പത്തനംതിട്ട സ്നേഹാലയത്തിന് കേളിയുടെ കരുതൽ

റിയാദ് : പത്തനംതിട്ട കോന്നിയിലെ സ്‌നേഹാലയം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സെന്ററിന് കരുതലുമായി കേളി കലാസാംസ്‌കാരിക വേദി. ഇ എം എസ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്‌നേഹാലയത്തിന് ഒരുമാസത്തെ ഭക്ഷണച്ചെലവിനുള്ള ധനസഹായമാണ് കൈമാറിയത്. കേളി പന്ത്രണ്ടാം കേന്ദ്രസമ്മേളന പ്രഖ്യാപനങ്ങളിൽ ഒന്നായ ‘വിശപ്പുരഹിത കേരളത്തോടൊപ്പം കേളി’ പദ്ധതിയുടെ ഭാഗമായാണ് സഹായം.
അസീസിയ ഏരിയയിലെ വിജയൻ പുളിവേലിയാണ് സ്നേഹാലയത്തിന്റെ പ്രവർത്തനങ്ങൾ കേളിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. സ്നേഹാലയത്തിലെ അന്തേവാസികൾക്കും അവരെ പരിചരിക്കുന്ന വളന്റിയർമാർക്കും ഒരുമാസത്തേക്ക് ദിവസവും മൂന്നുനേരം ഭക്ഷണം നൽകാനാവശ്യമായ തുകയാണ് കൈമാറിയത്. സ്നേഹാലയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ശ്യാംലാൽ അധ്യക്ഷനായി. കേളി സെക്രട്ടറി സുനിൽകുമാർ ധാരണപത്രം ശ്യാംലാലിന് കൈമാറി. കേളി രക്ഷാധികാരി സമിതിയംഗം ജോസഫ് ഷാജി, കേന്ദ്ര കമ്മിറ്റിയംഗം തോമസ് ജോയ്, കുടുംബവേദിയംഗം ലക്ഷ്മി, റോധ ഏരിയ കമ്മിറ്റിയംഗം ആഷിക് ബഷീർ, മുൻ കേന്ദ്ര കമ്മിറ്റിയംഗം രാജൻ പള്ളിത്തടം, സ്നേഹാലയം രക്ഷാധികാരിയും കേരള പ്രവാസിസംഘം ജില്ലാ സെക്രട്ടറിയുമായ രഘുനാഥ് ഇടത്തിട്ട, സ്നേഹാലയം ട്രഷറർ ശ്രീകുമാർ, രക്ഷാധികാരി അംഗങ്ങളായ രഞ്ജൻ, സുധ രഞ്ജൻ, വർഗീസ് ബേബി, സദാശിവൻ പിള്ള, സോമനാഥൻ, വിജയകൃഷ്ണൻ എന്നിവരും സ്നേഹാലയം വളന്റിയർമാരും ചടങ്ങിൽ പങ്കെടുത്തു.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അർബുദ രോഗികൾ, പക്ഷാഘാതം ബാധിച്ച് കിടപ്പിലായവർ, പരിചരണവും താമസവും ആവശ്യമായ വയോധികൾ എന്നിവർക്കാണ് സ്നേഹാലയം പ്രധാനമായും ആശ്രയമാകുന്നത്. ‘ദാരിദ്ര്യം കാരണം ചികിത്സ മുടങ്ങരുത്’ എന്ന ആശയമാണ് സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾക്ക് അടിത്തറ. കിടപ്പുരോഗികൾക്ക് 24 മണിക്കൂർ നഴ്സിങ് പരിചരണം, താമസം, ഭക്ഷണം, വസ്‌ത്രം, ശുചീകരണം, വേദനസംഹാര മരുന്നുകൾ എന്നിവ ഉൾപ്പെടെയുള്ള ഇൻ-പേഷ്യന്റ് സേവനങ്ങൾ നൽകുന്നു. അർബുദം ഉൾപ്പെടെയുള്ള വിട്ടുമാറാത്ത രോഗങ്ങളുടെ വേദന നിയന്ത്രിക്കാനുള്ള ചികിത്സയും ലഭ്യമാക്കുന്നുണ്ട്.
വീടുകളിൽ കഴിയുന്ന രോഗികളെ വളന്റിയർമാർ സന്ദർശിച്ച് മുറിവ് കെട്ടൽ, കുളിപ്പിക്കൽ, മരുന്ന് നൽകൽ തുടങ്ങിയ പരിചരണങ്ങൾക്കൊപ്പം രോഗികൾക്കും കുടുംബങ്ങൾക്കും മാനസിക പിന്തുണയും നൽകുന്നു. ആശുപത്രികളിലേക്കും കീമോതെറാപ്പി പോലുള്ള ചികിത്സകൾക്കുമായി രോഗികളെ എത്തിക്കാൻ ആംബുലൻസ് സേവനവും ഒരുക്കുന്നുണ്ട്. പൂർണമായും സംഭാവനകളെയും ജനസഹകരണത്തെയും ആശ്രയിച്ചാണ് സ്നേഹാലയത്തിന്റെ പ്രവർത്തനം മുന്നോട്ടുപോകുന്നത്.









0 comments