നിവരുടെ ഔദ്യോഗിക വസതികൾ ഈ സോണിലാണ് സ്ഥിതി ചെയ്യുന്നത്. മേഖലയിൽ ഏകദേശം 1,000 ബംഗ്ലാവുകളുണ്ട്. ഇതിൽ 90 ശതമാനത്തിലധികവും കേന്ദ്ര ഗവൺമെന്റിന്റെ ഉടമസ്ഥതയിലുള്ളതാണ്. വളരെ കുറഞ്ഞ ബംഗ്ലാവുകൾ മാത്രമാണ് സ്വകാര്യ വ്യക്തികളുടെ കൈവശമുള്ളത്.


lyutens delhi


കേന്ദ്ര പൊതുമാരത്ത്‌ വകുപ്പ്‌(സിപിഡബ്ല്യുഡി) വഴിയാണ്‌ ഇ‍ൗ പ്രവൃത്തികൾ നടക്കുന്നത്‌. പണപ്പെരുപ്പവും വിലക്കയറ്റവുമാണ്‌ ചിലവ്‌ കുത്തനെ വർധിക്കാൻ കാരണമെന്ന്‌ ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ വിലക്കയറ്റവും ഇന്ധന വില വർധനവും എൽപിജി ക്ഷാമവും പ്രളയക്കെടുതിയുമടക്കം വിവിധ കാരണങ്ങളാൽ രാജ്യത്തെ ജനങ്ങളൊന്നാകെ വലഞ്ഞ വേളയിലാണ് മന്ത്രിമന്ദിരങ്ങളുടെ മോടിപിടിപ്പിക്കലിന് മാത്രം ഇത്രയും കോടികൾ ചിലവഴിച്ചത്. മേഖലയുടെ പൈതൃക സ്വഭാവം നിലനിർത്തുന്നതിനായി ഡൽഹി മാസ്റ്റർ പ്ലാൻ പ്രകാരം ഇവിടെ വലിയ കെട്ടിടങ്ങളോ ഫ്ലാറ്റുകളോ നിർമ്മിക്കുന്നതിന് കർശനമായ നിയന്ത്രണങ്ങളുണ്ട്.


2014–15 വർഷം 27.47 കോടി ര‍‍ൂപ ചിലവഴിച്ച സ്ഥാനത്താണ്‌ കഴിഞ്ഞ വർഷം 92 കോടി പൊട്ടിച്ചത്‌. ഒന്നാം മോദി സർക്കാരിന്റെ കാലത്ത്‌ മന്ത്രിമാരുടെ വസതികളിലെ പണികൾക്ക്‌ ചിലവഴിച്ച തുകയുടെ ശരാശരി 26.78 കോടിയാണ്‌. രണ്ടാം മോദി സർക്കാരിന്റെ കാലത്ത്‌ ഇത്‌ 50 കോടിക്കടുത്തെത്തി. മൂന്നാം മോദി സർക്കാരിന്റെ ആദ്യ രണ്ടുവർഷത്തെ ശരാശരി 82.16 കോടിയാണ്‌. 71.98 കോടി ര‍‍ൂപയാണ്‌ 2024–25 വർഷം ചിലവഴിച്ചത്‌. ഇതിനു പുറമെ കേന്ദ്ര മന്ത്രിമാരുടെ ഓഫീസ്‌, എംപിമാരുടെ വസതികൾ എന്നിവയ്‌ക്കായും വൻ തുക ചിലവഴിച്ചതായാണ് വിവരം.


2011ലെ സെൻസസ് ഡാറ്റ പ്രകാരം 17.73 ലക്ഷം ഭവനരഹിതരാണ് രാജ്യത്തുള്ളത്. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ സംസ്ഥാനങ്ങളിലാണ് ഭവനരഹിതർ കൂടുതൽ. ഇവരിൽ ഏറിയ പങ്കും ന​ഗരങ്ങളിൽ തെരുവുകളിലാണ് കഴിയുന്നത്. ഇതിനുപുറമെ വിവിധ പദ്ധതികളുടെ പേരു പറഞ്ഞ് ബിജെപി സർക്കാരുകൾ കുടിയിറക്കിയവരും വേറെയുണ്ട്. ഇത്രയധികം ജനങ്ങൾ ബുദ്ധിമുട്ടനുഭവിക്കുമ്പോഴാണ് മന്ത്രിമാരുടെ വസതികൾക്ക് മാത്രമായി കോടികൾ മുടക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home