ജന്മദിനം ആഘോഷിക്കണം, ബൈക്ക് വാങ്ങണം; സ്വര്ണമാലയ്ക്കായി 17കാരനെ കുത്തിക്കൊന്ന ശേഷം കത്തിച്ച് സുഹൃത്തുക്കൾ

താനെ: ജന്മദിനം ആഘോഷിക്കാനും ബൈക്ക് വാങ്ങാനും പണം കണ്ടെത്തുന്നതിനായി രണ്ട് പ്രായപൂർത്തിയാകാത്ത കുട്ടികൾ ചേർന്ന് 17കാരനായ സുഹൃത്തിനെ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. സ്വർണമാല തട്ടിയെടുക്കുന്നതിനാണ് പ്രജ്യോത് കാംബ്ലെ എന്ന കൗമാരക്കാരനെ സുഹൃത്തുക്കൾ കൊലപ്പെടുത്തിയത്. ശേഷം മൃതദേഹം കത്തിച്ചുകളയുകയും ചെയ്തു.
താണെയിലെ ആസാദ് നഗർ സ്വദേശിയായ പ്രജ്യോത്തിനെ സെപ്റ്റംബർ 24-ന് വൈകുന്നേരം 7 മണിയോടെ കാണാതാവുകയായിരുന്നു. തുടർന്ന് പിതാവിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്തപ്പോൾ, പ്രജ്യോത് മറ്റൊരു കുട്ടിയോടൊപ്പം ഘോദ്ബന്ദർ ഭാഗത്തേക്ക് പോയെന്ന തരത്തിൽ സുഹൃത്തുക്കളിൽ ഒരാൾ പൊലീസിന് മൊഴി നൽകി.
എന്നാൽ വഴിയിലുണ്ടായിരുന്ന 80ഓളം സിസിടിവി ക്യാമറകൾ പൊലീസ് പരിശോധിച്ചതോടെ സുഹൃത്തിന്റെ മൊഴി വ്യാജമാണെന്ന് തെളിഞ്ഞു. തുടർന്ന് നടത്തിയ ശക്തമായ ചോദ്യം ചെയ്യലിൽ കൊലപാതക വിവരം പുറത്തുവരികയായിരുന്നു. പ്രജ്യോത് ധരിച്ചിരുന്ന സ്വർണമാല സ്വന്തമാക്കാനാണ് സുഹൃത്തുക്കൾ പദ്ധതിയിട്ടത്. ഇതിലൊരാൾക്ക് ജന്മദിനം ആഘോഷിക്കണമായിരുന്നു, മറ്റൊരാൾക്ക് ബൈക്ക് വാങ്ങണമായിരുന്നു.
സെപ്റ്റംബർ 24ന് സിഗരറ്റ് വലിക്കാമെന്ന് പറഞ്ഞ് ഇരുവരും ചേർന്ന് പ്രജ്യോത്തിനെ താണെയിലെ ആൾപ്പെരുപ്പമില്ലാത്ത ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെവച്ച് അവർ കത്തികൊണ്ട് കുത്തുകയും കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയും ചെയ്തു.
തെളിവുകൾ നശിപ്പിക്കുന്നതിനായി മൃതദേഹത്തിന്മേൽ പെട്രോൾ ഒഴിച്ച് കത്തിച്ചു.
പൊലീസിനെ വഴിതെറ്റിക്കാൻ പ്രജ്യോത്തിന്റെ മൊബൈൽ ഫോൺ ഒരു ബസ്സിലേക്ക് വലിച്ചെറിയുകയും ചെയ്തു. എങ്കിലും സിസിടിവി പരിശോധനയിലൂടെയും സാങ്കേതിക തെളിവുകളിലൂടെയും പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു. പ്രായപൂർത്തിയാകാത്ത രണ്ട് പ്രതികളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അവർ കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു.








0 comments