ഗോവയിൽ കാർ വാടകയ്‌ക്കെടുത്ത വിനോദസഞ്ചാരികൾക്ക് കിട്ടിയത് എട്ടിന്റെ പണി

പ്രതീകാത്മക ചിത്രം
പനാജി: ഗോവയിൽ സെൽഫ് ഡ്രൈവ് കാർ വാടകയ്‌ക്കെടുത്ത വിനോദസഞ്ചാരികൾക്ക് പണം നഷ്ടപ്പെട്ടതായി പരാതി. റെഡ്ഡിറ്റ് (Reddit) പ്ലാറ്റ്‌ഫോമിലൂടെയാണ് സഞ്ചാരികൾ തങ്ങൾക്കുണ്ടായ ദുരനുഭവം പങ്കുവെച്ചത്. കാര്‍ കേടായതിനെ തുടര്‍ന്ന് വാഗ്ദാനം ചെയ്ത റീഫണ്ട് തുകയായ 8,400 രൂപ തിരികെ കിട്ടാനായി ദിവസങ്ങളായി ഇവർ കമ്പനിയെ സമീപിക്കുകയാണ്.
മേയ് 29-ന് മഡ്ഗാവിലെ ഒരു കാർ റെന്റൽ സർവീസിൽ നിന്നാണ് യുവാവും സുഹൃത്തുക്കളും ചേർന്ന് ബലേനോ കാർ വാടകയ്‌ക്കെടുത്തത്. യാത്രയ്ക്കിടയിൽ 3,000 രൂപയ്ക്ക് ഇവർ കാറിൽ പെട്രോൾ അടിച്ചിരുന്നു. എന്നാൽ രണ്ട് ദിവസത്തിന് ശേഷം കാറിന് തകരാർ സംഭവിക്കുകയും ഓടിക്കാൻ പറ്റാത്ത അവസ്ഥയിലാവുകയും ചെയ്തു.
തുടർന്ന് കമ്പനി ഉടമ തകരാർ സമ്മതിക്കുകയും ബലേനോയ്ക്ക് പകരം സ്വിഫ്റ്റ് കാർ നൽകുകയും ചെയ്തു. ആദ്യം എടുത്ത കാറിലുണ്ടായിരുന്ന പെട്രോളിന്റെ പണവും വണ്ടി കേടായതുമൂലം ഉണ്ടായ മറ്റ് ചെലവുകളും തിരികെ നൽകാമെന്ന് കമ്പനി ഉറപ്പുനൽകിയിരുന്നു. എന്നാൽ ജൂൺ 2-ന് തിവിം റെയിൽവേ സ്റ്റേഷനിൽ കാർ തിരികെ ഏൽപ്പിക്കാൻ എത്തിയപ്പോഴാണ് പ്രശ്നങ്ങൾ തുടങ്ങിയത്.
ട്രെയിൻ സമയമാകുന്നതിന് മുൻപ് വണ്ടി ഏറ്റെടുക്കാനും സെക്യൂരിറ്റി ഡിപ്പോസിറ്റ് തുക തിരികെ നൽകാനും കമ്പനി ഉടമയോട് ഫോൺ വഴി ആവശ്യപ്പെട്ടെങ്കിലും ആരും സ്ഥലത്തെത്തിയില്ല. ട്രെയിൻ പുറപ്പെടാറായതോടെ വണ്ടി റെയിൽവേ സ്റ്റേഷൻ പാർക്കിങ്ങിൽ ഇട്ടിട്ട് ഇവർക്ക് നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. നാട്ടിലെത്തിയ ശേഷം ഉടമയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇവർക്ക് മറുപടി ലഭിച്ചില്ല.
സെക്യൂരിറ്റി ഡിപ്പോസിറ്റായ 3,000 രൂപ, പെട്രോൾ അടിച്ച വകയിലെ 3,200 രൂപ, വണ്ടി നന്നാക്കാൻ ചെലവായ തുക എന്നിവയടക്കം ആകെ 8,400 രൂപയാണ് ഇവർക്ക് ലഭിക്കാനുള്ളത്. ബില്ലുകളും ഫോൺ രേഖകളും കൈവശമുണ്ടെന്നും, പണം തിരികെ കിട്ടാൻ ഗോവ പൊലീസിനെയോ കൺസ്യൂമർ കോടതിയെയോ സമീപിക്കണമോ എന്ന് ചോദിച്ചാണ് സഞ്ചാരികൾ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടിരിക്കുന്നത്. ഒട്ടനവധി ആളുകളാണ് സമാനമായ അനുഭവങ്ങൾ പങ്കുവെച്ച് ഇവർക്ക് പിന്തുണയുമായി രംഗത്തെത്തിയത്.










0 comments