മുൻകൂട്ടിയുള്ള അജൻഡ വ്യക്തമാക്കി മുഴുപേജ് പരസ്യം

ന്യൂഡൽഹി
പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ജിഎസ്‌ടി പരിഷ്‌കരണ നിർദേശങ്ങൾ ചർച്ചചെയ്യുന്നതിനായി രണ്ടുദിവസത്തെ കൗൺസിൽ യോഗമാണ് വിളിച്ചുചേർത്തതെങ്കിലും ആദ്യദിവസം തന്നെ തീരുമാനം നടപ്പാക്കുകയെന്ന അജൻഡ കേന്ദ്രത്തിനുണ്ടായിരുന്നു. ജിഎസ്‌ടി പരിഷ്‌കരണം അംഗീകരിച്ച് രാത്രി ഒന്പതരയോടെയാണ് യോഗം പിരിഞ്ഞതെങ്കിലും വ്യാഴാഴ്‌ച ഇറങ്ങിയ ദേശീയ ദിനപത്രങ്ങളിലെല്ലാം പുതിയ ജിഎസ്‌ടി നിരക്കുകളെ പ്രകീർത്തിച്ചുള്ള മുഴുപേജ് പരസ്യം കേന്ദ്രം നൽകി. ആദ്യ ദിവസം തന്നെ അംഗീകാരം നേടിയെടുക്കുമെന്ന ഉറപ്പിലാണ് പത്രങ്ങൾക്ക് മുൻകൂട്ടി പരസ്യം നൽകിയതെന്ന് വ്യക്തം.
ബുധനാഴ്‌ചത്തെ യോഗത്തിൽ പലപ്പോഴും പ്രതിപക്ഷ സംസ്ഥാനങ്ങളെ എതിരിട്ടത് കേന്ദ്രമന്ത്രിയേക്കാൾ ഉദ്യോഗസ്ഥരായിരുന്നു. മെയ് മാസത്തിൽ റവന്യു സെക്രട്ടറിയായി ചുമതലയേറ്റ അരവിന്ദ് ശ്രീവാസ്‌തവയാണ് കാര്യങ്ങൾ നിയന്ത്രിച്ചത്. മുമ്പ് ആറുവർഷത്തോളം പ്രധാനമന്ത്രി കാര്യാലയത്തിലായിരുന്നു ശ്രീവാസ്‌തവ. ജിഎസ്‌ടി പരിഷ്‌കരണം വരുമാനത്തെ ബാധിക്കില്ലെന്ന നിലപാടാണ് അരവിന്ദ് ശ്രീവാസ്‌തവ സ്വീകരിച്ചത്. വരുമാനത്തിൽ 48000 കോടി രൂപയുടെ ഏറ്റകുറച്ചിലാവും ഉണ്ടാവുകയെന്ന് ശ്രീവാസ്‌തവ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
സഹകരണാത്മക ഫെഡറൽ തത്വത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കേണ്ട ജിഎസ്‌ടി കൗൺസിൽ കേന്ദ്ര നിയന്ത്രണത്തിലുള്ള സമിതിയായി മാറുന്ന കാഴ്‌ചയാണ് ബുധനാഴ്‌ച കണ്ടത്. സംസ്ഥാനങ്ങളുടെ ആശങ്കകൾക്കും ചോദ്യങ്ങൾക്കും വില കൽപ്പിച്ചില്ല. ജിഎസ്‌ടി പരിഷ്‌കരണം മോദി പ്രഖ്യാപിക്കുന്നതിന് മുമ്പും സംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്തിയില്ല.









0 comments