14കാരിയെ മദ്യം നൽകി കൂട്ടബലാത്സംഗം ചെയ്തു; സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

പ്രതീകാത്മക ചിത്രം
ബെംഗളൂരു: ക്ഷേത്ര ദർശനത്തിനെന്ന വ്യാജേന പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. ബെംഗളൂരുവിലെ ദേവനഹള്ളിയിലാണ് പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി മദ്യം നൽകി ക്രൂരമായി പീഡിപ്പിച്ചത്. സംഭവത്തിൽ സ്ത്രീ ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
പെൺകുട്ടിയുടെ അയൽക്കാരി, ഓട്ടോ ഡ്രൈവറായ നവീൻ, ഇയാളുടെ സുഹൃത്ത് വെങ്കിട്ടരമണ എന്നിവരാണ് ദേവനഹള്ളി പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ആഴ്ചയിലായിരുന്നു കേസിനാസ്പദമായ സംഭവം. അയൽക്കാരിയായ സ്ത്രീയാണ് ക്ഷേത്രത്തിൽ പോകാമെന്ന് പറഞ്ഞ് കുട്ടിയെ വീട്ടിൽ നിന്നും ഇറക്കിയത്. തുടർന്ന് നവീന്റെ ഓട്ടോറിക്ഷയിൽ പെൺകുട്ടിയുമായി ഇവർ ആളൊഴിഞ്ഞ സ്ഥലത്തേക്ക് പോവുകയായിരുന്നു. അവിടെ വെച്ച് കുട്ടിയെ പ്രതികൾ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചു.
തുടർന്ന്, മദ്യപിച്ച അവസ്ഥയിൽ വീട്ടിൽ പോയാൽ മാതാപിതാക്കൾ വഴക്കുപറയുമെന്ന് വിശ്വസിപ്പിച്ച് രാത്രിയിൽ നിർമാണം നടന്നുകൊണ്ടിരിക്കുന്ന ഒരു കെട്ടിടത്തിലേക്ക് കുട്ടിയെ കൂട്ടിക്കൊണ്ടുപോയി. ഇവിടെ വെച്ചാണ് നവീൻ കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. വെങ്കിട്ടരമണയും അയൽക്കാരിയും ഇതിന് കൂട്ടുനിൽക്കുകയും ചെയ്തു. അടുത്ത ദിവസം രാവിലെയാണ് കുട്ടിയെ ഇവർ തിരികെ വീട്ടിലെത്തിച്ചത്.
വീട്ടിലെത്തിയ കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അമ്മ വിശദമായി ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. ഭയം കാരണം ദിവസങ്ങൾക്ക് ശേഷമാണ് പെൺകുട്ടി വിവരങ്ങൾ തുറന്നുപറഞ്ഞത്. തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതികൾക്കെതിരെ പോക്സോ വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.









0 comments