മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ഗുര്‍മീത് റാം റഹീം സിങ്ങിനെ വെറുതെവിട്ടു

ഗുര്‍മീത് റാം റഹീം സിങ്ങ്
ചണ്ഡീഗഡ് : മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിനെ പഞ്ചാബ്-ഹരിയാന ഹൈക്കോടതി വെറുതെവിട്ടു. 2002 ല്‍ ഹരിയാനയിലെ 'പുരാ സച്ച്' പത്രത്തിലെ മാധ്യമപ്രവര്‍ത്തകനായ രാം ചന്ദര്‍ ഛത്രപതിയെ കൊലപ്പെടുത്തിയ കേസില്‍, സിബിഐ കോടതി ഗുര്‍മീത് റാം റഹീം സിങ്ങിനെ ജീവപര്യന്തം തടവിന് വിധിച്ചിരുന്നു. ഏഴ് വര്‍ഷത്തിന് ശേഷം ശിക്ഷ റദ്ദാക്കിയാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്.
ജീവപര്യന്തം ശിക്ഷ ചോദ്യം ചെയ്ത് ഗുര്‍മീത് റാം റഹീം സിങ്ങ് കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. 2002 ല്‍ പൊലീസ് സമര്‍പ്പിച്ച ആദ്യ കുറ്റപത്രത്തില്‍ തന്‍റെ പേര് ഉണ്ടായിരുന്നില്ലെന്നും ഗുര്‍മീത് വാദിച്ചു. ദേര ആസ്ഥാനത്തെ ലൈംഗിക അതിക്രമങ്ങള്‍ പുറത്തുകൊണ്ടുവന്നതിന് പിന്നാലെയാണ് രാം ചന്ദര്‍ ഛത്രപതി കൊല്ലപ്പെടുന്നത്. കേസില്‍ 2019 ലാണ് പഞ്ച്കുളയിലെ പ്രത്യേക സിബിഐ കോടതി ഗുര്‍മീത് റാം റഹീം ഉള്‍പ്പെടെ നാല് പ്രതികളെ ജീവപര്യന്തം തടവിന് വിധിച്ചത്.
രണ്ട് അനുയായികളെ ബലാത്സംഗം ചെയ്ത കേസില്‍ ശിക്ഷ അനുഭവിക്കുകയാണ് നിലവില്‍ ഗുര്‍മീത് റാം റഹീം. പഞ്ചാബ്-ഹരിയാന തെരഞ്ഞെടുപ്പ് ഘട്ടങ്ങളില്‍ ഗുര്‍മീത് റാം റഹീം പരോളിനിറങ്ങിയത് വലിയ വിവാദമായിരുന്നു.










0 comments