Deshabhimani

ഗുജറാത്തിൽ ഫാർമസ്യൂട്ടിക്കൽ ഫാക്ടറിയിൽ സ്ഫോടനം; അഞ്ച് തൊഴിലാളികൾക്ക് ദാരുണാന്ത്യം

gujarat

ഗുജറാത്തിലെ ബറൂച്ച് ജില്ലയിൽ ഫാർമസ്യൂട്ടിക്കൽ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ അഞ്ച് തൊഴിലാളികൾ മരിച്ചു

വെബ് ഡെസ്ക്

Published on Oct 17, 2026, 02:54 PM | 1 min read

ഗാന്ധിനഗർ: ഗുജറാത്തിലെ ബറൂച്ച് ജില്ലയിൽ ഫാർമസ്യൂട്ടിക്കൽ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ അഞ്ച് തൊഴിലാളികൾ മരിച്ചു. അഞ്ചുപേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി പത്തോടെയാണ് സായ്ഖയിലെ ഗുജറാത്ത് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (ജിഐഡിസി) മേഖലയിലുള്ള സിൻസീൽ ഫാർമകെം ഫാക്ടറിയിൽ അപകടമുണ്ടായത്.


മരിച്ച അഞ്ചുപേരിൽ നാലുപേരെ തിരിച്ചറിഞ്ഞു. വാഗ്ര സ്വദേശിയും ഷിഫ്റ്റ് ഇൻചാർജുമായ ജയ്ദീപ് പട്ടേൽ (27), അനികേത്കുമാർ ഹരികിഷോർ (24), അർജുൻ രാംസിങ് ഗൗതം (20), വൃന്ദ് താലവിയ എന്നിവരാണ് തിരിച്ചറിഞ്ഞവർ.


സ്ഫോടനത്തിന്റെ ശബ്ദം 15 കിലോമീറ്റർ അകലെ വരെ കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. സ്ഫോടനത്തെത്തുടർന്ന് മെത്തിലിൻ ഡൈക്ലോറൈഡ് വാതകം ചോർന്നതും അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചു. ഹൈഡ്രജനേഷൻ പ്രക്രിയയ്ക്കിടെയാണ് സ്ഫോടനമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.


സ്ഫോടനത്തിന്റെ ആഘാതത്തിൽ ഫാക്ടറിയിലെ റിയാക്ടർ ടാങ്ക് തകർന്നു. യന്ത്രങ്ങളുടെ ഭാഗങ്ങൾ ഫാക്ടറി പരിസരത്ത് ചിതറിത്തെറിച്ചു. അപകടത്തിൽ പരിക്കേറ്റ ബിഹാർ, ഉത്തർപ്രദേശ് സ്വദേശികളായ അഞ്ചുപേർ ചികിത്സയിലാണ്.


സംഭവത്തെത്തുടർന്ന് ഗുജറാത്ത് മലിനീകരണ നിയന്ത്രണ ബോർഡ്, വ്യവസായ സുരക്ഷാ-ആരോഗ്യ ഡയറക്ടറേറ്റ്, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ ഫാക്ടറിയിലെത്തി പരിശോധന നടത്തി. സ്ഫോടനത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home