നൂഡിൽസ് കഴിച്ചതിന് ശേഷം കിടന്നുറങ്ങിയ അഞ്ച് അംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി

നോയിഡ: അഞ്ച് അംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. മൂന്ന് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേരാണ് ഗ്രേറ്റർ നോയിഡയിലെ റബുപുര പ്രദേശത്തെ നഗ്ല ശ്രീ പദം ഗ്രാമത്തിലാണ് ശനിയാഴ്ച മൃതദേഹം കണ്ടെത്തിയത്. മഹേഷ് (37), ഭാര്യ ലളിത (35), മക്കളായ ലഡ്ഡു (11), സാക്ഷാത് (3), മിഷ്ടി (7) എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി നൂഡിൽസ് കഴിച്ചതിന് പിന്നാലെയാണ് സംഭവം. അന്ന് രാത്രി 10 മണിയോടെ കുടുംബം ഭക്ഷണം കഴിച്ചിരുന്നതായി പൊലീസ് അറിയിച്ചു. ശനിയാഴ്ച രാവിലെ പരീക്ഷയ്ക്കായി ഒരു കുട്ടി എഴുന്നേൽക്കാതിരുന്നതിനെത്തുടർന്നാണ് സംഭവം പുറത്തറിയുന്നത്. മരണകാരണം ഇതുവരെ വ്യക്തമല്ലെന്നും, പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഫോറൻസിക് പരിശോധനാഫലങ്ങളും പുറത്തുവന്നാൽ മാത്രമേ യഥാർത്ഥ കാരണം വ്യക്തമാകൂ എന്നും പൊലീസ് വ്യക്തമാക്കി.
അതേസമയം, കുടുംബാംഗങ്ങളും അയൽവാസികളും ചില ആരോപണങ്ങളുമായി രംഗത്തെത്തി. സ്വത്ത് തർക്കത്തെ തുടർന്ന് കുടുംബത്തിൽ സ്ഥിരമായി വഴക്കുകൾ നടന്നിരുന്നുവെന്ന് അയൽവാസികൾ പറഞ്ഞു. മരിച്ച മഹേഷിൻ്റെ മാതാവ് സ്വത്ത് മകളുടെ പേരിൽ എഴുതിവെക്കുകയും, ഇവരെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നതായി അയൽവാസികൾ അവകാശപ്പെടുന്നു. മേള കണ്ട് മടങ്ങിയെത്തിയ കുടുംബത്തിന് മഹേഷിൻ്റെ മാതാവാണ് നൂഡിൽസ് പാകം ചെയ്ത് നൽകിയതെന്നും അവർ ആരോപിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.








0 comments