പൊതുപദ്ധതികൾക്കായി ആരാധനാലയങ്ങളുടെ ഭൂമി സർക്കാരിന് ഏറ്റെടുക്കാം: അലഹബാദ് ഹൈക്കോടതി

ലഖ്നൗ : പൊതുപദ്ധതികൾക്കായി ആരാധനാലയങ്ങളുടെ ഭൂമി സർക്കാരിന് ഏറ്റെടുക്കാമെന്ന് അലഹബാദ് ഹൈക്കോടതി. 1991ലെ ആരാധനാലയ നിയമം ഇതിന് തടസമല്ലെന്നും മറ്റൊരു മതവിഭാഗത്തിലേക്ക് മാറ്റുന്നത് മാത്രമാണ് വിലക്കുന്നതെന്നും കോടതി വ്യക്തമാക്കി.
കാശി വിശ്വനാഥ് ധാം കോറിഡോർ വികസനത്തിന്റെ ഭാഗമായി വാരാണസിയിലെ ദാൽമണ്ഡി പ്രദേശത്ത് നടക്കുന്ന റോഡ് വികസനവും തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച റിട്ട് ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ ജെ ജെ മുനീർ, അരുൺ കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി. തങ്ങളെ പ്രദേശത്ത് നിന്ന് ഒഴിപ്പിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ദാൽമണ്ഡി പ്രദേശത്തെ ആറ് വ്യാപാരികളാണ് ഹർജി നൽകിയത്. പദ്ധതിയുടെ വിപുലീകരണത്തിനായി ഭൂമി ഏറ്റെടുക്കുന്നത് തങ്ങളുടെ മൗലികാവകാശങ്ങൾ ലംഘിക്കുകയാണെന്നും ഹർജിയിൽ പറയുന്നു.
എന്നാൽ ഹർജിക്കാർ വെറും വാടകക്കാർ മാത്രമാണെന്നും പ്രസ്തുത സ്വത്തിന്റെ ഉടമകളല്ലെന്നും കോടതി നിരീക്ഷിച്ചു. ഭൂമി ഏറ്റെടുക്കൽ നടപടിയെ ചോദ്യം ചെയ്യാൻ പരിമിതമായ അവകാശം മാത്രമാണ് ഹർജിക്കാർക്കുള്ളതെന്നും ബെഞ്ച് വ്യക്തമാക്കി. 2013-ലെ നിയമപ്രകാരമുള്ള ഭൂമി ഏറ്റെടുക്കൽ വിഷയത്തിൽ ആക്ഷേപങ്ങൾ ഉന്നയിക്കാനോ വിൽപ്പനയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനോ, അല്ലെങ്കിൽ ഭൂമി വിട്ടുകൊടുക്കാനോ പ്രാഥമികമായി അവകാശമുള്ളത് അതിന്റെ ഉടമസ്ഥന് മാത്രമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.











0 comments