Deshabhimani

കുട്ടികളിൽ പോഷകാഹാരക്കുറവ്; ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ 100-ാം സ്ഥാനത്ത്

GHI
വെബ് ഡെസ്ക്

Published on Oct 22, 2026, 10:32 PM | 2 min read

ന്യൂഡൽഹി : ഇന്ത്യ വിശന്നുവലയുന്നെന്ന് വീണ്ടും തെളിയിച്ച് ആ​ഗോള പട്ടിണി സൂചിക റിപ്പോർട്ട് പുറത്ത്. 122 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 100ാം സ്ഥാനത്താണ്. ഗുരുതരമായ വിശപ്പ് നിലനിൽക്കുന്ന രാജ്യങ്ങളുടെ വിഭാഗത്തിലാണ് ഇന്ത്യ ഉൾപ്പെട്ടിരിക്കുന്നത് (24.1 സ്കോർ). രാജ്യത്തെ അഞ്ചുവയസിൽ താഴെയുള്ള 30 ശതമാനത്തോളം കുട്ടികളിൽ പ്രായത്തിനനുസരിച്ചുള്ള ഉയരം കൈവരിക്കാനാകാത്ത വളർച്ചാമുരടിപ്പുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 2026 ഒക്ടോബർ 14ന് പുറത്തിറക്കിയ സൂചികയിലെ കണക്കുകൾ വിശക്കുന്ന ഇന്ത്യയുടെ നേർചിത്രം വരച്ചുകാണിക്കുന്നതാണ്.


ജർമൻ സഹായസംഘടനയായ വെൽറ്റ് ഹംഗർ ഹിൽഫെയും അയർലൻഡ് ആസ്ഥാനമായ കൺസേൺ വേൾഡ്‌വൈഡും ചേർന്നാണ് ആഗോള പട്ടിണി സൂചിക തയ്യാറാക്കുന്നത്. പോഷകാഹാരക്കുറവ്, കുട്ടികളിലെ വളർച്ചാമുരടിപ്പ്, ഉയരത്തിനനുസരിച്ച് ഭാരക്കുറവ്, ശിശുമരണനിരക്ക് എന്നീ നാല് ഘടകങ്ങളാണ് ഒരു രാജ്യത്തെ പട്ടിണി വിലയിരുത്താൻ പരിഗണിക്കുന്നത്.


റിപ്പോർട്ട് പ്രകാരം, രാജ്യത്തെ ജനസംഖ്യയുടെ 9.8 ശതമാനം പോഷകാഹാരക്കുറവ് നേരിടുന്നവരാണ്. അഞ്ചുവയസിൽ താഴെയുള്ള കുട്ടികളിൽ 29.3 ശതമാനം പേർക്ക് വളർച്ചാമുരടിപ്പുണ്ട്. 19 ശതമാനം കുട്ടികളിൽ ഉയരത്തിനനുസരിച്ചുള്ള ഭാരക്കുറവും രേഖപ്പെടുത്തിയിട്ടുണ്ട്. ശിശുമരണനിരക്ക് 2.7 ശതമാനമാണ്.


ദീർഘകാല പോഷകാഹാരക്കുറവിന്റെ സൂചകമായാണ് വളർച്ചാമുരടിപ്പിനെ കണക്കാക്കുന്നത്. അതേസമയം, കുട്ടികളുടെ ഉയരത്തിനനുസരിച്ചുള്ള ഭാരക്കുറവ് ഗുരുതരമായ പോഷകാഹാരക്കുറവിനെയാണ് സൂചിപ്പിക്കുന്നത്. മാത്രമല്ല, ഇത് സമീപകാലത്ത് രാജ്യം നേരിടുന്ന പോഷക പ്രതിസന്ധികളെയും പ്രതിഫലിപ്പിക്കുന്നു.


2000ൽ അഞ്ചുവയസിൽ താഴെയുള്ള കുട്ടികളിൽ വളർച്ചാമുരടിപ്പ് 50 ശതമാനമായിരുന്നു. 2026ൽ ഇത് 29.3 ശതമാനമായി കുറഞ്ഞിട്ടുണ്ട്. പോഷകാഹാരക്കുറവിന്റെ തോതിലും ദീർഘകാലാടിസ്ഥാനത്തിൽ കുറവുണ്ടായിട്ടുണ്ട്. 2006ൽ 37 ആയിരുന്ന ഇന്ത്യയുടെ സ്കോർ 2026ൽ 24.1 ആയി കുറഞ്ഞു. എന്നിരുന്നാലും പുരോഗതിയുടെ വേഗം കുറഞ്ഞിട്ടുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.


കുട്ടികളിലെ ഉയരത്തിനനുസരിച്ചുള്ള ഭാരക്കുറവ് 2018ലെ 16.9 ശതമാനത്തിൽനിന്ന് 2026ൽ 19 ശതമാനമായി ഉയർന്നു. അതിനാൽ പോഷകാഹാര സൂചകങ്ങളിൽ പുരോഗതി ഉണ്ടായിട്ടും കുട്ടികൾക്ക് കൃത്യമായി പോഷണം ലഭ്യമാക്കുന്നതിൽ കൂടുതൽ ഇടപെടൽ ആവശ്യമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.


ആ​ഗോള പട്ടിണി സൂചിക പട്ടികയിൽ പാകിസ്ഥാൻ 106-ാം സ്ഥാനത്താണ്. ഇന്ത്യയേക്കാൾ മെച്ചപ്പെട്ട നിലയിലാണ് ബംഗ്ലാദേശ്. രാജ്യത്ത് ഭക്ഷ്യലഭ്യതയ്ക്കൊപ്പം പോഷകസമൃദ്ധമായ ഭക്ഷണത്തിന്റെ ലഭ്യതയും കുട്ടികളുടെ ആരോഗ്യവും ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യമാണ് റിപ്പോർട്ട് വീണ്ടും സൂചിപ്പിക്കുന്നത്. രാജ്യത്തെ കുട്ടികളുടെ പോഷകക്കുറവ് പരിഹരിക്കാൻ വേണ്ട കൃത്യമായ നടപടികളൊന്നും തന്നെ കേന്ദ്രസർക്കാരിന്റെ ഭാ​ഗത്തു നിന്ന് ഉണ്ടായിട്ടില്ലെന്ന് ഈ റിപ്പോർട്ടിലൂടെ വ്യക്തമാണ്.


ലോകത്തെ പട്ടിണി കുറഞ്ഞ ഇരുപത്തിനാല് രാജ്യങ്ങളാണ് പട്ടികയിൽ ആദ്യമുള്ളത്. അർമേനിയ, ബെലാറസ്, ബോസ്നിയ ആൻഡ് ഹെർസഗോവിന, ബൾഗേറിയ, ചിലി, ചൈന, കോസ്റ്റാറിക്ക, ക്രൊയേഷ്യ, എസ്റ്റോണിയ, ജോർജിയ, എന്നിവയാണ് പട്ടിണി കുറഞ്ഞ രാജ്യങ്ങളിൽ ആദ്യ പത്തിൽ.


ബുറുണ്ടി, സൗത്ത് സുഡാൻ, യെമൻ, സുഡാൻ, സൊമാലിയ, കോം​ഗോ, ചാഡ്, മഡ​ഗാസ്കർ എന്നിവയാണ് ഏറ്റവും കൂടുതൽ പട്ടിണി നേരിടുന്ന ആദ്യ 10 രാജ്യങ്ങൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home