print edition ഇറച്ചി വിൽപ്പന : ഗുജറാത്തിൽ 3 യുവാക്കൾക്ക് ജീവപര്യന്തം

രാജ്‌കോട്ട്
ഹിന്ദുമതവിശ്വാസത്തെ മാനിക്കാതെ പശു ഇറച്ചി വിറ്റെന്ന കേസിൽ മൂന്നുപേർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് ഗുജറാത്ത് കോടതി. 6.08 ലക്ഷം രൂപ പിഴയും ചുമത്തി. മോത്ത കട്ക്കിവാഡ് സ്വദേശികളായ കാസിം സോളങ്കി (20), സത്താർ സോളങ്കി (20), അക്രം സോളങ്കി(30) എന്നിവരെയാണ് രാജ്‌കോട്ട് പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. പശുവിനെ കശാപ്പ് ചെയ്യുന്നത് ഗുരുതര കുറ്റമാക്കി 2017ല്‍ ഭേദഗതിവരുത്തിയ സംസ്ഥാന നിയമപ്രകാരം മൂന്നുപേര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷിക്കപ്പെടുന്ന ഗുജറാത്തിലെ ആദ്യ കേസാണിത്.
2023 നവംബറിലാണ് കേസിനാസ്‌പദമായ സംഭവം. പശുവിനെ കശാപ്പ് ചെയ്‌തെന്ന പൊലീസുകാരന്റെ പരാതിയിലാണ് കേസെടുത്തത്. 40 കിലോ മാംസവും അറവുകത്തികളും വാഹനങ്ങളും മൂവരിൽനിന്നും പിടിച്ചെടുത്തതായി പറയുന്നു. എന്നാല്‍ പിടിച്ചെടുത്ത മാസാവശിഷ്‌ടങ്ങള്‍ക്ക് ഇവരുമായി ബന്ധം സ്ഥാപിക്കുന്ന സ്വതന്ത്ര സാക്ഷികളെ പൊലീസ് ഹാജരാക്കിയിട്ടില്ലെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടി.
നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ 2011ലാണ് ഗുജറാത്തില്‍ ഗോവധ നിരോധന നിയമം കൊണ്ടുവന്നത്. പരമാവധി ശിക്ഷ ഏഴ് വർഷം തടവിൽ നിന്ന് ജീവപര്യന്തമായി ഉയർത്തി 2017-ൽ നിയമം ഭേദഗതി ചെയ്‌തു.









0 comments