ഓട്ടോ ഡ്രൈവറുമായുള്ള തർക്കത്തിനു പിന്നാലെ ഗോവ മുൻ എംഎൽഎ കുഴഞ്ഞുവീണു മരിച്ചു

photo credit: facebook
ബംഗളൂരു: ഗോവ മുൻ എംഎൽഎ ലാവൂ മംലെദാർ അന്തരിച്ചു. മഹാരാഷ്ട്രവാദി ഗോമാന്തക് പാർടിയുടെ എംഎൽഎയായിരുന്നു അദ്ദേഹം. മരണ കാരണം വ്യക്തമല്ല.
കർണാടകയിലെ ബെലഗാവി ജില്ലയിൽ ഒരു ഓട്ടോ ഡ്രൈവറും ലാവൂ മംലെദാറും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് 1.40 ഓടെ ശ്രീനിവാസ് ലോഡ്ജിന് സമീപം മംലെദാറിന്റെ വാഹനം ഓട്ടോയിൽ ഇടിച്ചതിനെ തുടർന്നായിരുന്നു വാക്കേറ്റം.
സംഭവത്തിന്റെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ മംലെദാറും ഡ്രൈവറും തമ്മിൽ രൂക്ഷമായ തർക്കം നടക്കുന്നതായി കാണാം. മംലെദാർ ഡ്രൈവറെ അടിച്ചതോടെ തർക്കം അക്രമാസക്തമായി. ഡ്രൈവർ തിരിച്ച് മംലെദാറിനെയും അടിച്ചു. ചുറ്റുമുള്ള ആളുകൾ ഇടപെട്ട് ഡ്രൈവറെ തള്ളിമാറ്റാൻ ശ്രമിച്ചെങ്കിലും അയാൾ വീണ്ടും എംഎൽഎയെ അടിക്കുന്നതായി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. തുടർന്ന് മംലെദാർ ലോഡ്‌ജിനുള്ളിലേക്ക് കയറിപ്പോകുകയായിരുന്നു. ലോഡ്ജിനുള്ളിലെ സിസിടിവി ദൃശ്യങ്ങളിൽ മംലെദാർ പടികൾ കയറിപ്പോകുമ്പോൾ പെട്ടെന്ന് കുഴഞ്ഞു വീഴുന്നതായി കാണാം. അദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു. സംഭവത്തിൽ ഡ്രൈവറെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
2012 മുതൽ 2017 വരെ ഗോവയിലെ പോണ്ട നിയോജകമണ്ഡലത്തിലെ എംഎൽഎയാണ് മംലെദാർ









0 comments