ദുരന്തത്തിന് പിന്നാലെ ഗുജറാത്തിൽ നിർമ്മാണ തകരാർ കണ്ടെത്തിയ 97 പാലങ്ങൾ അടച്ചിട്ടു

ുര
വെബ് ഡെസ്ക്

Published on Jul 17, 2025, 09:35 AM | 1 min read

അഹമ്മദാബാദ്: ഗുജറാത്തിൽ നിർമ്മാണ തകരാർ റിപ്പോർട് ചെയ്തതിനെ തുടർന്ന് 97 പാലങ്ങൾ അടച്ചിട്ടു. ഗംഭീരാ പാലം തകർന്നുണ്ടായ ദുരന്തത്തെ തുടർന്ന് നടത്തിയ പരിശോധനകൾക്ക് പിന്നാലെയാണ് തിടുക്കപ്പെട്ട നടപടി. ഈമാസം ഒൻപതിനാണ് വഡോദരയിലെ പദ്രയിൽ മഹിസാഗർ നദിയിലെ ഗംഭീരാപാലം പൊളിഞ്ഞുവീണത്. വാഹനങ്ങൾ നദിയിൽ ഒഴുകിപ്പോയി. 20 പേർ മരിച്ചു. ഒരാളെ ഇനിയും കണ്ടെത്താനായില്ല.


ഗുജറാത്ത് സർക്കാരിന്റെ പൊതുമരാമത്തുവകുപ്പിന്റെ കീഴിലുള്ള 97 പാലങ്ങളാണ് അടച്ചത്. ഇതിൽ 12 എണ്ണം ദേശീയപാതയിലാണ്. 62 എണ്ണം സംസ്ഥാനപാതകളിലും മറ്റുള്ളവ പഞ്ചായത്ത് റോഡുകളിലുമാണ്. നിർമാണങ്ങളിൽ വ്യാപകമായി അഴിമതി ആരോപണം ഉയർന്നിരുന്നു. ദുരന്തത്തോടെ പൊതു ജനങ്ങൾ തന്നെ പരാതിയുമായി എത്തി.

bj

പൊതുജനങ്ങൾ വ്യാപകമായി പരാതി സമർപ്പിക്കാൻ തുടങ്ങിയതോടെയാണ് സർക്കാരിന് നടപടി എടുക്കേണ്ടി വന്നത്. മരാമത്തുവകുപ്പിന്റെ പരാതിപരിഹാര മൊബൈൽഫോൺ ആപ്പിൽ മൂന്നു ദിവസംകൊണ്ട് 28,449 പരാതികൾ വന്നു.


തകർന്നു വീണ പാലത്തിന്റെ ബലക്ഷയത്തെപ്പറ്റിയുള്ള പരാതികൾ ഉദ്യോഗസ്ഥർ അവഗണിക്കയായിരുന്നു. വീഴ്ച വ്യക്തമായതോടെ നാല് എൻജിനിയർമാരെ സസ്പെൻഡുചെയ്തിരുന്നു. പൊതുമരാമത്തുവകുപ്പിന്റെ ചുമതല മുഖ്യമന്ത്രി ഭൂപേന്ദ്രപട്ടേലിന്റെ നേരിട്ടുള്ള നിയന്ത്രണത്തിനാണ്. പ്രതിപക്ഷം സർക്കാരിന്റെ അനാസ്ഥയ്ക്കും അഴിമതിക്കും എതിരെ കടുത്ത വിമർശനം ഉന്നയിച്ചു.


സർദാർ സരോവർ നർമദ നിഗം ലിമിറ്റഡിനുകീഴിൽ നർമദാകനാലിനു കുറുകേയുള്ള അഞ്ചുപാലങ്ങൾ അപകടാവസ്ഥയിലായതിനാൽ അടച്ചിടാൻ നിർദേശിച്ചിട്ടുണ്ട്. ദേശീയപാതയിലെ നാല് പ്രധാനപാലങ്ങളിൽ ഭാരവാഹനങ്ങളും വിലക്കിയിട്ടുണ്ട്. നിർമാണ തകരാർ കണ്ടെത്തിയ 36 പാലങ്ങളിൽ അടിയന്തര അറ്റകുറ്റപ്പണി തുടങ്ങി. 1800 പാലങ്ങളിൽ സുരക്ഷാ പരിശോധന നടത്തിയതായി സർക്കാർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home