പെരുമ്പാവൂരില്‍ ഇടിമിന്നല്‍: നിരവധി വീടുകൾക്ക് നാശനഷ്ടം

പെരുമ്പാവൂർ: വെങ്ങോല പഞ്ചായത്ത് പാലായിക്കുന്ന് പ്രദേശത്ത് ഇടിമിന്നലിൽ പത്തോളം വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. ഞായർ രാത്രി 12 മണിയോടെയാണ് മിന്നൽ ഉണ്ടായത്. പാലായി കുന്ന് അമ്പാട്ട് വീട്ടിൽ സാറാമ്മയുടെ വീടിന്റെ ഭിത്തിയിൽ പൊട്ടൽ ഉണ്ടാവുകയും കാർ ഷെഡ്ഡിനോട് ചേർന്ന തറ മിന്നലിന്റെ ആഘാതത്തിൽ ചിതറി തെറിക്കുകയും ചെയ്തു.
വീട്ടിലെ വയറിങ്ങും വൈദ്യുതി ഉപകരണങ്ങളും പൂർണമായും കത്തി നശിച്ചു. പേരക്കുട്ടി അക്ഷരയുടെ കൈകൾക്ക് ചെറുതായി പൊള്ളലേൽക്കുകയും ചെയ്തിട്ടുണ്ട്.
തറയിൽ നിന്നും ഇളകി ത്തെറിച്ച കല്ലും മണ്ണും സമീപവീടിന്റെ മേച്ചിലിന്റെ മുകൾ ഭാഗം വരെ തെറിച്ച് വീണു. പോക്കയിൽ എൽദോ, തെക്കേക്കുറ്റയിൽ ഫിലിപ്പോസ്, മുരിങ്ങത്തറ ദാസൻ, അറയ്ക്കക്കുടി സിബി, ആനപ്പം തടത്തിൽ ശിവൻ, കണ്ണാട്ടു മഠം വിനീത, കണ്ണിമോളത്ത് ശശി, അനിൽകുമാർ, കെ കെ തമ്പി, മഹേഷ്, മനോജ്,എന്നിവരുടെയും കളരിക്കൽ അശോകൻ എന്നിവരുടെ വീടുകളിലാണ് നാശനഷ്ടം ഉണ്ടായിട്ടുള്ളത്. ഫാൻ, എ സി, ഫ്രിഡ്ജ്, ഇൻവർട്ടർ തുടങ്ങി ഗൃഹോപകരണങ്ങൾ എല്ലാം കത്തിനശിച്ചു.
നാശനഷ്ടം സംഭവിച്ചവർക്ക് പ്രകൃതി ദുരന്തത്തിൽപ്പെടുത്തി സർക്കാർനഷ്ടപരിഹാരം നൽകണമെന്ന് വാർഡ് മെമ്പർ ബേസിൽ കുര്യാക്കോസ് ആവശ്യപ്പെട്ടു. നഷ്ടപരിഹാരത്തിനായി കുടുംബങ്ങൾ വെങ്ങോല വില്ലേജ് ഓഫീസർ വഴി പ്രത്യേക അപേക്ഷയും സമർപ്പിച്ചു.









0 comments