'തലച്ചോറിൽ രക്തം കട്ടപിടിച്ചു, പ്ലീഹ തകർന്നു'; ദീപികയുടേത് ക്രൂരമർദ്ദനത്തെ തുടർന്നുള്ള മരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

ന്യൂഡൽഹി: ഭർതൃവീട്ടിലെ മൂന്നാം നിലയിലെ മേൽക്കൂരയിൽ നിന്ന് വീണ് മരിച്ച 25കാരി ദീപിക നഗറിന്റെ മരണം ക്രൂരമായ കൊലപാതകമെന്ന് സൂചന നൽകി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. വീഴ്ചയ്ക്ക് മുൻപ് ദീപിക അതിക്രൂരമായ ശാരീരിക മർദ്ദനത്തിന് ഇരയായിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവന്ന ശാസ്ത്രീയ വിവരങ്ങൾ. തലച്ചോറിലെ രക്തം കട്ടപിടിച്ചതും പ്ലീഹ തകർന്നതും മൂലമാണ് മരണം സംഭവിച്ചതെന്ന് മെഡിക്കൽ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മർദ്ദനത്തെ തുടർന്നുണ്ടായ ആന്തരിക രക്തസ്രാവം കാരണം ഹൃദയ അറകൾ പൂർണ്ണമായും ശൂന്യമായ നിലയിലായിരുന്നു.
കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് ദീപിക ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലെ ഭർതൃവീടിന്റെ ടെറസിൽ നിന്ന് വീണ് മരിച്ചത്. വിവാഹം കഴിഞ്ഞ് വെറും 17 മാസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് ദാരുണ സംഭവം. വിവാഹസമയത്ത് ഒരു കോടിയോളം രൂപയാണ് ദീപികയുടെ കുടുംബം ചിലവഴിച്ചിരുന്നത്. എന്നാൽ ഇതിന് ശേഷവും ഭർത്താവ് റിതിക് തൻവാറും കുടുംബവും പീഡനം തുടരുകയായിരുന്നു എന്ന് പിതാവ് സഞ്ജയ് നഗർ പറഞ്ഞു.
'അവർ ടൊയോട്ട ഫോർച്യൂണർ എസ്‌യുവിയും അധികമായി 45 മുതൽ 50 ലക്ഷം രൂപ വരെയും സ്ത്രീധനമായി ആവശ്യപ്പെട്ടിരുന്നു. ഞാൻ അവർക്ക് സ്കോർപിയോ കാറും പലപ്പോഴായി പണവും നൽകിയിട്ടും അവർ എന്റെ മകളെ കൊന്നുകളഞ്ഞു. എനിക്ക് നീതി വേണം' - സഞ്ജയ് നഗർ മാധ്യമങ്ങളോട് പ്രതികരിച്ചു.
മരണത്തിന് മണിക്കൂറുകൾക്ക് മുൻപ് ദീപിക പിതാവിനെ വിളിച്ച് കരയുകയും സ്ത്രീധനത്തിന്റെ പേരിൽ മർദ്ദിക്കുന്നതായി അറിയിക്കുകയും ചെയ്തിരുന്നു. തുടർന്ന് പ്രശ്നം പരിഹരിക്കാൻ സഞ്ജയ് നഗർ ഭർതൃവീട്ടിൽ എത്തി മടങ്ങിയതിന് പിന്നാലെയാണ് മകൾ ടെറസിൽ നിന്ന് വീണ് പരിക്കേറ്റെന്നും ആശുപത്രിയിൽ എത്തണമെന്നും ആവശ്യപ്പെട്ട് അർദ്ധരാത്രി 12.30 ഓടെ ഫോൺ കോൾ വരുന്നത്. 'ഞാൻ ആശുപത്രിയിൽ എത്തുമ്പോഴേക്കും എന്റെ മകൾ മരിച്ചുകിടക്കുകയായിരുന്നു' എന്ന് പിതാവ് പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവ് റിതിക് തൻവാറിനെയും ഇയാളുടെ പിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.











0 comments