കവർസ്റ്റോറി
ഭാഷാസഞ്ചാരം

ഉണ്ണി ആർ
Published on Oct 05, 2026, 04:30 PM | 5 min read
പഴയൊരു സംഭവത്തിൽനിന്നും തുടങ്ങാം. തിരുവനന്തപുരം വി ജെ ടി ഹാളിൽ ആശാൻ വാരത്തോട് അനുബന്ധിച്ചു നടന്ന ചടങ്ങിൽ ആധ്യക്ഷ്യം വഹിച്ചത് പണ്ഡിതനായ എൻ ഗോപാലപിള്ളയാണ്. പ്രാസംഗികരിലൊരാൾ ആശാന്റെ കവിത്വഗുണമുദാഹരിക്കാനായി തെരഞ്ഞെടുത്തത് ‘ബുദ്ധചരിത’മായിരുന്നു. അതോടൊപ്പം അദ്ദേഹത്തിന്റെ ‘ചിന്താവിഷ്ടയായ സീത’ പോലൊരു കൃതി സംസ്‌കൃതത്തിലേക്ക് തർജമ ചെയ്‌തപ്പോൾ മൂലത്തിൽനിന്നും പരിവർത്തനം വരുത്തിയതിന്റെ ഔചിത്യം സദസ്യർ ചിന്തിക്കട്ടെ എന്നു പറഞ്ഞുകൊണ്ടാണ് മാന്യദേഹം പ്രസംഗം അവസാനിപ്പിച്ചത്. ഈ സന്ദർഭത്തിൽ പ്രൗഢമായ സദസിന്റെ നോട്ടമൊന്നാകെ അധ്യക്ഷനും ‘ചിന്താവിഷ്ടയായ സീത’യുടെ സംസ്‌കൃത പരിഭാഷകനുമായ എൻ ഗോപാലപിള്ളയിലേക്കാവുക സ്വാഭാവികം. സംസ്‌കൃതഭാഷാ ജ്ഞാനമില്ലാത്ത എന്നേപ്പോലൊരാൾക്ക് ഗോപാലപിള്ളയുടെ പരിഭാഷയുടെ കുറവെന്തെന്ന് അറിയുക പ്രയാസമാണ്.
ഒരുവാക്ക് എഴുതുംമുമ്പ് നൂറുവട്ടം ചിന്തിക്കുന്ന സ്വഭാവക്കാരനാണ് ഗോപാലപിള്ളയെന്നാണ് ഞാൻ വായിച്ചറിഞ്ഞിട്ടുള്ളത്. അങ്ങനെയൊരാളിൽനിന്നും ഉത്തരവാദിത്വരഹിതമായൊരു പരിഭാഷ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുകയും വയ്യ. മഹാകവിയുടെ കവിത സംസ്‌കൃതത്തിലേക്ക് ഭാഷാന്തരം ചെയ്‌തപ്പോൾ മൂലകൃതിയിൽനിന്നും ചുവടുതെറ്റിച്ച് തനിക്കനുരോധമാംവണ്ണം പരിഭാഷ നിർവഹിച്ചു എന്നാണല്ലോ ഗോപാലപിള്ളയ്‌ക്ക് മേൽ പ്രാസംഗികൻ ചാർത്തിയ കുറ്റം. ഈ വിമർശനത്തെ ഗോപാലപിള്ള നേരിട്ടത് ഇവ്വിധമാണ്: ""സാഹിത്യ നഭോമണ്ഡലത്തിലെ വാനമ്പാടിയായി പരിലസിക്കുന്ന ശ്രീമാൻ …ന്റെ പ്രസംഗമാണ് നാമിപ്പോൾ കേട്ടത്. മഹാകവികൾ ലോകത്ത് സുലഭമല്ല. നൂറു നൂറു സംവത്സരങ്ങൾ കൂടുമ്പോഴാണ് നമുക്ക് ഒരു മഹാകവിയെ ലഭിക്കുന്നത്. അങ്ങനെ ലഭിച്ച ഒരു മഹാകവിയാണ് കുമാരനാശാൻ. പക്ഷേ, നിരൂപകന്മാരുടെ നിരൂപണ വൈശിഷ്ട്യംകൊണ്ട് ഇത്തരം മഹാന്മാരുടെ മഹിമയ്‌ക്ക് അപകർഷം സംഭവിക്കുന്നില്ലേ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ‘ബുദ്ധചരിത’ത്തിലാണ് ആശാന്റെ രചനാവൈദഗ്ധ്യത്തിന്റെ പാരമ്യം എന്നു പ്രാസംഗികൻ പറഞ്ഞു. Light of Asia എന്ന ഒരു ആംഗല ഗ്രന്ഥത്തിന്റെ തർജമയാണ് ‘ബുദ്ധചരിതം’ എന്ന് അത് വായിച്ചിട്ടുള്ളവർക്കറിയാം. ‘ബുദ്ധചരിത’രചനയുടെ മഹിമ ആശാനാണെങ്കിൽ ‘ചിന്താവിഷ്ടയായ സീത’യുടെ മഹിമ എനിക്കായിരിക്കണമല്ലോ.'' (എൻ ഗോപാലപിള്ളയെക്കുറിച്ച് ജി കമലമ്മ എഴുതിയ പുസ്‌തകത്തിൽനിന്നും.)
ഈ സന്ദർഭത്തെ അടുത്തറിയാൻ ശ്രമിച്ചാൽ സങ്കീർണമായൊരു വിഷയം ഇഴപിരിയാതെ നിൽക്കുന്നത് കാണാം. മൂലകൃതിയിൽനിന്നും പരിഭാഷകന് എത്രത്തോളം വ്യതിചലിക്കാം?പരിഭാഷയിൽ എത്രമാത്രം സ്വാതന്ത്ര്യമെടുക്കാം? പരിഭാഷ ചെയ്യപ്പെട്ട കൃതി പരിഭാഷകന്റെ രചനാമികവായി വാഴ്‌ത്തപ്പെടുന്നതിൽ എത്രത്തോളം സാംഗത്യമുണ്ട്? അങ്ങനെയെങ്കിൽ മൂലകൃതി രചിച്ചയാളുടെ കർതൃത്വം (agency)നഷ്ടമാകുന്നുണ്ടോ? പരിഭാഷയെന്നാൽ തർജമക്കാരന് തോന്നുംപടി എഴുതുവാനുള്ള സ്വാതന്ത്ര്യമല്ല എന്ന ബോധ്യത്താലാണോ ചരിത്രത്തിൽ രേഖപ്പെടാതെപോയ ആ പ്രാസംഗികൻ (ജി കമലമ്മ പേരുദ്ധരിച്ചിട്ടില്ല)ഇനി നിങ്ങൾ ചിന്തിക്കൂ എന്ന ഉത്തരവാദിത്വം സദസ്യർക്കായി വിട്ടുകൊടുത്തത്? ഗോപാലപിള്ളയാവട്ടെ ഈ വിമർശനത്തെ നേരിടാതെ ‘ബുദ്ധചരിത’ത്തിന്റെ കർതൃത്വമാർക്ക് എന്ന ചോദ്യത്തിലൂടെ തന്റെ പരിഭാഷയ്‌ക്ക് നേരിട്ട വിമർശനത്തെ കണ്ടില്ലെന്ന് വരുത്തുകയും അതേസമയം മറ്റൊരു ചിന്തയുടെ ആരംഭത്തിലേക്ക് സദസ്യരെ ക്ഷണിക്കുകയും ചെയ്യുന്നു. പരിഭാഷകൻ എന്നാൽ വെറുമൊരു കടത്തുകാരനാണോ?
പരിഭാഷകൻ/ പരിഭാഷകയുടെ പേരറിഞ്ഞാണ് കേട്ടിട്ടില്ലാത്ത പല വിദേശ എഴുത്തുകാരെയും ഞാൻ വായിച്ചിട്ടുള്ളത്. ഇത് പരിഭാഷകരോടുള്ള വിശ്വാസമാണ്.അവർ തെരഞ്ഞെടുക്കുന്ന കൃതികളുടെ ഗുണത്തിൽ നാം സംശയിക്കേണ്ടിവരില്ല. ലിഡിയ ഡേവിസ് പരിഭാഷ ചെയ്‌തുവെന്ന ഒറ്റക്കാരണത്താലാണ് വർഷങ്ങൾക്ക് മുമ്പ് A L Snijders
ഉണ്ണി ആർ
ഫോട്ടോ: ഹക്‌സർ ആർ കെഎന്ന എഴുത്തുകാരനെ വായിക്കുവാനെടുത്തത്. തോമസ് മെന്നിന്റെ ‘മാജിക് മൗണ്ട’ന് നിരവധി പരിഭാഷകളുണ്ടെങ്കിലും രണ്ടായിരത്തി ഇരുപത്തിയേഴ് തുടക്കത്തിൽ സൂസൻ ബെർണോഫ്‌സ്‌കിയുടെ ‘മാജിക് മൗണ്ടൻ’ പരിഭാഷ പ്രതീക്ഷിക്കുന്നതിലുള്ള കാരണങ്ങളിലൊന്ന് അവരുടെ വാൾസർ പരിഭാഷകളും ജീവചരിത്രവുമാണ്. പരിഭാഷകൻ/പരിഭാഷക ആരെന്ന് അറിയുക മാത്രമല്ല, അവരുടെ കർതൃത്വത്തെ അംഗീകരിക്കുകയും വേണമെന്ന പക്ഷക്കാരനാണ് ഞാൻ. നിർഭാഗ്യവശാൽ മലയാള പ്രസാധകരിൽ ഏറിയപങ്കും ഇവരെ രണ്ടാംതരം പൗരന്മാരായാണ് കണക്കാക്കുന്നത്.
മലയാളത്തിൽ വിവർത്തനം ചെയ്യപ്പെട്ട ഡി ഡി കൊസാംബിയുടെ ‘പ്രാചീനഭാരതത്തിന്റെ സംസ്‌കാരവും നാഗരികതയും: ചരിത്രപരമായ രൂപരേഖ’ (ഡി സി ബുക്സ് 2003)യുടെ ആമുഖക്കുറിപ്പിൽ പ്രസാധകർ പറയുന്നത്, ഈ വിവർത്തനങ്ങൾ (ഐസിഎച്ച്ആറുമായി ചേർന്ന് പ്രസിദ്ധീകരിക്കുന്ന ചരിത്രകൃതികൾ)മാറിയ കാലത്തും ഒട്ടും കാലഹരണപ്പെടാതെ, ഉന്മേഷകരവും സുഗമവുമായ വായനയ്‌ക്കിടനൽകുന്നു എന്നാണ്. ഈ പ്രസ്‌താവം നൂറുശതമാനം സത്യവുമാണ്. പക്ഷേ, ചെറിയൊരു സംശയം ബാക്കി നിൽക്കും. കൊസാംബി തന്നെയാണോ ഇത് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്? അതോ മറ്റാരെങ്കിലും ആണോ? അങ്ങനെയെങ്കിൽ ആ ചരിത്രവസ്‌തുത രേഖപ്പെടുത്താതെ പോകുന്നത് ശരിയാണോ? അശ്രദ്ധകൊണ്ടാണ് പരിഭാഷകൻ/പരിഭാഷകയുടെ പേര് വിട്ടുപോയതെങ്കിൽ അത് മാപ്പർഹിക്കുന്നില്ല.അതല്ലാ, തർജമ ആരുടേതെന്ന് അറിയില്ല എങ്കിൽ അത് പ്രസിദ്ധീകരിക്കാതിരിക്കുക എന്ന തീരുമാനമായിരുന്നു ഉചിതം.
പരിഭാഷകരുടെ പേരിന് പ്രസക്തിയെന്തെന്ന് ചിലർ ചിന്തിക്കുന്നതുപോലെ പരിഭാഷ ചെയ്യപ്പെടുന്നതിലൂടെ ക്ലാസിക്കൽ കൃതികൾക്ക് മേലുള്ള അധികാരം നഷ്ടപ്പെടുന്നതിലുള്ള ആവലാതിയും കേരളത്തിൽ പണ്ടുണ്ടായിട്ടുണ്ട്. കുഞ്ഞിക്കുട്ടൻ തമ്പുരാൻ ഭാരതം തർജമ ചെയ്‌തത് അന്നത്തെ പല സവർണർക്കും രുചിച്ചില്ല. ഇതിനെക്കുറിച്ച് കുട്ടികൃഷ്‌ണമാരാർ ഇങ്ങനെ എഴുതിയിട്ടുണ്ട്: ‘ഭാരതവിവർത്തനത്തിന് അദ്ദേഹത്തിന്റെ സ്വന്തം ആളുകളിട്ട പേര് ‘കുഞ്ഞിക്കുട്ടന്റെ ചെട്ടിപ്പായസം എന്നായിരുന്നു പോൽ!’ അകത്തളങ്ങളിൽ സൂക്ഷിച്ചിരുന്ന താളിയോലകളും അപൂർവഗ്രന്ഥങ്ങളും തേടിപ്പിടിച്ച് അപ്പൻ തമ്പുരാനും കൊച്ചുണ്ണിത്തമ്പുരാനും കുഞ്ഞിക്കുട്ടൻ തമ്പുരാനും പരിഭാഷയിലൂടെ അരങ്ങത്തേക്ക് എത്തിക്കുമ്പോൾ അറിവിന്റെ പൊതുവിതരണം മാത്രമല്ല അറിവിന്റെ പൂഴ്‌ത്തിവയ്‌പ്പി (gate keeping)ല്ലാതാക്കുകകൂടിയാണ് ചെയ്‌തത്.

കേസരിയും എം എൻ സത്യാർഥിയും എൻ വി കൃഷ്‌ണവാര്യരും എൻ കെ ദാമോദരനും തൊട്ട് എത്രയോ മഹാന്മാർ ചാരിവച്ച കോണിയിൽ ചവിട്ടിക്കയറിയാണ് കിണറിനു പുറത്തെ ലോകത്തെ നാം അനുഭവിച്ചത്. അതുകൊണ്ടാണ് ‘ഋതുസംഹാരം’ വായിക്കുമ്പോൾ വിഷ്‌ണുനാരായണൻ നമ്പൂതിരിയേയും ‘ധർമ്മപദം’ വായിക്കുമ്പോൾ മൂലൂരിനെയും ഓർമവരുന്നത്. നിലീനാ അബ്രഹാം ഇല്ലെങ്കിൽ എനിക്ക് ‘ആരോഗ്യനികേതനം' ഇല്ല. കുട്ടിക്കാലം മുതൽ വഴിവെട്ടമായി മുന്നിൽ നടന്നിട്ടുള്ളത് പരിഭാഷകരാണ്. അവരോടുള്ള ആദരമില്ലാതെ ഒരു നിമിഷംപോലും ഈ കൃതികളെ തൊടുവാൻ കഴിയില്ല. അതുകൊണ്ടുതന്നെ ഈ സന്ദർഭത്തിൽ എന്റെ കൃതികൾ ഇംഗ്ലീഷിലേക്കും തമിഴിലേക്കും പല കാലങ്ങളിലായി പരിഭാഷ നിർവഹിച്ചവരെ ഓർക്കുന്നതിൽ സന്തോഷമുണ്ട്. കവിയും നോവലിസ്റ്റുമായ സുകുമാരനാണ് കഥകൾ തമിഴിലേക്ക് വിവർത്തനം ചെയ്‌തത്. മലയാളത്തിലെ മുതിർന്ന എഴുത്തുകാരെ തമിഴിന് പരിചയപ്പെടുത്തിയ വിവർത്തകനെന്ന നിലയിൽ അദ്ദേഹത്തിന്റെ തർജമയിൽ കഥകൾക്ക് കേടുണ്ടാവില്ലെന്ന് ഉറപ്പുണ്ടായിരുന്നു. പരിഭാഷകരുടെ പേര് കണ്ട് പുസ്‌തകം തെരഞ്ഞെടുക്കും പോലെത്തന്നെയാണ് ആരാണ് നിങ്ങളുടെ കൃതികൾ വിവർത്തനം ചെയ്യുന്നത് എന്നതും. അന്യഭാഷാപരിചയം ഇംഗ്ലീഷിനോടുമാത്രമായതിനാൽ ഇന്ത്യയിലെ മറ്റ് ഭാഷാതർജമകളിൽ പരിഭാഷകനെ വിശ്വസിക്കുക മാത്രമേ നിർവാഹമുള്ളൂ. ഇംഗ്ലീഷിലേക്ക് ജെ ദേവികയും സി എസ് വെങ്കിടേശ്വരനുമാണ് പരിഭാഷകൾ നിർവഹിച്ചിട്ടുള്ളത്. ഓപ്പൺ മാഗസിനുവേണ്ടി (സ്വാതന്ത്ര്യദിന പ്രത്യേക പതിപ്പ് 2026) എന്റെ ‘നെടുമോഹനിദ്ര'എന്ന കഥ വെങ്കിടേശ്വരനാണ് തർജമ ചെയ്‌തത്. കുമാരനാശാന്റെ കവിതയിലെ ഈ പ്രയോഗം എങ്ങനെയാവും ഇംഗ്ലീഷിലേക്ക് പരാവർത്തനം ചെയ്യപ്പെടുക എന്നതായിരുന്നു സംശയം. വെങ്കിടേശ്വരനെതിനെ "The Slumber of Deep Desire’ എന്ന് ഭംഗിയായി ഇംഗ്ലീഷിന് നൽകി. ഗ്രാമ്യഭാഷാ പ്രയോഗം കൂടുതലുള്ള എന്റെ കഥകളെ അതിഗംഭീരമായി ഇംഗ്ലീഷിലേക്ക് ദേവിക മാറ്റിക്കെട്ടുന്നത് കാണുമ്പോൾ ഞാൻതന്നെ പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്. ‘ഒറ്റപ്പെട്ടവൻ’ എന്ന കഥയിൽ യേശുവിനെ പരാമർശിക്കുന്ന ഒരു ഭാഗമുണ്ട്.

‘നമ്മുടെ നാട്ടുകാരനാ.'
‘ഒറ്റുന്ന പാർട്ടിയാണോ?'
‘അല്ല, ഒറ്റപ്പെട്ടവനാ.’
ഇതെങ്ങനെയാവും ദേവിക പരിഭാഷപ്പെടുത്തുന്നത് എന്നതിൽ എനിക്ക് കൗതുകമുണ്ടായിരുന്നു. മലയാളവാക്കിനുമേൽ നടത്തുന്ന ഒരു തിരിച്ചിടൽ എത്രത്തോളം ഇംഗ്ലീഷ് ഭാഷയിൽ പ്രായോഗികമാണന്ന തോന്നലിൽ നിന്നാണ് ഈ സംശയമുണ്ടായത്. ദേവിക അതിങ്ങനെ പരിഭാഷപ്പെടുത്തി
‘From bac’ home’
‘Not a judas, mole-guy?’
‘No, jus’a sole -guy’
എ കെ രാമാനുജനെപ്പോലെ, ദിലീപ് ചിത്രയെപ്പോലെ, വിലാസ് സാരംഗിനെപ്പോലെ ഇരുഭാഷകളിലും ഒരേപോലെ സഞ്ചരിക്കാൻ കഴിയുന്ന ഒരാൾക്ക് സ്വന്തം കൃതിയുടെ പരിഭാഷയിൽ അനായാസമായി പ്രവൃത്തിക്കാൻ കഴിയും. "The Women in Cages' എന്ന ചെറുകഥാസമാഹാരത്തിനൊടുവിൽ പരിഭാഷാ അനുഭവത്തെക്കുറിച്ച് മറാത്തി എഴുത്തുകാരനായ വിലാസ് സാരംഗ് എഴുതിയ കുറിപ്പ് ഇങ്ങനെയാണ് തുടങ്ങുന്നത്: ‘‘ഈ സമാഹാരത്തിലെ മിക്കവാറും എല്ലാ കഥകളും മറാത്തിയിലാണ് എഴുതിയത്.കാലക്രമേണ അവ ഇംഗ്ലീഷിലേക്ക് മാറ്റി എഴുതപ്പെടുകയായിരുന്നു. മാറ്റി എഴുതി എന്ന് പറഞ്ഞത് എന്റെ ശ്രമത്തെ സാങ്കേതികമായി പരിഭാഷയെന്ന് വിളിക്കാൻ സാധിക്കാത്തതിനാലാണ്.മൂലകൃതി നോക്കാതെയാണ് ഓരോ കഥയുടേയും അവസാന പകർപ്പെഴുതുന്നത്. കാരണം, ആ ഘട്ടങ്ങളിലൊക്കെയും എന്റെ പ്രഥമപരിഗണന ഇംഗ്ലീഷ് ഭാഷയ്‌ക്ക് അനുയോജ്യമായ രൂപത്തിൽ കഥ വികസിപ്പിച്ചെടുക്കുക എന്നതായിരുന്നു.ഇതെനിക്ക് എളുപ്പത്തിൽ സാധ്യവുമായിരുന്നു. എന്തുകൊണ്ടെന്നാൽ ഇംഗ്ലീഷ് ഭാഷയിലുള്ള ചിന്തകൾ മനസ്സിലിട്ട് പരിഭാഷപ്പെടുത്തിയ ശേഷമാണ് ഞാൻ മറാത്തിയിൽ എഴുതിയിരുന്നത്.’’
എന്നെപ്പോലെ ഒരു ഭാഷയിൽ മാത്രമെഴുതുന്ന, ആ ഭാഷയിൽ ചിന്തിക്കുന്ന ഒരാൾക്ക് പരിഭാഷകൻ/ പരിഭാഷകയുടെ കൂട്ടില്ലാതെ മറ്റൊരു ഭാഷയിൽ കാലുകുത്തുക പ്രയാസമാണ്. അതുമാത്രമല്ല, മുകളിൽ സൂചിപ്പിച്ചതുപോലെ ആരാണ് നിങ്ങളുടെ പരിഭാഷ നിർവഹിക്കുന്നതെന്നുമുള്ളതും പ്രസക്തമാണ്. ഉദാഹരണമായി, സിമോൺ ദ ബുവ്വയുടെ ‘സെക്കൻഡ് സെക്സ്’ എന്ന കൃതിയുടെ (1949) ആദ്യ ഇംഗ്ലീഷ് പരിഭാഷ പ്രസിദ്ധം ചെയ്യുന്നത് 1953‐ൽ ആണ് (പരിഭാഷകൻ Howard Madison Parshley).പ്രസാധകരായ Alfred k Knopf നിർദേശിച്ച പ്രകാരം പ്രധാനപ്പെട്ട പല ഭാഗങ്ങളും ഒഴിവാക്കിക്കൊണ്ടാണ് പരിഭാഷ പുറത്തിറങ്ങിയത്. സിമോൺ ദ ബുവ്വയുടെ ആശയങ്ങളെ മനസ്സിലാക്കുന്നതിൽ പുരുഷ പരിഭാഷകന് പരിമിതിയും ഉണ്ടായിരുന്നു. പിന്നീട് 2009‐ൽ രണ്ട് സ്‌ത്രീകൾ (Constance Borde, Sheila Chevallier) ഇംഗ്ലീഷിലേക്ക് പരിഭാഷ ചെയ്‌തതോടെയാണ് ‘സെക്കൻഡ് സെക്സ്' ഇംഗ്ലീഷ് വായനക്കാർക്ക് പൂർണമായും ലഭിക്കുന്നത്. ആദ്യ ഇംഗ്ലീഷ് പരിഭാഷയിൽ ഒഴിവാക്കലുകളും തത്വചിന്തയെ ലഘൂകരിക്കലും ഉണ്ടായിരുന്നു. എന്നാൽ പിന്നീട് രണ്ട് സ്‌ത്രീകൾ പരിഭാഷ ചെയ്‌തപ്പോൾ ഈ നീതികേടിന് മറുപടിയുണ്ടായതായിക്കാണാം.

ഇന്ത്യയിലെ അക്കാദമിക് രംഗത്ത് അറിയപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്ന വ്യക്തിത്വമാണ് ദേവിക. അവർ പരിഭാഷ നിർവഹിച്ച് പെൻഗ്വിൻ പ്രസിദ്ധം ചെയ്‌ത മൂന്ന് പുസ്‌തകങ്ങളും ഇംഗ്ലീഷ് വായനക്കാരിലേക്ക് എത്തിയിട്ടുണ്ടെങ്കിൽ അതിൽ ദേവിക എന്ന പേരിന് വലിയൊരു പങ്കുണ്ട്.അതുമാത്രമല്ല, വ്യക്തമായ ബോധ്യത്തിലല്ലാതെ അവരൊരു പുസ്‌തകം പരിഭാഷയ്‌ക്കായി തെരഞ്ഞെടുക്കാറില്ല. ജയശ്രീ കളത്തിൽ, ഇ വി ഫാത്തിമ, എ ജെ തോമസ്, നന്ദകുമാർ, മിനിസ്‌തി എസ്, ഷഹനാസ് ഹബീബ്, സംഗീതാ ശ്രീനിവാസൻ തുടങ്ങി ഇംഗ്ലീഷിലേക്ക് പരിഭാഷ നിർവഹിക്കുന്ന നിരവധിപേരിന്നുണ്ട്. ഏത് ഭാഷയിലേക്കുമാവട്ടെ ഒരു കൃതി തർജമ ചെയ്യപ്പെടുമ്പോൾ വിവർത്തകൻ/ വിവർത്തകയുടെ പങ്കില്ലാതെ ഒരെഴുത്തുകാരന്/എഴുത്തുകാരിക്ക് സ്വതന്ത്രമായൊരു നിലനിൽപ്പുണ്ടോ? ഇല്ലെന്നാണ് എന്റെ വിശ്വാസം. മറിച്ചാണ് എഴുത്തുകാർ ചിന്തിക്കുന്നതെങ്കിൽ അവരോട് ബഹുമാനത്തോടെ വിയോജിക്കുകയേ നിവൃത്തിയുള്ളൂ .









0 comments