സർക്കാർ ഡിജിറ്റൽ സേവനം 6 മാസത്തിൽ സഹേലിലേക്ക്: നിർദേശവുമായി കുവൈത്ത് അധികൃതർ

കുവൈത്ത് സിറ്റി : കുവൈത്തിലെ എല്ലാ സർക്കാർ സ്ഥാപനങ്ങളും ഡിജിറ്റൽ സേവനങ്ങൾ ആറുമാസത്തിനകം ഏകീകൃത സർക്കാർ ആപ്പായ സഹേലിലേക്ക് മാറ്റണമെന്ന് അധികൃതർ. സർക്കാർ ഓഫീസുകളിൽ നേരിട്ടെത്താതെ പൗരന്മാർക്കും പ്രവാസികൾക്കും വിവിധ ഇടപാടുകൾ പൂർത്തിയാക്കാൻ സഹേൽ വഴി സാധിക്കുന്ന സാഹചര്യത്തിലാണ് നടപടി.
വിവിധ സ്ഥാപനങ്ങളുടെ സേവനങ്ങൾക്കായി പല പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കേണ്ട സാഹചര്യം ഒഴിവാക്കി നടപടിക്രമങ്ങൾ ലളിതമാക്കുകയാണ് ലക്ഷ്യം. സ്ഥാപനങ്ങൾ തമ്മിലുള്ള ഡിജിറ്റൽ ഏകോപനം മെച്ചപ്പെടുത്താനും സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാനും പൊതുചെലവ് നിയന്ത്രിക്കാനും നടപടി സഹായിക്കും. കടലാസ് രേഖകളെ ആശ്രയിച്ചുള്ള ഇടപാടുകൾ ഘട്ടംഘട്ടമായി ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗവുമാണിത്.
അപേക്ഷകളുടെയും ഇടപാടുകളുടെയും പുരോഗതി ഉപയോക്താക്കൾക്ക് സഹേലിലൂടെ നേരിട്ട് അറിയാം. കൂടുതൽ സേവനങ്ങൾ ആപ്പിൽ ലഭ്യമാകുന്നതോടെ സർക്കാർ ഓഫീസുകൾ സന്ദർശിക്കേണ്ട ആവശ്യം കുറയുമെന്നാണ് പ്രതീക്ഷ. കുവൈത്ത് വിഷൻ 2035ന്റെ ലക്ഷ്യങ്ങൾക്കനുസൃതമായി സർക്കാർ സേവനങ്ങൾ കൂടുതൽ വേഗത്തിലും എളുപ്പത്തിലും ലഭ്യമാക്കാനാണ് നീക്കം.









0 comments