ad
Deshabhimani

ഗുജറാത്തിലെ ഗവ. ഡെന്റൽ കോളേജിൽ 1.36 കോടിയുടെ സാമ്പത്തിക തട്ടിപ്പ്; ജീവനക്കാരൻ അറസ്റ്റിൽ

gujarat dental colg
വെബ് ഡെസ്ക്

Published on May 20, 2026, 07:18 AM | 1 min read

അഹമ്മദാബാദ്: ഗുജറാത്തിലെ പ്രശസ്തമായ ജാംനഗർ ഗവൺമെന്റ് ഡെന്റൽ കോളേജ് ആൻഡ് ഹോസ്പിറ്റലിൽ 1.36 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കണ്ടെത്തി. ആശുപത്രിയിലെ രോഗീക്ഷേമ സമിതിയുടെ ഫണ്ടിൽ നിന്നും പണം തട്ടിയെടുത്ത നാഷണൽ ഹെൽത്ത് മിഷന് കീഴിലെ താത്കാലിക ജീവനക്കാരൻ ശോഭിത് ഗാർഗിനെ ജാംനഗർ പൊലീസ് അറസ്റ്റ് ചെയ്തു. ഒഫീഷ്യൽ ചെക്കുകളിൽ തിരിമറി നടത്തിയാണ് ഇയാൾ തുക സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയത്.


കഴിഞ്ഞ ആറുമാസമായി അതീവ രഹസ്യമായാണ് ഇയാൾ തട്ടിപ്പ് നടത്തിക്കൊണ്ടിരുന്നത്. വിവിധ വകുപ്പുകളുടെ ആവശ്യങ്ങൾക്കായി രോഗീക്ഷേമ സമിതി അനുവദിക്കുന്ന ചെക്കുകളിൽ ഉദ്യോഗസ്ഥരുടെ ഒപ്പ് വാങ്ങിയ ശേഷം, തുകയിലും കൈപ്പറ്റേണ്ട ആളുടെ വിവരങ്ങളിലും ശോഭിത് മാറ്റം വരുത്തുകയായിരുന്നു. ഇത്തരത്തിൽ 15 ചെക്കുകളിലായി 1,36,19,350 രൂപ ഇയാൾ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി.


സ്ഥാപനത്തിൽ നടന്ന പതിവ് ആഭ്യന്തര ഓഡിറ്റിങ്ങിനിടയിലാണ് സാമ്പത്തിക രേഖകളിൽ വൻ പൊരുത്തക്കേടുകൾ കണ്ടെത്തിയത്. തുടർന്ന് ഡെന്റൽ കോളേജ് ഡീൻ ഡോ. നയനാബെൻ പട്ടേലിന്റെ നേതൃത്വത്തിൽ പ്രാഥമിക അന്വേഷണം നടത്തുകയും തട്ടിപ്പ് സ്ഥിരീകരിച്ചതോടെ പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പ്രതിക്കെതിരെ വ്യാജരേഖ ചമയ്ക്കൽ, വിശ്വാസവഞ്ചന തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. തട്ടിപ്പിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നറിയാൻ പ്രതിയുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയതായി ജാംനഗർ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ജയവീർസിങ് ഝാല അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home