ഗുവാഹത്തി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർക്കെതിരെ ലൈംഗികാരോപണം

Photo: NDTV
ഡിസ്പുർ: ഗുവാഹത്തി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർക്കെതിരെ ലൈംഗികാരോപണ പരാതിയുമായി യുവതി. പരിശോധനയുടെ മറവിൽ ലൈംഗികാതിക്രമം നടത്തിയെന്നാണ് യുവതിയുടെ ആരോപണം. ഡോ. ഋഷികേശിനെതിരെയാണ് പരാതി ഉയർന്നത്. പ്രതിശ്രുത വരന്റെ മെഡിക്കൽ റിപ്പോർട്ടുകൾ കാണിക്കുന്നതിനായാണ് യുവതി ആശുപത്രിയിലെത്തിയത്.
മെഡിക്കൽ പരിശോധനയ്ക്കിടെ ഡോക്ടർ ലൈംഗികമായി സ്പർശിക്കുകയായിരുന്നുവെന്ന് യുവതി ആരോപിച്ചു. ആശുപത്രിയിൽ ഒപ്പമുണ്ടായിരുന്ന ബന്ധുവിനെ പരിശോധനാമുറിയിൽ നിന്നും പുറത്തുപോകാൻ ഡോക്ടർ ആവശ്യപ്പെട്ടു. ശേഷം താനും സുഹൃത്തുമായുള്ള ബന്ധത്തെ കുറിച്ചും ലൈംഗികമായി സംസാരിക്കുകയും ചെയ്തതായി യുവതി പറഞ്ഞു.
മെഡിക്കൽ റിപ്പോർട്ട് പരിശോധിച്ച ശേഷം തന്നെ പരിശോധിക്കണമെന്നു പറഞ്ഞുകൊണ്ട് ശരീരത്തിൽ അനാവശ്യമായി സ്പർശിക്കുകയായിരുന്നുവെന്ന് യുവതി ആരോപിച്ചു. സ്വകാര്യഭാഗങ്ങളിലും സ്പർശിക്കാൻ ശ്രമം നടത്തിയതായും യുവതി വെളിപ്പെടുത്തി. സംഭവത്തിൽ ഡോക്ടർക്കെതിരെ യുവതി പൊലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.








0 comments