യാത്രക്കിടെ സ്കൂൾ ബസിൽ തീപിടിത്തം

ബസിന്റെ എൻജിൻ കത്തിനശിച്ച നിലയിൽ
ചേലേമ്പ്ര
ഇടിമുഴക്കലിൽ വിദ്യാർഥികളടക്കം 30 പേർ സഞ്ചരിച്ച സ്കൂൾ ബസിന്റെ എന്‍ജിന് തീപിടിച്ചു. ദേശീയപാത 66ലെ ഇടിമുഴിക്കൽ സർവീസ് റോഡിൽ വ്യാഴം രാവിലെ 8.35ഓടെയാണ് സംഭവം. കല്ലംപാറയിൽനിന്ന് കാക്കഞ്ചേരി നവഭാരത് സ്കൂളിലേക്ക് കുട്ടികളുമായി വരികയായിരുന്നു ബസ്. മറ്റൊരു ബസിൽ പോകാറുള്ള ഇതേ സ്കൂളിലെ കുട്ടി ഇടിമുഴക്കലിൽവച്ച് ബസിന് കൈകാണിച്ചു. ബസ് നിർത്തുകയുംചെയ്തു. ഇതിനിടയിൽ വയർ കത്തി ഗന്ധം പുറത്തേക്ക് വന്നു. ഡ്രൈവർ ചേലേമ്പ്ര പട്ടയിൽ കീരങ്ങാട് കൃഷ്ണൻ ബസിലുണ്ടായിരുന്ന കുട്ടികളുൾപ്പെടെയുള്ളവരെ ഉടൻ ഇറക്കുകയായിരുന്നു. ബസ് കുറച്ചകലെ ഒഴിഞ്ഞയിടത്തേക്ക് മാറ്റി എന്‍ജിൻ ഭാഗം തുറന്നുനോക്കിയപ്പോൾ തീ കത്തിപ്പിടിച്ചിരുന്നു. ഉടൻ തൊട്ടടുത്ത ഹോട്ടലിൽനിന്ന് ബക്കറ്റുകളിൽ വെള്ളമെത്തിച്ച് തീയണക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. നാട്ടുകാരുടെ സഹായത്തോടെ തൊട്ടടുത്ത കെട്ടിടത്തിൽനിന്ന് വെള്ളം പമ്പ് ചെയ്താണ് തീ അണച്ചത്. അപ്പോഴേക്കും മീഞ്ചന്തയിൽനിന്ന് ഫയർഫോഴ്സും സ്ഥലത്തെത്തി. ബസിന്റെ എന്‍ജിൻ പൂർണമായും കത്തിനശിച്ചു.









0 comments