ക്രൂഡ് ഓയിൽ ഇറക്കുമതി നയം: ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് മറുപടി പറയാതെ കേന്ദ്രം

ന്യൂഡൽഹി : ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി വൈവിധ്യവൽക്കരണ നയത്തെക്കുറിച്ച് ഡോ. ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാതെ കേന്ദ്രസർക്കാർ. ഇന്ന് നൽകിയ മറുപടിയിൽ ഇറക്കുമതി സംബന്ധിച്ച സുപ്രധാന വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല.
സർക്കാരിന്റെ ഊർജ വൈവിധ്യവൽക്കരണ നയം ഇന്ത്യയുടെ ഊർജ്ജ സുരക്ഷയെ ശക്തിപ്പെടുത്തിയിട്ടുണ്ടോയെന്നും, ഈ നയത്തിന്റെ സവിശേഷതകൾ എന്തൊക്കെയാണെന്നും, ഇന്ത്യ എത്ര രാജ്യങ്ങളിൽ നിന്നാണ് പെട്രോളിയം ഇറക്കുമതി ചെയ്യുന്നത് എന്നതിനെക്കുറിച്ചുമുള്ള വിശദാംശങ്ങളാണ് ജോൺ ബ്രിട്ടാസ് തേടിയത്. എന്നാൽ, കൃത്യമായ വിവരങ്ങളൊന്നും വെളിപ്പെടുത്താതെ ഒരു പൊതു പ്രസ്താവനയായാണ് മറുപടി നൽകിയത്.
ഓരോ രാജ്യത്തു നിന്നുമുള്ള ഇറക്കുമതി കണക്കുകൾ, ഇറക്കുമതി ചെയ്ത ക്രൂഡ് ഓയിലിന്റെ അളവ്, ബാരലിന് ലഭിച്ച വില, ഇറക്കുമതിയുടെ മൂല്യം എന്നിവ വിശദമാക്കുകയാണ് വേണ്ടത്. എന്നാൽ, പെട്രോളിയം - പ്രകൃതിവാതക പൊതുമേഖലാ സ്ഥാപനങ്ങൾ "ബോർഡ് നിയന്ത്രിത സ്ഥാപനങ്ങൾ" ആണെന്നും സാങ്കേതിക - വാണിജ്യാടിസ്ഥാനത്തിൽ വിവിധ വിതരണക്കാരിൽ നിന്ന് ക്രൂഡ് ഓയിൽ നേരിട്ട് ശേഖരിക്കുകയാണെന്നും മാത്രമാണ് കേന്ദ്രസർക്കാർ പറയുന്നത്.
ഇന്ത്യ 41 രാജ്യങ്ങളിൽ നിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നുണ്ടെന്ന് മറുപടിയിൽ പരാമർശിക്കുന്നുണ്ടെങ്കിലും, ഓരോ രാജ്യത്തുനിന്നും എത്ര ക്രൂഡ് ഇറക്കുമതി ചെയ്യുന്നുണ്ട്, പ്രതിദിന ഇറക്കുമതിയുടെ അളവ്, ബാരലിന് എത്രയാണ് ചെലവ്, ഇറക്കുമതിയുടെ ആകെ മൂല്യം എത്രയാണ് ഇക്കാര്യങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല. മാത്രമല്ല, ഇന്ത്യയുടെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ വിതരണക്കാരായ റഷ്യയെക്കുറിച്ച് ഉത്തരത്തിൽ ഒരു തവണ പോലും പരാമർശിച്ചിട്ടില്ല.










0 comments