പറഞ്ഞതെന്ത്, ചെയ്യുന്നതെന്ത്? കേരളത്തെ ഇരുട്ടിലേക്ക് തള്ളിവിട്ട 100 ദിവസം

വി ഡി സതീശൻ
തിരുവനന്തപുരം: കേവലം 100 ദിവസം, അതിനകം കഴിഞ്ഞ 10 വർഷം സർവമേഖലയിലും കേരളം നടത്തിയ കുതിപ്പിന്റെ കാറ്റഴിച്ചുവിട്ടു യുഡിഎഫ് സർക്കാർ. ഇൗ ചുരുങ്ങിയ സമയം കൊണ്ട്, ക്ഷേമ–വികസന മേഖലകളിലെല്ലാം സംസ്ഥാനത്തെ ഇരുണ്ടകാലത്തേക്ക് തിരിച്ചു നടത്തി. കപടവാഗ്ദാനങ്ങൾ നൽകി വോട്ടർമാരെ വഞ്ചിച്ചത് മാത്രമല്ല, വീമ്പിളക്കിയ പ്രഖ്യാപനങ്ങളിൽ നിന്നെല്ലാം പിൻവാങ്ങി. കേരളത്തിന്റെ അഭിമാനമായിരുന്ന ആരോഗ്യ, വിദ്യാഭ്യാസ മേഖലകളും ലൈഫും ദുരിതാശ്വാസവുമെല്ലാം ഗതകാല സ്‌മരണകളായി. കേന്ദ്ര സർക്കാരിനു മുന്നിൽ പഞ്ചപുച്ഛമടക്കി നിൽക്കുന്ന വി ഡി സതീശനും കൂട്ടരും കേരള ജനതയ്‌ക്കാകെ അപമാനമായും മാറിയിരിക്കുന്നു. 100 നാളിലെ നെറികേടുകൾ ഓർത്തെടുക്കാം.
▶️ പരസ്യമായ ആർഎസ്എസ് പാദസേവ
അധികാരമേറിയ നിമിഷം മുതൽ ആർഎസ്എസ് പ്രീണനം പരസ്യമായി നടപ്പാക്കി.
▪️വന്ദേമാതരം മുഴുവനായി സത്യപ്രതിജ്ഞാ ചടങ്ങിൽ ആലപിച്ച് സംഘപരിവാറിനെ പ്രീതിപ്പെടുത്തിയായിരുന്നു സർക്കാർ അധികാരമേറ്റത്. ഇക്കാര്യത്തിൽ ആർഎസ്എസ് മുഖവാരിക 'ഓർഗനൈസറി'ന്റെ അഭിനന്ദനവും കിട്ടി.
▪️കേന്ദ്രനയങ്ങൾക്കെതിരെ ഒരു വാക്കുപോലും ഉച്ചരിക്കാതെയായിരുന്നു നയപ്രഖ്യാപനം.
▪️സംഘപരിവാർ അജൻഡ നടപ്പാക്കാൻ മുന്നിട്ടിറങ്ങിയ മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നിയമോപദേശം നൽകിയ കെ ജാജു ബാബുവിനെ അഡ്വക്കേറ്റ് ജനറലായി നിയമിച്ചു. സർക്കാരിനെതിരായ കേസുകളിൽ ഗവർണർക്കുവേണ്ടി ഹാജരായതും ഇതേ ജാജു ബാബുവാണ്.
▪️ബിജെപി സ്തുതി നടത്തുന്ന ഉദ്യോഗസ്ഥൻ ബി അശോകിനെ സസ്പെൻഷൻ പിൻവലിച്ച് ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയാക്കി.
▪️കീഴ്‍വഴക്കം ലംഘിച്ച് ഗവർണർ വിവിധ വകുപ്പുകളുടെ യോഗം വിളിച്ചപ്പോൾ സർക്കാർ കാഴ്ചക്കാരായി.
▪️ഉന്നതവിദ്യാഭ്യാസമേഖല കാവിവൽക്കരണത്തിന് തുറന്നിട്ടു കൊടുത്തു. വൈസ് ചാൻസലർമാരായും സെനറ്റംഗങ്ങളായും ബിജെപി നോമിനികളെ ഗവർണർ നിയമിച്ചപ്പോൾ ഒരക്ഷരം പ്രതികരിച്ചില്ല. വി സിമാർ ആർഎസ്എസ് പരിപാടികളിൽ പങ്കെടുക്കുന്നത് തുടരുമ്പോഴും സർക്കാർ മൗനത്തിലാണ്. ഗവർണറുമായി ഏറ്റുമുട്ടാനില്ലെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി റോജി എം ജോൺ തുറന്നുപറഞ്ഞു.
▪️പൊതുവിദ്യാഭ്യാസമേഖലയിൽ വർഗീയലക്ഷ്യത്തോടെയുള്ള വ്യാജവ്യാഖ്യാനങ്ങളുമായി പിഎം ശ്രീ നടപ്പാക്കാൻ തിടുക്കപ്പെടുന്നു.
▪️ആർഎസ്എസിന്റെ നിർദേശം അനുസരിച്ച്, ചുമതലയേറ്റ് 19-ാം നാൾ പൊതുവിദ്യാഭ്യാസ ഡയറക്ടറെ സ്ഥലംമാറ്റി. മെയ് 20നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറായി ആസിഫ് കെ യൂസഫിനെ നിയമിച്ചത്. ഇതിൽ വിശ്വഹിന്ദു പരിഷത് ഉൾപ്പെടെ വിമർശനം ഉന്നയിച്ചതോടെയാണ് സർക്കാർ നടപടിയെടുത്തത്.
▪️ശബരിമല സ്വർണമോഷണക്കേസിലെ പ്രതിയുടെ അഭിഭാഷകനായ കടുത്ത ആർഎസ്എസുകാരനെ ദേവസ്വം സ്പെഷ്യൽ പ്ലീഡറുടെ ഇല്ലാത്ത തസ്തികയിൽ നിയമിച്ചു. വിവാദമായതോടെ ഇയാൾക്ക് രാജിവെക്കേണ്ടിവന്നു.
▪️പിഎംഎവൈ വിഹിതം ഉപയോഗിച്ച് നിർമിക്കുന്ന വീടുകളിൽ നരേന്ദ്രമോദിയുടെ ചിത്രം വെക്കുന്നതിൽ എതിർപ്പില്ലെന്ന് കേന്ദ്രത്തെ അറിയിച്ചു. കേന്ദ്രവുമായി അനാരോഗ്യകരമായ ചർച്ചയ്ക്ക് പോകാൻ താൽപര്യമില്ലെന്നാണ് തദ്ദേശമന്ത്രി കെ എം ഷാജി പറഞ്ഞത്. വീട് ലഭിക്കുന്നവരുടെ അഭിമാനം ചോദ്യംചെയ്ത്, ബോർഡും പടവും ലോഗോയും വെക്കാൻ അനുവദിക്കില്ലെന്നായിരുന്നു എൽഡിഎഫ് സർക്കാരിന്റെ നിലപാട്.
▪️ആർഎസ്എസുകാരുടെ വഴിവിട്ട നിയമനം തകൃതിയായി നടക്കുന്നു. മുഖ്യമന്ത്രിയുടെ കുറിപ്പിൽ മാവേലിക്കര സ്വദേശിയും സജീവ ആർഎസ്എസ് പ്രവർത്തകനുമായ ഡി എസ് ശരത്തിനെ സീനിയർ ഗവ. പ്ലീഡറായി നിയമിച്ചു.
▪️ബിജെപി-, ആർഎസ്എസ് നേതാക്കൾ പ്രതികളായ കേസിൽ വഴിവിട്ട ഇടപെടൽ. കാപ്പാ കേസ് പ്രതിയും ബിജെപി കൗൺസിലറുമായ ആർ സുഗതൻ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യുന്നതിനെ എതിർത്തില്ല. വിദ്വേഷ പ്രസ്താവന നടത്തിയ ആർഎസ്എസ് പ്രചാരകൻ ടി ജി മോഹൻദാസിന് ജാമ്യം ലഭിക്കാൻ പൊലീസ് ബോധപൂർവം പിഴവ് വരുത്തി.
▪️വഖഫ് ബോർഡ് പുനസംഘടനയിൽ കേന്ദ്രസർക്കാരിന്റെ നിലപാട് ഹൈക്കോടതിയിൽ യുഡിഎഫ് സർക്കാർ അംഗീകരിച്ചു. ബോർഡിൽ അമുസ്ലീങ്ങളെയും അംഗങ്ങളാക്കണമെന്നാണ് കേന്ദ്ര വഖഫ് നിയമ ഭേദഗതി.
▶️ നുണ മാത്രം പറയുന്ന മുഖ്യമന്ത്രി
വകുപ്പു വിഭജനം മുതലിങ്ങോട്ട് മുഖ്യമന്ത്രി വി ഡി സതീശന്റെ ഓരോ പ്രസ്താവനയും നുണകൾ നിറഞ്ഞതായി. ഒരു നുണ മറയ്ക്കാൻ മറ്റൊരു നുണയെന്ന കണക്കിന് തള്ളിമറിക്കുന്ന മുഖ്യമന്ത്രി കേരളത്തിന് പരിചയമില്ലാത്തതാണ്. മുൻ നിലപാടുകളിൽ നിന്നുള്ള ഒളിച്ചോട്ടം ചോദ്യമായി ഉയരുമ്പോൾ അസ്വസ്ഥനാകുന്ന മുഖ്യമന്ത്രിയെയും കേരളം കാണുന്നു.
▪️മന്ത്രിമാരുടെ വകുപ്പുവിഭജനത്തിൽ പരാതി പറഞ്ഞ സമുദായനേതാക്കളെ അനുനയിപ്പിക്കാൻ നേരിട്ടിറങ്ങിയത് മുഖ്യമന്ത്രി തന്നെയായിരുന്നു. എന്നാൽ സമുദായനേതാക്കളുടെ തിണ്ണനിരങ്ങില്ലെന്ന പഴയ വാക്കുകൾ ചോദ്യമായപ്പോൾ, പണ്ട് താൻ അങ്ങനെ പറഞ്ഞിട്ടേയില്ലെന്നായിരുന്നു മറുപടി.
▪️വിലക്കയറ്റം രാജ്യത്ത് ഏറ്റവും കൂടുതൽ കേരളത്തിലാണെന്ന നുണ മുഖ്യമന്ത്രിയായ ശേഷം ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലും ആവർത്തിച്ചു. എന്നാൽ അപ്പോഴും കോൺഗ്രസ് ഭരിക്കുന്ന തെലങ്കാനയായിരുന്നു വിലക്കയറ്റത്തിൽ മുൻപിൽ. രണ്ടാമതാകട്ടെ കോൺഗ്രസ് തന്നെ ഭരിക്കുന്ന കർണാടകയും.
▪️തെരഞ്ഞെടുപ്പ് ഫലം വരും മുമ്പ് ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി അദാനി ഗ്രൂപ്പുമായി ചർച്ച നടത്തിയതിന് സതീശൻ വ്യക്തമായ മറുപടി നൽകിയിട്ടേയില്ല.
▪️എൽഡിഎഫ് ഭരണകാലത്ത് കേരളം പിഎം ശ്രീയിൽ പങ്കാളിയാണെന്ന നുണ പറഞ്ഞതും മുഖ്യമന്ത്രിയാണ്. എന്നാൽ കേരളത്തിൽ പദ്ധതി നടപ്പാക്കുകയോ പണം അനുവദിക്കുകയോ ചെയ്തിട്ടില്ലെന്ന് കേന്ദ്രസർക്കാർ തന്നെ വ്യക്തമാക്കി. പിഎം ശ്രീയെ തങ്ങൾ എതിർത്തിട്ടേയില്ലെന്നും മുഖ്യമന്ത്രി കള്ളം പറഞ്ഞു.
▪️കൊച്ചിയിൽ ഭാര്യാപിതാവിനെ കാണാൻ സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്ടറിൽ പോയതിനെയും ന്യായീകരിക്കാൻ നുണ തന്നെയാണ് പ്രയോഗിച്ചത്. നിക്ഷേപകരെ കാണാനാണ് കൊച്ചിക്ക് പോയതെന്നാണ് മറുപടി നൽകിയത്. ആരെയാണ് കണ്ടതെന്ന് വെളിപ്പെടുത്തിയതേയില്ല.
▪️യുഡിഎഫ് അധികാരത്തിലെത്തിയാൽ മുനമ്പം വിഷയം 10 മിനിറ്റിനകം പരിഹരിക്കാമെന്ന് പറഞ്ഞ സതീശൻ ഇതുവരെ ഇതേക്കുറിച്ച് മിണ്ടിയിട്ടില്ല.
▪️എംജി സർവകലാശാല വി സിയായി ബിജെപി നേതാവിനെ ഗവർണർ നിയമിച്ചതിൽ മൗനംപാലിച്ച മുഖ്യമന്ത്രി, വിവാദമായപ്പോൾ അതിന്റെ പഴി മുൻ സർക്കാരിന്റെ തലയിലിടാൻ ശ്രമിച്ചു. കഴിഞ്ഞ സർക്കാരാണ് വി സി പാനൽ നൽകേണ്ടിയിരുന്നതെന്നാണ് പറഞ്ഞത്. എന്നാൽ എൽഡിഎഫ് സർക്കാർ ചട്ടപ്രകാരം നൽകിയ മൂന്നംഗ പാനലിൽനിന്ന് നിയമിച്ച ഡോ. സി ടി അരവിന്ദ്കുമാറിനെ ഏകപക്ഷീയമായി നീക്കിയാണ് പുതിയ വി സിയെ നിയമിച്ചതെന്ന വസ്തുത മറച്ചുവെച്ചു.
▪️കുട്ടനാട്ടിൽ വള്ളംകളിക്ക് പ്രാദേശിക അവധി നൽകുമോയെന്ന യുഡിഎഫ് എംഎൽഎയുടെ ചോദ്യത്തിന് "പരിശോധിച്ച് നടപടി സ്വീകരിക്കു"മെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ മറുപടി നൽകിയത്. എന്നാൽ ഇതുകഴിഞ്ഞ് സെക്കന്റുകൾക്കുള്ളിൽ സഭയിൽ അടുത്തിരുന്ന പി കെ കുഞ്ഞാലിക്കുട്ടിയോട് "ഒരു കാരണവശാലും കൊടുക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് മൈക്ക് പിടിച്ചെടുത്തു.
▪️വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകിയത് എൽഡിഎഫ് സർക്കാരാണെന്ന നുണയും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ മൂന്ന് വർഷം മുൻപ് എൽഡിഎഫ് സർക്കാർ അടച്ചുവെച്ച ഫയൽ സതീശൻ മുഖ്യമന്ത്രിയായി മൂന്ന് ദിവസത്തിനുള്ളിൽ തുറക്കുകയായിരുന്നു.
▪️വ്യവസായ ഭീമൻ ടാറ്റ കേരളത്തിൽ 10,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന നുണയും തട്ടിവിട്ടു. അങ്ങനെയൊന്ന് ആലോചിച്ചിട്ട് പോലുമില്ലെന്ന് ടാറ്റ വ്യക്തമാക്കി.
▪️മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ കോ-ഓർഡിനേറ്ററെ എംഡിഎംഎയുമായി അറസ്റ്റ് ചെയ്തപ്പോഴും പലയാവർത്തി നുണ പറഞ്ഞു. നവകേരള സദസ് മുതലാണ് പിടിയിലായ ആളെ പരിചയമെന്നും സോഷ്യൽമീഡിയ ടീം ഇല്ലെന്നുമൊക്കെ സതീശൻ പറഞ്ഞു. എന്നാൽ കഴിഞ്ഞ അഞ്ച് വർഷത്തോളമായി സതീശന്റെ സോഷ്യൽ മീഡിയ ടീമിൽ പ്രവർത്തിക്കുന്നു എന്ന് ലഹരിക്കേസ് പ്രതിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഉൾപ്പെടെ പുറത്തുവന്നു. സതീശനും പ്രതിയും കെട്ടിപ്പിടിച്ചു നിൽക്കുന്ന ഫോട്ടോകൾക്ക് എണ്ണമില്ല.
▶️ യൂ ടേൺ സർക്കാർ
പറയുന്ന ഒരു നിലപാടിലും ഉറച്ചുനിൽക്കാൻ യുഡിഎഫിനാകുന്നില്ല. തെരഞ്ഞെടുപ്പിന് മുൻപ് നൽകിയ പ്രഖ്യാപനങ്ങളിൽനിന്ന് നിരന്തരം യൂടേൺ അടിക്കുന്നു.
▪️വാഹനങ്ങൾക്ക് നിയമപരമായതിലും അപ്പുറം മോഡിഫിക്കേഷൻ അനുവദിക്കുമെന്ന് വാഗ്ദാനം നൽകി വാഹനപ്രേമികളെ വഞ്ചിച്ചു. ഓരോ മോഡിഫിക്കേഷനും അയ്യായിരം വീതം പിഴ ചുമത്തണമെന്ന ഹൈക്കോടതി വിധിയോടെ ആ തള്ളിന്റെ കാറ്റും പോയി.
▪️തെരഞ്ഞെടുപ്പ് വേളയിൽ കൊട്ടിഘോഷിച്ച വയോജനക്ഷേമ വകുപ്പ് രൂപീകരണം പ്രഹസനമാക്കി. വകുപ്പ് രൂപീകരിക്കുമ്പോൾ പാലിക്കേണ്ട ചട്ടങ്ങളും നടപടിക്രമങ്ങളും പൂർണമായി കാറ്റിൽപ്പറത്തി. പ്രവർത്തനരീതിപരാമർശിക്കാതെയാണ് അടിയന്തര ഉത്തരവിറക്കിയത്.
▪️തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫിന്റെ മുഖ്യപ്രചാരണമായിരുന്നു കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര. യാതൊരു മുന്നൊരുക്കവുമില്ലാതെ ജൂൺ 15ന് തുടങ്ങിയ പദ്ധതി ഓർഡിനറി ബസുകളിൽ മാത്രമായി ഒതുക്കി. പല ഓർഡിനറി സർവീസുകളെയും സിറ്റി ഫാസ്റ്റുകളാക്കി മാറ്റി പദ്ധതിയിൽ നിന്നൊഴിവാക്കി.
▪️അധികാരത്തിലെത്തിയാൽ അറബിക്കടലിലെറിയുമെന്ന് പ്രഖ്യാപിച്ച പിഎം ശ്രീ പദ്ധതിയുടെ മുഖ്യപ്രചാരകരായി യുഡിഎഫ് മാറി. തീരുമാനം സംസ്ഥാന സർക്കാരിന്റേതാണെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടും പിന്മാറാൻ ഒരു നടപടിയുമില്ല.
▪️ആശാവർക്കർമാർക്ക് 21,000 രൂപ നൽകുമെന്ന പ്രഖ്യാപനം നടപ്പാക്കിയില്ല.
▪️കേന്ദ്രസർക്കാർ ഇന്ധനവില വർധിപ്പിക്കുമ്പോഴെല്ലാം സംസ്ഥാനം അധികവരുമാനം വേണ്ടെന്ന് വെക്കണമെന്ന് പ്രതിപക്ഷനേതാവായിരിക്കെ ആവർത്തിച്ചിരുന്ന സതീശൻ, മുഖ്യമന്ത്രിയായതോടെ മലക്കംമറിഞ്ഞു.
▪️തോട്ടപ്പള്ളിയിലെ കരിമണൽ ഖനനം അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച സതീശൻ, മുഖ്യമന്ത്രി ആയതോടെ ഖനനത്തിന് സ്വകാര്യമേഖലയ്ക്ക് അനുമതി നൽകി.
▪️എൽഡിഎഫ് സർക്കാർ അവയവദാനത്തിന് ഉൾപ്പെടെ വാടകയ്ക്ക് ഹെലികോപ്ടർ ഉപയോഗിച്ചതിനെ ധൂർത്ത് എന്നായിരുന്നു യുഡിഎഫ് ആക്ഷേപിച്ചത്. എന്നാൽ മുഖ്യമന്ത്രി സതീശൻ കൊച്ചിയിൽ ഭാര്യാപിതാവിനെ കാണാനും കുടകിൽ യൂത്ത് കോൺഗ്രസ് നേതാവിന്റെ വിവാഹച്ചടങ്ങിനു പോകാനും ഇതേ ഹെലികോപ്ടർ ഉപയോഗിച്ചു.
▶️ പൊതുഖജനാവിനെ തകർക്കുന്ന ധൂർത്ത്
▪️എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഖജനാവിൽ പൂച്ചപെറ്റുകിടക്കുകയാണെന്നായിരുന്നു സതീശന്റെ പരിഹാസം. എന്നാൽ 2025–-26 സാമ്പത്തിക വർഷം മാർച്ചിൽ 6,322 കോടി രൂപ ഖജനാവിൽ മിച്ചമുണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ വെച്ച ധവളപത്രം ചൂണ്ടിക്കാട്ടുന്നു.
▪️ചെലവുചുരുക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ സർക്കാർ ആദ്യദിനം തന്നെ മന്ത്രിമന്ദിരങ്ങൾ മോടിപിടിപ്പിക്കാൻ 3.96 കോടി രൂപ അനുവദിച്ചു.
▶️ നിയമനവിവാദം
അടിമുടി ദുരൂഹവും സ്വജനപക്ഷപാതവും നിറഞ്ഞതാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ നിയമനങ്ങൾ
▪️ കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് നിയന്ത്രിച്ച ഉദ്യോഗസ്ഥൻ രത്തൻ യു ഖേൽക്കറെ തന്റെ സെക്രട്ടറിയായി മുഖ്യമന്ത്രി നിയമിച്ചതിൽ ദുരൂഹത തുടരുകയാണ്.
▪️ ശബരിമല സ്വർണമോഷണക്കേസിൽ പ്രതിഭാഗം അഭിഭാഷകനെ ദേവസ്വം വക്കീലായി നിയമിച്ചു. മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും ന്യായീകരിക്കാൻ പല തവണ ശ്രമിച്ചെങ്കിലും പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയർത്തിയതോടെ പിന്മാറി.
▪️വൈദ്യുതിമന്ത്രി സണ്ണി ജോസഫ്, ഭാര്യാ സഹോദരനെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു. ബന്ധുനിയമനം ആവർത്തിക്കാൻ മറ്റ് മന്ത്രിമാരും ഒരുങ്ങിയതോടെ കോൺഗ്രസിലും കലഹമായി. പിന്നാലെ സണ്ണി 'അളിയനെ' ഒഴിവാക്കി.
▪️ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ സ്റ്റാഫ് നിയമനവും വിവാദത്തിലായി. സോഷ്യൽമീഡിയയിൽ ബിജെപി അനുകൂല കുറിപ്പുകളെഴുതുന്ന ഏഷ്യാനെറ്റ് ന്യൂസ് ലേഖകനെയാണ് ചെന്നിത്തല പ്രൈവറ്റ് സെക്രട്ടറിയാക്കിയത്. വീട്ടിൽനിന്ന് കഞ്ചാവ് പിടിച്ചെടുക്കപ്പെട്ട പത്തനംതിട്ടയിലെ യൂത്ത് കോൺഗ്രസ് നേതാവിനെ പേഴ്സണൽ അസിസ്റ്റന്റ് ആക്കാനും ചെന്നിത്തല ശ്രമം നടത്തി.
▪️വനംവകുപ്പിനെതിരെ കേസ് നൽകിയ ആളെ വനംമന്ത്രി ഷിബു ബേബി ജോണിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയാക്കി.
▶️ ആകെ തരിപ്പണമാക്കി
▪️അധികാരത്തിലെത്തി മൂന്നാംനാൾ മുതൽ ദുർബലവിഭാഗങ്ങൾക്കു നേരെ പൊലീസിനെ ഉപയോഗിച്ച് അതിക്രമം നടത്തുകയായിരുന്നു സർക്കാർ. എറണാകുളം പാരിയത്തുകാവിൽ കുടിയൊഴിപ്പിക്കലിനെതിരെ സമരം ചെയ്ത പട്ടികജാതി കുടുംബങ്ങളെ ക്രൂരമായി മർദിച്ചു.
▪️എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച സ്ത്രീ സുരക്ഷാ പദ്ധതി നിർത്തലാക്കി. 31 ലക്ഷത്തിലധികം സ്ത്രീകൾക്ക് 3720 കോടിയുടെ സാമ്പത്തിക സഹായമാണ് ഇല്ലാതാക്കിയത്. ഗുണഭോക്താക്കളിൽ 16 ലക്ഷത്തിലധികവും വീട്ടമ്മമാരായിരുന്നു.
▪️പ്രവാസി ക്ഷേമനിധി പെൻഷൻ മുടക്കി. വിവാഹ ധനസഹായത്തിനും ചികിത്സാ സഹായത്തിനുമുള്ള അപേക്ഷകൾ കെട്ടിക്കിടക്കുന്നു.
▪️പകർച്ചവ്യാധി പ്രതിരോധം പാളി. മഴക്കാലപൂർവ ശുചീകരണം നടത്താനും മുൻകരുതൽ കൈക്കൊണ്ടില്ല.
▪️അധികാരത്തിലെത്തി ഒരുമാസം പിന്നിടും മുൻപേ കേരളത്തെ ഇരുട്ടിലാക്കി. 10 വർഷവും പവർകട്ടില്ലാതെ കേരളത്തിന് വെളിച്ചം നൽകിയ നേട്ടത്തെ പാടേ തകർത്തു. യാതൊരു മുന്നറിയിപ്പുമില്ലാതെ പവർകട്ട് ഏർപ്പെടുത്തുകയാണ്.
▪️അഞ്ചുവർഷ ശമ്പളപരിഷ്കരണം അട്ടിമറിച്ചു. ലീവ് സറണ്ടർ ഇല്ലാതാക്കി. സ്ഥലമാറ്റ മാനദണ്ഡങ്ങളും അട്ടിമറിച്ചു.
▪️അഞ്ചുലക്ഷം കുടുംബങ്ങൾക്ക് വീടൊരുക്കിയ ലൈഫ് ഭവന പദ്ധതി നിർത്തലാക്കുന്നു.
▪️ജീവനക്കാരുടെ ചട്ടവിരുദ്ധ സ്ഥലം മാറ്റം എതിർത്തതിന് പ്രതികാരമായി ആരോഗ്യവകുപ്പ് ഡയറക്ടറെ തരംതാഴ്ത്തി. ഇത് ആരോഗ്യവകുപ്പിന്റെ പ്രവർത്തനം താളംതെറ്റിച്ചു.
▪️യുഡിഎഫ് കാലത്ത് പതിവായിരുന്ന നിയമനനിരോധനവും റാങ്ക് പട്ടികകളുടെ കാലാവധി നീട്ടലും ആവർത്തിക്കുമോയെന്ന ആശങ്കയിലാണ് ഉദ്യോഗാർഥികൾ. ആഗസ്ത് 31 ന് അവസാനിക്കുന്ന വിവിധ റാങ്ക് പട്ടികകളുടെ കാലാവധി നീട്ടിയത് ഇതിന്റെ തുടക്കമാണോ എന്ന സംശയമുണ്ട്.
▪️പിഎസ്‍സി നിയമനം അട്ടിമറിക്കാൻ നീക്കം. ഒഴിവുകളിൽ കോൺഗ്രസ് അനുഭാവികളെ തിരുകിക്കയറ്റി.
▪️വലതുപക്ഷ യൂണിയനുകളുടെ ലെറ്റർപാഡിലെഴുതിയ നിർദേശത്തിന്റെ പേരിൽ മാത്രം പ്രഗത്ഭരായ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുന്നു. ഇത് വിവിധ വകുപ്പുകളുടെ പ്രവർത്തനം താളംതെറ്റിക്കുന്നു.
▪️അതിവേഗ റെയിൽ എന്ന കേരളത്തിന്റെ സ്വപ്നം തകർത്ത്, സിൽവർ ലൈൻ പദ്ധതി ആദ്യ മന്ത്രിസഭായോഗത്തിൽ തന്നെ ഉപേക്ഷിച്ചു.
▪️ആദിവാസി വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയാനും പഠനപിന്തുണ നൽകാനും എൽഡിഎഫ് സർക്കാർ നിയമിച്ച 297 മെന്റർ അധ്യാപകരെ പിരിച്ചുവിട്ടു.
▪️കെഎസ്ആർടിസി, വാട്ടർ അതോറിറ്റി, കെഎസ്ഇബി ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിലെന്ന് സ്ഥാപിച്ച് സബ്ഡിസി നിർത്തലാക്കാൻ നീക്കം.
▪️ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് കുറഞ്ഞനിരക്കിലും ഇന്റർനെറ്റ് സേവനം നൽകിയിരുന്ന കെ ഫോൺ പദ്ധതി സ്വകാര്യവത്കരിക്കാൻ നീക്കം.
▪️ഉന്നതവിദ്യാഭ്യാസമേഖലയിലേക്ക് വിദ്യാർഥികളെ കൈപിടിച്ചുയർത്താൻ ബിരുദതലം വരെ വിദ്യാഭ്യാസം സൗജന്യമാക്കിയ എൽഡിഎഫ് സർക്കാരിന്റെ തീരുമാനം അട്ടിമറിച്ചു.
▪️മിഷൻ സമുദ്ര എന്ന പേരിൽ തുറമുഖങ്ങൾ സ്വകാര്യമേഖലയ്ക്ക് തുറന്നിടുന്നു.
▪️കേരളതീരത്തെ അപൂർവ ധാതുസമ്പത്ത് കൊള്ളയടിക്കാൻ കോർപറേറ്റുകൾക്ക് അവസരം നൽകുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ തീരപ്രദേശം അദാനി ഉൾപ്പെടെ വമ്പൻ സ്വകാര്യ കമ്പനികൾക്ക് വിട്ടുകൊടുത്തു.
▪️വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകി. വൻകിട കമ്പനിയായ ബക്കാഡി സർക്കാരിന് നൽകിയ അപേക്ഷയിലാണ് അതിവേഗ തീരുമാനം.
▪️കൺസഷൻ കരാറിന് വിരുദ്ധമായി വിഴിഞ്ഞം തുറമുഖത്തിന്റെ 49 ശതമാനം ഓഹരി ഭീമൻ കപ്പൽ കമ്പനിയായ എംഎസ്‍സിക്ക് നൽകാനുള്ള നീക്കത്തിൽ ഗുരുതരമായ നിഷ്ക്രിയത്വം കാണിച്ചു. തുറമുഖത്തിന്റെ സിഎംഡി സ്ഥാനത്തുനിന്ന് ദിവ്യ എസ് അയ്യരെ നീക്കിയത് അദാനിക്കു വേണ്ടിയെന്ന് വിമർശനം.
▪️തദ്ദേശസ്ഥാപനങ്ങളുടെ ബജറ്റ് വിഹിതം വെട്ടിക്കുറച്ചു. അംഗീകാരം ലഭിച്ച പദ്ധതികൾ പോലും ആരംഭിക്കാനാകുന്നില്ല.
▪️കുടുംബശ്രീയിലും പ്രതിസന്ധി. ജീവനക്കാരെ പിരിച്ചുവിടുന്നു. ശമ്പളവും തടഞ്ഞു.
▪️ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷം. തദ്ദേശസ്ഥാപനങ്ങൾ ഫണ്ട് നൽകുന്നില്ല.
▪️മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള ചികിത്സാസഹായ വിതരണത്തിന് പൂട്ട്. ഓൺലൈൻ സംവിധാനം അവസാനിപ്പിച്ച് വെള്ളക്കടലാസിൽ അപേക്ഷ സ്വീകരിച്ച് പണം നൽകുന്ന രീതിക്ക് സർക്കാർ തുടക്കമിട്ടു. കമീഷൻ രാജ് നടപ്പാക്കാനാണ് ഈ നീക്കമെന്ന് ആക്ഷേപം ശക്തം.
▪️കെഎസ്ആർടിസിയിൽ ഇരുന്നൂറിലേറെ താൽകാലിക ജീവനക്കാരെ പിരിച്ചുവിട്ടു.
▪️കാലവർഷക്കെടുതിയിൽ കൃഷി നശിച്ചവർക്കും വീട് തകർന്നവർക്കും സർക്കാരിന്റെ സാമ്പത്തികസഹായം ഏറെ വൈകുന്നു.
▪️കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താൻ സർക്കാർ ഇടപെടലുണ്ടായില്ല. നീണ്ടകരയിൽനിന്ന് ഗൗതം കൃഷ്ണ, വിഴിഞ്ഞഞ്ഞുനിന്ന് ജോൺ മത്യാസ്, മുതലപ്പൊഴിയിൽനിന്ന് ഷിജിൻ എന്നിവരെ ഇനിയും കണ്ടെത്താനുണ്ട്. ഇവർക്കായുള്ള തെരച്ചിൽപോലും കാര്യക്ഷമമല്ലെന്ന് കുടുംബം പരാതിപ്പെട്ടു.
▪️ഓണപ്പരീക്ഷ കഴിഞ്ഞിട്ടും പകുതിയോളം കുട്ടികൾക്ക് സൗജന്യ യൂണിഫോം കിട്ടിയില്ല.
▪️സർക്കാർ ഇടപെടലില്ലാത്തതിനാൽ ഓണക്കാലത്ത് വിപിണയിൽ വില കുതിച്ചുയരുന്നു. പ്രഖ്യാപിച്ച ആനുകൂല്യങ്ങളില്ല. കഴിഞ്ഞ ഓണത്തിന് 20,000 കോടി രൂപയാണ് ആനുകൂല്യങ്ങൾക്ക് എൽഡിഎഫ് സർക്കാർ ചെലവിട്ടത്. രണ്ടുമാസത്തെ ക്ഷേമപെൻഷൻ 3200 രൂപ ഒരുമിച്ചു നൽകി. ഇത്തവണ വിതരണംചെയ്‌തത് ഒരു മാസത്തേത് മാത്രം.










0 comments