ബംഗ്ലാദേശിൽ ബീച്ച് റിസോർട്ടിൽ തീപിടിത്തം; 10 മരണം

ധാക്ക : ബംഗ്ലാദേശിൽ കോക്സ് ബസാറിലുള്ള ബീച്ച് റിസോർട്ടിൽ തീപിടിത്തത്തിൽ 10 മരണം. ഒമ്പത് പേർക്ക് പരിക്കേറ്റു. ശനി രാവിലെ 6.30ഓടെയാണ് അപകടമുണ്ടായത്. കോക്സ് ബസാറിലെ ഇനാനിയിലുള്ള ടുപ്ടുപ് റെസ്റ്റോ ആൻഡ് റിസോർട്ടിലാണ് തീപിടിത്തമുണ്ടായതെന്ന് ഉഖിയ പൊലീസ് സ്റ്റേഷൻ മേധാവി മുഹമ്മദ് അതീഖുർ റഹ്മാൻ മജുംദർ വ്യക്തമാക്കി. മറൈൻ ഡ്രൈവിൽ പട്വാർടെക് ബീച്ചിന് സമീപമാണ് റിസോർട്ട് സ്ഥിതി ചെയ്യുന്നത്.
പത്ത് പേർ മരിച്ചതായും ഒമ്പത് പേർക്ക് പരിക്കേറ്റതായും ഫയർ സർവീസ് വക്താവ് തൽഹ ബിൻ ജാസിം സ്ഥിരീകരിച്ചു. പരിക്കേറ്റ ഒമ്പത് പേരെ കോക്സ് ബസാർ സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ബിഡി ന്യൂസ് 24 റിപ്പോർട്ട് ചെയ്തു. മുളയും മരവും ഉപയോഗിച്ച് നിർമിച്ച മൂന്നുനില കെട്ടിടം തീപിടിത്തത്തിൽ പൂർണമായും കത്തിനശിച്ചു. അപകടസമയത്ത് റിസോർട്ടിൽ ഏകദേശം 30 പേരുണ്ടായിരുന്നതായാണ് റിപ്പോർട്ട്. അഞ്ചു പേർ രക്ഷപ്പെട്ടതായി വിവരമുണ്ട്. മറ്റുള്ളവർക്കായി തെരച്ചിൽ തുടരുകയാണ്.
അഞ്ചുപേർക്ക് ശരീരത്തിന്റെ അഞ്ച് ശതമാനത്തോളം പൊള്ളലേറ്റതായി ആശുപത്രി അധികൃതർ അറിയിച്ചു. വീണ് പരിക്കേറ്റ ഒരാളെ പ്രഥമശുശ്രൂഷ നൽകിയശേഷം വിട്ടയച്ചു. ഇതുവരെ ആറ് മൃതദേഹങ്ങൾ കണ്ടെടുത്തതായി കോക്സ് ബസാർ ഡെപ്യൂട്ടി കമീഷണർ എ മന്നാൻ അറിയിച്ചു. മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകുന്നതിന് മുൻപായി ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. റിസോർട്ടിലെ അടുക്കളയിൽ നിന്നാകാം തീ പടർന്നതെന്ന് സംശയിക്കുന്നതായും അന്വേഷണത്തിനുശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂവെന്ന് അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ അഗ്നിരക്ഷാസേനയും അന്വേഷണം ആരംഭിച്ചു.








0 comments