ad
Deshabhimani

"ലംബോർഗിനിയിൽ വന്ന് തെരുവുകൾ തൂത്തുവാരൂ"; ട്രാഫിക് നിയമം ലംഘിച്ച യുവാവിന് സമൂഹസേവനം വിധിച്ച് ഹൈക്കോടതി

high court
വെബ് ഡെസ്ക്

Published on Apr 11, 2026, 04:05 PM | 1 min read

ബംഗളൂരു: ആഡംബര കാറായ ലംബോർഗിനിയിൽ അശ്രദ്ധമായി വാഹനമോടിക്കുകയും ശബ്ദമലിനീകരണം ഉണ്ടാക്കുകയും ചെയ്ത യുവാവിന് വേറിട്ട ശിക്ഷാവിധി നടപ്പിലാക്കി കർണാടക ഹൈക്കോടതി. പ്രതിയായ ചിരന്ത് ബി ആറിനെതിരെയുള്ള ക്രിമിനൽ കേസ് റദ്ദാക്കുന്നതിന് വ്യവസ്ഥയായാണ് ജസ്റ്റിസ് എം നാഗപ്രസന്ന സമൂഹസേവനം നിർദ്ദേശിച്ചത്.


2025 ഡിസംബറിൽ മൈസൂരു-ബംഗളൂരു റോഡിൽ പച്ച നിറത്തിലുള്ള ലംബോർഗിനിയിൽ അശ്രദ്ധമായി വാഹനമോടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. രൂപമാറ്റം വരുത്തിയ (Retrofit) സൈലൻസർ ഉപയോഗിച്ച് വലിയ ശബ്ദമുണ്ടാക്കി യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിനും ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിനും കെങ്കേരി പൊലീസ് ഇയാൾക്കെതിരെ കേസെടുത്തു. നേരത്തെ പിഴ അടച്ചിരുന്നെങ്കിലും സൈലൻസർ മാറ്റിയിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തത്.


ഹർജിക്കാരൻ കുറ്റവാളിയല്ലെന്ന അഭിഭാഷകന്റെ വാദത്തോട് കോടതി വിയോജിച്ചു. "നിങ്ങൾ നിങ്ങളുടെ ലംബോർഗിനിയിൽ വരിക, തെരുവുകൾ തൂത്തുവാരുക, എന്നിട്ട് അതേ കാറിൽ തന്നെ തിരിച്ചുപോകുക" എന്ന് ജസ്റ്റിസ് നാഗപ്രസന്ന തമാശരൂപേണ പറഞ്ഞു. എന്ത് സമൂഹസേവനമാണ് ഏറ്റെടുക്കുക എന്ന കോടതിയുടെ ചോദ്യത്തിന്, സ്കൂൾ കുട്ടികളെ ട്രാഫിക് സിഗ്നലുകളെക്കുറിച്ച് പഠിപ്പിക്കാമെന്ന് പ്രതിയുടെ അഭിഭാഷകൻ മറുപടി നൽകി.


എന്നാൽ, നിയമം ലംഘിച്ച ഒരാൾ കുട്ടികളെ നിയമം പഠിപ്പിക്കുന്നത് വിരോധാഭാസമാണെന്ന് കോടതി നിരീക്ഷിച്ചു. "നിങ്ങൾ ഗതാഗത നിയമം ലംഘിച്ചു, എന്നിട്ട് കുട്ടികളെ ഗതാഗതം പഠിപ്പിക്കുന്നു. എങ്ങനെ നിയമം ലംഘിക്കാമെന്നാകും കുട്ടികൾ പഠിക്കുക" എന്ന് കോടതി പ്രതികരിച്ചു.


ചിരന്തിനെതിരെയുള്ള എഫ്‌ഐആർ റദ്ദാക്കാൻ സമ്മതിച്ച കോടതി, ഏതുതരം സമൂഹസേവനമാണ് ചെയ്യേണ്ടതെന്ന് വ്യക്തമാക്കുന്ന വിശദമായ ഉത്തരവ് പിന്നീട് പുറപ്പെടുവിക്കുമെന്ന് അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home