Deshabhimani

കുട്ടികൾക്ക് ഇൻ്റര്‍നെറ്റ് നിഷേധിക്കാനാവില്ല;പ്രായപരിധി വെച്ചുള്ള വിലക്ക് നീക്കം തള്ളി സുപ്രീം കോടതി

SC Net Ban
വെബ് ഡെസ്ക്

Published on Oct 17, 2026, 03:30 PM | 1 min read

ന്യൂഡൽഹി: ഇന്റര്‍നെറ്റ് ഉപയോഗിക്കാനുള്ള അവകാശം കുട്ടികൾക്കും ഉണ്ടെന്നും അത് അവരുടെ മൗലികാവകാശത്തിന്റെ ഭാഗമാണെന്നും സുപ്രീം കോടതി.


''കുട്ടികളുടെ സുരക്ഷയും ഇന്റർനെറ്റ് ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യവും തമ്മിൽ വിരുദ്ധതയില്ല. കുട്ടികൾക്ക് ഇന്റർനെറ്റ് പൂർണ്ണമായി നിഷേധിക്കുന്നത് ന്യായീകരിക്കാനാവാത്തതാണ്. അവരുടെ അവകാശങ്ങൾ ഇല്ലാതാക്കാതെ തന്നെ സംരക്ഷണ മാർഗ്ഗങ്ങൾ ഉറപ്പാക്കുകയാണ് വേണ്ടത്" എന്നും കോടതി പറഞ്ഞു.


പ്രായപരിധിയുടെ അടിസ്ഥാനത്തൽ കുട്ടികളുടെ ഇന്റര്‍നെറ്റ് പ്രാപ്യത പൂര്‍ണമായി നിഷേധിക്കുന്നത് നിയമപരമല്ല. അവരുടെ മൗലികാവകാശങ്ങൾ കവരാതെ തന്നെ ഓൺലൈൻ ചൂഷണങ്ങളിൽ നിന്നും സംരക്ഷിക്കയാണ് ആവശ്യം. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് എതിരായ ഓൺലൈൻ ലൈംഗിക അധിക്ഷേപ സാമഗ്രികൾ വിവിധ പ്ലാറ്റ്ഫോമുകളിൽ നിന്ന് അതിവേഗം കണ്ടെത്തി നീക്കം ചെയ്യാനും ഇതിനായി കര്‍ശന ചട്ടക്കൂട് ഉണ്ടാക്കാനും കോടതി നിര്‍ദ്ദേശിച്ചു.


കേസിന്റെ പശ്ചാത്തലം


18 വയസ്സിൽ താഴെയുള്ള കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗം പരിമിതപ്പെടുത്തുന്നതിനായി ഐടി ഇന്റർമീഡിയറി ചട്ടങ്ങളിൽ ഭേദഗതി വരുത്താൻ പദ്ധതിയിടുന്നതായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇതിന് മുന്നോടിയായി, മാതാപിതാക്കളുടെ സമ്മതമില്ലാതെ 18 വയസ്സിന് താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുടങ്ങുന്നത് വിലക്കണമോ എന്ന് കോടതി കേന്ദ്രത്തോട് ആരാഞ്ഞിരുന്നു.


ആന്ധ്രാപ്രദേശ് സർക്കാർ 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കാൻ പദ്ധതിയിടുന്നതായി മന്ത്രി നാരാ ലോകേഷ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഓസ്‌ട്രേലിയ കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് സമാനമായ നിരോധനം ഏർപ്പെടുത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു ഇത്. രണ്ടാഴ്ച മുൻപാണ് കേസ് കോടതിയിൽ എത്തിയതും കേന്ദ്ര സര്‍ക്കാരിന്റെ പ്രതികരണം തേടിയതും. മൗലികാവകാശത്തോട് ചേര്‍ത്താണ് കുട്ടികളുടെ ഇന്റര്‍നെറ്റ് പ്രവേശന അവകാശത്തെ കോടതി നിര്‍വചിച്ചത്.


ഇരകളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ട നിയന്ത്രണ ഏജൻസികളെയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെയും കോടതി നിശിതമായി വിമർശിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home