പശ്ചിമേഷ്യ യുദ്ധക്കളം; കുവൈറ്റിലെയും ബഹ്റൈനിലെയും യുഎസ് താവളങ്ങളിൽ ഇറാന്റെ മിസൈലാക്രമണം

ബഹറിനിൽ ഇറാന്റെ മിസൈൽ ആക്രമണം
തെഹ്‌റാൻ: മിഡിൽ ഈസ്റ്റിൽ യുദ്ധം സർവ്വനിയന്ത്രണങ്ങളും ലംഘിച്ച് പ്രാദേശിക യുദ്ധത്തിലേക്ക് വഴിമാറുന്നു. അമേരിക്കയുടെ തുടർച്ചയായ ബോംബാക്രമണങ്ങൾക്ക് മറുപടിയായി കുവൈറ്റ്, ബഹ്റൈൻ, ജോർദാൻ എന്നിവിടങ്ങളിലെ യുഎസ് സൈനിക ക്യാമ്പുകൾക്ക് നേരെ ഇറാൻ വൻ മിസൈൽ-ഡ്രോൺ ആക്രമണം നടത്തി.
ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്‌സ് വ്യാഴാഴ്ച പുലർച്ചെയോടെയാണ് ആക്രമണ വിവരം പുറത്തുവിട്ടത്. ബഹ്റൈനിലെ തന്ത്രപ്രധാനമായ ഷെയ്ക്ക് ഇസാ എയർബേസിലും കുവൈറ്റിലെ അലി അൽ സലേം, അഹ്മദ് അൽ-ജാബർ എയർബേസുകളിലും ഇറാന്റെ ആത്മഹത്യാ ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും പതിച്ചതായാണ് റിപ്പോർട്ട്.
ആക്രമണത്തെ തുടർന്ന് കുവൈറ്റ് തങ്ങളുടെ വ്യോമപാത താത്കാലികമായി അടച്ചു. മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായതായി കുവൈറ്റ് സ്ഥിരീകരിച്ചു. തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം ചില മിസൈലുകളെ പ്രതിരോധിച്ചതായി കുവൈറ്റ് സേന 'എക്സ്' പോസ്റ്റിലൂടെ വ്യക്തമാക്കി.
ബഹ്റൈനിൽ യുദ്ധസൈറണുകൾ മുഴങ്ങിയതോടെ ജനങ്ങൾ സുരക്ഷിത താവളങ്ങളിലേക്ക് മാറാൻ ഭരണകൂടം നിർദേശം നൽകി. ജോർദാനിലെ അൽ-അസ്‌റാഖ് വ്യോമതാവളം ലക്ഷ്യമിട്ടെത്തിയ ഇറാന്റെ 5 മിസൈലുകൾ തങ്ങൾ വെടിവെച്ചിട്ടതായി ജോർദാൻ സൈന്യവും അറിയിച്ചു.
യുദ്ധം കടുത്തതോടെ രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണവില വീണ്ടും കുതിച്ചുയർന്നു. ബാരലിന് രണ്ട് ഡോളറിലധികമാണ് ഒറ്റയടിക്ക് വർധിച്ചത്. ഇതിനിടെ, വടക്കൻ ഇസ്രയേലിന് നേരെ ലബനനിൽ നിന്ന് ഹിസ്ബുള്ളയും റോക്കറ്റ് ആക്രമണം നടത്തിയിട്ടുണ്ട്.
ഹോർമൂസ് കടലിടുക്കിലെ കപ്പൽ ഗതാഗതം തടസ്സപ്പെടുകയും ആഗോള ചരക്കുനീക്കം പ്രതിസന്ധിയിലാവുകയും ചെയ്തതോടെ ഇന്ത്യ സ്ഥിതിഗതികൾ അതീവ ജാഗ്രതയോടെ നിരീക്ഷിക്കുകയാണ്.
ഒമാൻ തീരത്ത് കഴിഞ്ഞ ദിവസം പലാവു പതാക ഘടിപ്പിച്ച 'എം/ടി സെറ്റെബെല്ലോ' എണ്ണക്കപ്പലിന് നേരെ യുഎസ് സൈന്യം നടത്തിയ മിസൈലാക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികരെ കാണാതായതിൽ ഇന്ത്യ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു.
രണ്ട് ദിവസം മുമ്പ് യുഎസ് സൈനിക ഹെലികോപ്റ്റർ ഇറാന്റെ ഡ്രോണുമായി കൂട്ടിയിടിച്ച് തകർന്നതിന് പിന്നാലെയാണ് യുഎസ് തിരിച്ചടി തുടങ്ങിയത്. തുടർന്ന് നടന്ന വ്യോമാക്രമണങ്ങളിൽ ഇറാന്റെ കുടിവെള്ള സംഭരണികൾ യുഎസ് തകർത്തത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും 'യുദ്ധക്കുറ്റവു'മാണെന്ന് ഇറാൻ ആരോപിച്ചു. യുഎസും ഇറാനും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തതോടെ മിഡിൽ ഈസ്റ്റ് സമ്പൂർണ്ണ യുദ്ധത്തിന്റെ നിഴലിലാണ്.









0 comments