ഗവർണർക്ക് പദവിയിൽ തുടരാൻ അവകാശവില്ല: ചായ സൽക്കാരം ബഹിഷ്കരിച്ച് സിപിഐ എം തമിഴ്നാട്

ചെന്നൈ: ഭരണഘടനയെയും ഫെഡറൽ തത്വങ്ങളെയും തകർക്കുന്ന ഗവർണർ ആർ എൻ രവിക്ക് പദവിയിൽ തുടരാൻ അവകാശമില്ലെന്ന് സിപിഐ എം തമിഴ്നാട് സംസ്ഥാന കമ്മറ്റി. പ്രതിഷേധ സൂചകമായി റിപ്പബ്ലിക് ദിനത്തിലെ ഗവർണറുടെ ചായ സൽക്കാരം പാർടി ബഹിഷ്കരിച്ചെന്നും സംസ്ഥാന കമ്മറ്റി ഔദ്യോഗിക ഫെയ്സ്ബുക്കിൽ കുറിച്ചു.
ജനുവരി ആറിന് നടന്ന ശൈത്യകാല സമ്മേളനത്തിന്റെ ആദ്യ ദിനത്തിൽ തമിഴ്നാട് നിയമസഭയിൽ നിന്ന് സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം വായിക്കാതെ ഗവർണർ ആർ എൻ രവി ഇറങ്ങിപ്പോയിരുന്നു. ദേശീയ ഗാനം ആലപിച്ചില്ലെന്ന് ആരോപിച്ചാണ് നടപടി. കഴിഞ്ഞവർഷം ഫെബ്രുവരിയിൽ നയപ്രഖ്യാപന പ്രസംഗത്തിന്റെ ആദ്യ പരാഗ്രാഫ് വായിച്ചശേഷം ആർ എൻ രവി വാക്കൗട്ട് നടത്തിയിരുന്നു. 2023ലും നയപ്രഖ്യാപനം പൂർത്തിയാക്കാതെ ഇറങ്ങിപ്പോയി. ഇക്കുറി മൂന്നു മിനുട്ട് മാത്രമാണ് സഭയിൽ ഗവർണർ ചെലവഴിച്ചത്.
തമിഴ്നാട് നിയമസഭയിലെ പാരമ്പര്യമനുസരിച്ച്, സഭ സമ്മേളിക്കുമ്പോൾ സംസ്ഥാന ഗാനം ആലപിക്കുകയും അവസാനം ദേശീയ ഗാനം ആലപിക്കുകയുമാണ് ചെയ്യുന്നത്. എന്നാൽ, ഗവർണർ ഈ കീഴ്വഴക്കം ഒഴിവാക്കാൻ ശ്രമിച്ചതാണ് വിവാദമായത്.
Related News

0 comments