ശ്രീലങ്കയിൽ രാജ്യവ്യാപകമായി വൈദ്യുതി വിതരണം തടസപ്പെട്ടു; ഫോൺ, ഇന്റർനെറ്റ് സേവനങ്ങൾ നിലച്ചു

കൊളംബോ: വൈദ്യുതി വിതരണ ശൃംഖലയിലുണ്ടായ തകരാറിനെ തുടർന്ന് ശ്രീലങ്കയിൽ രാജ്യവ്യാപകമായി വൈദ്യുതി വിതരണം തടസ്സപ്പെട്ടു. വൈദ്യുതി പ്രസരണ ശൃംഖലയിലുണ്ടായ അസ്ഥിരതയെ തുടർന്ന് സംവിധാനം പൂർണമായും തകരാറിലായതായി നാഷണൽ സിസ്റ്റം ഓപ്പറേറ്റർ (എൻഎസ്ഒ) അറിയിച്ചു. ശനിയാഴ്ച ഉച്ചയോടെ ആരംഭിച്ച വൈദ്യുതി തടസ്സം മൂന്നുമണിക്കൂറിലേറെ നീണ്ടു. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും വൈദ്യുതി വിതരണം തടസ്സപ്പെട്ടു.
വൈദ്യുതി ബന്ധം നിലച്ചതോടെ കുടിവെള്ള വിതരണം, ഇന്റർനെറ്റ് സേവനങ്ങൾ, മൊബൈൽ ഫോൺ കണക്ടിവിറ്റി എന്നിവയും തടസ്സപ്പെട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഘട്ടംഘട്ടമായി വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. വൈദ്യുതി തടസ്സം കുടിവെള്ള വിതരണത്തെ ബാധിക്കാനിടയുള്ളതിനാൽ വെള്ളം പാഴാക്കരുതെന്ന് ജലവിതരണ അതോറിറ്റി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. വൈദ്യുതി വിതരണ സംവിധാനത്തിലുണ്ടായ അപ്രതീക്ഷിത തകരാറാണ് രാജ്യവ്യാപക വൈദ്യുതി തടസ്സത്തിന് കാരണമെന്ന് ഊർജമന്ത്രി അനുര കരുണാതിലക അറിയിച്ചു. മധ്യ മലനിരകളിലെ ജലവൈദ്യുത നിലയങ്ങളിലൊന്നിൽ തകരാർ കണ്ടെത്തിയിരുന്നു. ഇതും വൈദ്യുതി തടസ്സത്തിന് കാരണമായേക്കാമെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ യഥാർഥ കാരണം സ്ഥിരീകരിച്ചിട്ടില്ല.
വൈദ്യുതി വിതരണ സംവിധാനം സാധാരണനിലയിലാകുന്നതുവരെ വീടുകളുടെയും കെട്ടിടങ്ങളുടെയും മേൽക്കൂരകളിൽ സ്ഥാപിച്ചിട്ടുള്ള സൗരോർജ സംവിധാനങ്ങൾ ഗ്രിഡിൽനിന്ന് വിച്ഛേദിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ദേശീയ വൈദ്യുതി ഗ്രിഡിന്റെ പ്രവർത്തനം പുനഃസ്ഥാപിക്കുന്നതിന് പൊതുജനങ്ങൾ സഹകരിക്കണമെന്നും വൈദ്യുതി വേഗം പുനഃസ്ഥാപിക്കുന്നതിനായി സാങ്കേതിക വിദഗ്ധരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും എൻഎസ്ഒ വ്യക്തമാക്കി.








0 comments