ഡൽഹിയിൽ നിയന്ത്രണംവിട്ട ട്രക്ക് ബൈക്കുകളിലിടിച്ചു; ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

ന്യൂഡൽഹി: തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ ദ്വാരകയിൽ അമിതവേഗത്തിലെത്തിയ ട്രക്ക് രണ്ട് ബൈക്കുകളിലിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. ശനിയാഴ്ച പുലർച്ചെ 12.45ന് സെക്ടർ 18ലെ ക്രസന്റ് അപ്പാർട്ട്മെന്റ് ജങ്ഷന് സമീപമായിരുന്നു അപകടം.
ഗൗരവ് എന്നയാളാണ് മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഗൗരവിനെ ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഹിതേഷ് (18), ഹർഷിത് (20), ധ്രുവ് (23) എന്നിവർക്കാണ് പരിക്കേറ്റത്. ഹിതേഷിനെയും ഹർഷിതിനെയും ആദ്യം ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി മറ്റ് ആശുപത്രികളിലേക്ക് മാറ്റി. ധ്രുവിനെ മാക്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില കാരണം മൊഴി രേഖപ്പെടുത്താനായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
അപകടവുമായി ബന്ധപ്പെട്ട് ട്രക്ക് ഡ്രൈവറായ ഉത്തർപ്രദേശിലെ ആഗ്ര സ്വദേശി ഹോതം സിങ് (41) അറസ്റ്റിലായി. ട്രക്കും അപകടത്തിൽപ്പെട്ട രണ്ട് ബൈക്കുകളും മറ്റ് തെളിവുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. ക്രൈം സംഘം അപകടസ്ഥലത്ത് പരിശോധന നടത്തി. സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.








0 comments