print edition പണമില്ലേ... പഠിക്കണ്ട

അഹമ്മദാബാദ് കോർപറേഷന്റെ അടച്ചുപൂട്ടിയ സ്‍കൂളിനുമുന്നിലൂടെ സ്വകാര്യ സ്‍കൂളിലേക്ക് പോകുന്ന കുട്ടി
അഹമ്മദാബാദ്: നഗരഹൃദയത്തിലെ കാലുപുരിൽ കോർപറേഷൻ നടത്തിയിരുന്ന എട്ടാംനന്പർ സ്‌കൂൾ അടച്ചിട്ട് ഏഴ് വർഷം. ഒന്നു മുതൽ എട്ട് വരെയുള്ള ക്ലാസുകളിൽ നൂറുകണക്കിന് വിദ്യാർഥികൾ പഠിച്ചിരുന്ന സ്‌കൂൾ ഇപ്പോൾ മുപ്പതിലേറെ കുഞ്ഞുങ്ങളുള്ള അങ്കണവാടി. പതിറ്റാണ്ടുകൾ പഴക്കമുള്ള സ്‌കൂൾകെട്ടിടത്തിൽ അറ്റകുറ്റപ്പണി നടത്തിയിട്ട് വർഷങ്ങളായി.
ഓരോദിവസവും പേടിച്ചാണ് കഴിയുന്നതെന്ന് അങ്കണവാടി ഹെൽപ്പർ ‘ദേശാഭിമാനി’യോട് പറഞ്ഞു.കഴിഞ്ഞദിവസം കുട്ടികൾ ശുചിമുറിയിൽ പോയപ്പോൾ മേൽക്കൂരയിലെ കോൺക്രീറ്റിന്റെ ഒരുഭാഗം അടർന്നുവീണു. ഭാഗ്യവശാൽ ആർക്കും അപായമുണ്ടായില്ല. കിണർ വൃത്തിയാക്കാത്തതിനാൽ കുടിവെള്ളത്തിന് വഴിയില്ല.
സ്വന്തം കൈയിൽനിന്ന് പണമെടുത്താണ് മിനറൽവാട്ടർ വാങ്ങുന്നതെന്നും ഹെൽപ്പർ പറഞ്ഞു. ഗുജറാത്തിലെ പൊതുവിദ്യാഭ്യാസമേഖലയുടെ നഖചിത്രമാണ് കാലുപുരിലെ ഇൗ പഴഞ്ചൻ സ്‌കൂൾകെട്ടിടം. പൊതുവിദ്യാലയങ്ങൾ ഓരോന്നായി അടച്ചുപൂട്ടുന്പോൾ സ്വകാര്യ സ്‌കൂളുകൾ കൂണുപോലെ പൊട്ടിമുളയ്‌ക്കുന്നു. ബിജെപി നേതാക്കൾക്ക് പ്രത്യക്ഷ, പരോക്ഷ ബന്ധമുള്ളവരാണ് സ്വകാര്യ പ്രൈവറ്റ് സ്‌കൂൾ മാനേജ്‌മെന്റുകളിൽ അധികവും.
പാവപ്പെട്ട കുടുംബങ്ങളുടെ വിയർപ്പും രക്തവും ഉൗറ്റി മാനേജ്‌മെന്റുകൾ തഴച്ചുവളരുന്നു. കാലുപുരിലെ സ്‌കൂൾ അങ്കണവാടിയായെങ്കിൽ റിലീഫ് റോഡിലെ കോർപറേഷന്റെ മറ്റൊരു സ്‌കൂൾ ഇന്ന് സിവിക് സെന്ററാണ്. ഇവിടെയും ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളാണ് ഉണ്ടായിരുന്നത്. പൊതുവിദ്യാലയങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടങ്ങൾ അറ്റകുറ്റപ്പണി നടത്താതെയും അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കാതെയും അപകടാവസ്ഥയിലാക്കിയ ശേഷം ആ പേര് പറഞ്ഞ് അടച്ചുപൂട്ടുന്നത് ഗുജറാത്തിൽ പതിവാണ്.
പൂട്ടിയ സ്‌കൂളുകളിലെ വിദ്യാർഥികൾക്ക് സമീപമുള്ള മറ്റേതെങ്കിലും പൊതുവിദ്യാലയത്തിൽ പ്രവേശനത്തിന് വഴിയൊരുക്കാറില്ല. ഗത്യന്തരമില്ലാതെ ആ കുട്ടികൾ സ്വകാര്യസ്‌കൂളുകളിൽ അഭയം തേടും. അഹമ്മദാബാദ് നഗരത്തിൽ ഓട്ടപ്രദക്ഷിണം നടത്തിയാൽ തന്നെ സ്വകാര്യസ്‌കൂളുകളുടെ ബാഹുല്യം മനസ്സിലാകും.
വർഷം 70,000 മുതൽ നാല് ലക്ഷം വരെ ഫീസ് വാങ്ങുന്ന സ്‌കൂളുകൾ ഇക്കൂട്ടത്തിലുണ്ട്. ഫീസിന് പുറമേ വാഹനം, ട്യൂഷൻ തുടങ്ങി പല ഇനങ്ങളിൽ പിന്നെയും പതിനായിരങ്ങൾ പൊടിക്കണം. തങ്ങൾക്ക് കിട്ടാത്ത വിദ്യാഭ്യാസം മക്കൾക്ക് കിട്ടണമെന്ന നിർബന്ധബുദ്ധിയോടെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരും സ്വകാര്യ സ്‌കൂളുകളുടെ കെണിയിൽ കുടുങ്ങുന്നു. എട്ടുവർഷത്തിനിടെ ഗുജറാത്തിൽ 600 ഓളം പൊതുവിദ്യാലയങ്ങളാണ് പൂട്ടിയത്. വരുംവർഷങ്ങളിൽ 5,912 സ്‌കൂളുകൾ കൂടി പൂട്ടാനുള്ള നീക്കങ്ങളും സജീവമാക്കിയിട്ടുണ്ട്.
നിലവിലുള്ള സ്‌കൂളുകളുടെ അവസ്ഥയും പരിതാപകരം. അധ്യാപകരെ നിയമിക്കാത്തതും പൊതുവിദ്യാഭ്യാസമേഖലയിലെ പ്രതിസന്ധി രൂക്ഷമാക്കുന്നു. ഗുജറാത്തിലെ 1606 സ്‌കൂളുകളിൽ എല്ലാ ഗ്രേഡുകളിലും ഒരു ടീച്ചർ മാത്രം. പലയിടങ്ങളിലും ഒന്ന് മുതൽ എട്ട് വരെയുള്ള ക്ലാസുകളിലെ എല്ലാ കുട്ടികളെയും ഇവർ പഠിപ്പിക്കണം. ആദിവാസി മേഖലകളിലും ഉൾപ്രദേശങ്ങളിലും സ്‌കൂളുകൾ കൂട്ടത്തോടെ അടയ്‌ക്കുന്നുണ്ട്.










0 comments