ഗോവ ഇപ്പോൾ ആഘോഷിക്കാനുള്ള സ്ഥലമല്ല, പശുക്കൾക്കും അമ്പലങ്ങൾക്കും വേണ്ടിയുള്ളതാണ്: മുഖ്യമന്ത്രി പ്രമോദ് സാവന്ത്

പനാജി: ഗോവ ഇപ്പോൾ ആഘോഷിക്കാനുള്ള സ്ഥലം എന്നതിനേക്കാളുപരി ഭക്തിയുടെയും യോഗയുടെയും നാടാണെന്നും പശുക്കളുടെ നാടാണെന്നും മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ഗോവ ഒരു "ഭോഗ് ഭൂമി" (ആനന്ദത്തിന്റെ നാട്) എന്നതിനേക്കാൾ യോഗ ഭൂമിയും (ഭക്തിയുടെയും യോഗയുടെയും നാട്), ഗോ-മാതാ ഭൂമിയും (പശുക്കളുടെ നാട്) ആണെന്നാണ് ബിജെപി മുഖ്യമന്ത്രിയുടെ വാദം. കടലിനേക്കാളും ബീച്ചുകളേക്കാളും കൂടുതൽ ആളുകളെ ക്ഷേത്രങ്ങളും സംസ്കാരവും ആകർഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.
ശനിയാഴ്ച നടന്ന സനാതൻ രാഷ്ട്ര ശംഖ്‌നാദ് മഹോത്സവ് ഉദ്ഘാടന ചടങ്ങിലായിരുന്നു സാവന്തിന്റെ വിചിത്ര പരാമർശം. മുമ്പ്, ആളുകൾ ഗോവയിൽ വരുമ്പോഴെല്ലാം ഇത് ആനന്ദിക്കാൻ വേണ്ടിയുള്ള നാട് ആണെന്നാണ് കരുതിയിരുന്നുത്. എന്നാൽ, ഇത് ആനന്ദിക്കാൻ വേണ്ടിയുള്ള നാടല്ല, പകരം ഭക്തിയുടെയും യോഗയുടെയും നാട് ആണ്. ഇത് പശുക്കളുടെ ഭൂമിയാണ്. ഇവിടെ സനാതൻ സൻസ്തയുടെ ആശ്രമവുമുണ്ട്- സാവന്ത് പറഞ്ഞു. ഇത് പരശുരാമന്റെ നാടാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചർത്തു.
സംസ്ഥാനത്തെ ബീച്ചുകളേക്കാൾ കൂടുതൽ ആളുകളെ ആകർഷിക്കുന്നത് ക്ഷേത്രങ്ങളാണെന്നും സാവന്ത് അവകാശപ്പെട്ടു. കഴിഞ്ഞ കാലങ്ങളിൽ ആളുകൾ ഗോവയിലെത്തിയിരുന്നത് കടലും മണലും സൂര്യനെയുമൊക്കെ കാണാനായിരുന്നു. എന്നാൽ ഇപ്പോൾ അത് മാറി. ഗോവയുടെ മഹത്തായ സംസ്കാരം ആസ്വദിക്കാനും ക്ഷേത്രങ്ങൾ കാണാനുമാണ് ആളുകൾ വരുന്നതെന്നും സാവന്ത് അവകാശപ്പെട്ടു. സംസ്ഥാനത്ത് സനാതന ധർമം പ്രോത്സാഹിപ്പിക്കുന്നവരെ അഭിനന്ദിക്കുന്നതായും സാവന്ത് പറഞ്ഞു.









0 comments