Deshabhimani

കവർസ്റ്റോറി

പരിഭാഷകർക്ക് എത്ര സ്വാതന്ത്ര്യമാകാം

 ബെന്യാമിൻ ഫോട്ടോ: വിജേഷ്‌ വള്ളിക്കുന്ന്‌
avatar
ബെന്യാമിൻ

Published on Oct 05, 2026, 04:19 PM | 9 min read


ലോകത്ത് പരിഭാഷകരും പരിഭാഷാ ഗ്രന്ഥങ്ങളും ഇല്ലായിരുന്നുവെങ്കിൽ നമ്മുടെ വായനാലോകം എത്ര ചെറുതായിപ്പോകുമായിരുന്നു! വളരെയേറെ പരിമിതികളുള്ള ഒരു ഭാഷയിലും സമൂഹത്തിലും ജീവിക്കുമ്പോഴും നമുക്ക് ലോകത്തിലേക്കുള്ള വാതിൽ തുറന്നുതന്നത് ഈ പരിഭാഷകരുടെ കഠിനയത്നങ്ങളാണ്. റഷ്യൻ സാഹിത്യം പാശ്ചാത്യലോകത്തിനു പരിചയപ്പെടുത്തിയ കോൺസ്റ്റാന്റ് ഗാർനെറ്റിനെയും സ്‌പാനിഷ്, പോർച്ചുഗീസ് ഭാഷകളിൽ നിന്നുള്ള കൃതികളുടെ പരിഭാഷകനായ ഗ്രിഗറി റബാസയെയും മാർകേസിന്റെയും യോസയുടെയും പരിഭാഷക എന്ന നിലയിൽ കീർത്തി ആർജിച്ച എഡിത്ത് ഗ്രോസ്മാനെയും ബംഗാളി സാഹിത്യം മലയാളത്തിൽ എത്തിച്ച ലീല സർക്കാറിനെയും എം കെ എൻ പോറ്റിയെയും നിലീന ഏബ്രഹാമിനെയും തകഴിയെയും ബഷീറിനെയും ഇംഗ്ലീഷ് ലോകത്ത് എത്തിച്ച ഇ എം ആഷറിനെയും ഒക്കെ ഓർക്കാതെ എങ്ങനെയാണ് പരിഭാഷകളെക്കുറിച്ച് സംസാരിക്കുക. അവരുടെ കഠിനാധ്വാനവും സമർപ്പണവുമാണ് നമ്മുടെ വായനാലോകം. ഒരിക്കൽ കറാച്ചിയിൽ എത്തിയപ്പോൾ അവിടുത്തെ വായനക്കാരും എഴുത്തുകാരും ബഷീറിനെപ്പറ്റി സാകൂതം അന്വേഷിച്ചതിനു കാരണം ഈ പരിഭാഷകർ തന്നെ. എനിക്ക് ഏറെ ഇഷ്ടപ്പെട്ട സാക്കിസിനെയും മാർകേസിനെയും പാമുകിനെയും ഞാൻ വായിക്കുന്നതും പരിഭാഷയിലൂടെ മാത്രം. പരിഭാഷകർ ഇല്ലായിരുന്നുവെങ്കിൽ അവരുടെ രചനാലോകം എനിക്കൊരു തമോഗർത്തം പോലെ ശൂന്യമായി അനുഭവപ്പെടുമായിരുന്നു.

ബെന്യാമിൻ ഫോട്ടോ: വിജേഷ്‌ വള്ളിക്കുന്ന്‌ബെന്യാമിൻ ഫോട്ടോ: വിജേഷ്‌ വള്ളിക്കുന്ന്‌

ഒരു പുസ്‌തകം മറ്റൊരു ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുക എന്നാൽ ഒരു പ്രത്യേക സമൂഹത്തിനുള്ളിൽ പരുവപ്പെട്ട ജീവിതത്തെയും സംസ്‌കാരത്തെയും തീർത്തും അപരിചിതരായ ചില വായനക്കാർക്ക് പരിചയപ്പെടുത്തിക്കൊടുക്കുക എന്നാണർഥം. അപ്പോൾ മൂലകൃതിയിൽ ഉപയോഗിച്ച ഉപമകളോ ശൈലികളോ മനസ്സിലാകാതെ പോയി എന്നുവരാം. ചിലയിടത്ത് കൂടുതൽ വിശദീകരണം വേണ്ടിവന്നേക്കാം, ചിലപ്പോൾ ഫുട്ട്നോട്ടുകൾ തന്നെ വേണ്ടിവരും. സ്റ്റീൽ കപ്പിലുണ്ടായിരുന്ന കാപ്പി പിഞ്ഞാണപ്പാത്രത്തിലേക്ക് മാറ്റുമ്പോൾ അത് കാപ്പി ആയിരിക്കെ തന്നെ അതിന്‌ സമ്പൂർണമായ ഒരു രൂപപരിണാമം സംഭവിക്കുന്നതുപോലെ ഒരു പ്രവൃത്തിയാണത്.

എന്റെ ഏതൊരു കൃതിയും പരിഭാഷയ്‌ക്ക്‌ വേണ്ടി സമർപ്പിക്കുമ്പോൾ ഈ ആശയം മനസ്സിലിട്ടുകൊണ്ടാണ് ഞാനതിനു തുനിയുന്നത്. അതുകൊണ്ടുതന്നെ എന്റെ വാചകങ്ങൾക്ക് പദാനുപദപരിഭാഷ മാത്രമേ അനുവദിക്കൂ എന്ന കടുംപിടുത്തം എനിക്കില്ല. പരിഭാഷ എന്നത് രചന പോലെ തന്നെ ഒരു സർഗാത്മക പ്രവൃത്തിയാണെന്ന് ഞാൻ വിശ്വസിക്കുന്നു. അവർക്ക് അതിനുള്ള സ്വാതന്ത്ര്യം അനുവദിച്ചു കൊടുക്കേണ്ടതുണ്ട്. എന്നാൽ ആ സ്വാതന്ത്ര്യത്തിന്റെ അളവെത്ര എന്നതാണ് ഒരു രചയിതാവും പരിഭാഷകരും തമ്മിലുള്ള പ്രധാന സംഘർഷ മേഖല.

എന്റെ കരിമ്പിനെ ഞാൻ ശർക്കരയാക്കാൻ കൊടുക്കും, എന്നാൽ അതിനെ കെമിക്കലുകൾ ചേർത്ത് പഞ്ചസാരയാക്കുന്നതിനോട് കടുത്ത വിയോജിപ്പ് ഉണ്ടുതാനും. അതാണ് പരിഭാഷയോടുള്ള എന്റെ നിലപാട്. ഇതിനോടകം എന്റെ ഏഴ്‌ നോവലുകളും ഒരു കഥാസമാഹാരവും ഒരു യാത്രാവിവരണവും ഇംഗ്ലീഷിലേക്ക് പരിഭാഷ ചെയ്‌തു വന്നിട്ടുണ്ട്. ‘ആടുജീവിതം’ ആകട്ടെ അറബിക് ഉൾപ്പെടെ മറ്റു പതിനൊന്ന് ഭാഷകളിലേക്കും വന്നിട്ടുണ്ട്. ഇതിൽ ഇംഗ്ലീഷിൽ മാത്രമാണ് എനിക്ക് പരിഭാഷ എങ്ങനെയുണ്ട് എന്നൊന്ന് മാറ്റുരച്ച് നോക്കാനെങ്കിലുമുള്ള സാധ്യതയുള്ളത്. ആ ഭാഷയിലും എനിക്ക് അതീവ പ്രാവീണ്യം ഇല്ലാത്തതുകൊണ്ട് വായിച്ചാസ്വദിക്കാനല്ലാതെ വലിയ നിർദേശങ്ങൾ ഒന്നും കൊടുക്കാൻ കെൽപ്പില്ലതാനും. മറ്റു ഭാഷകളിലേക്കാകട്ടെ ചിത്രങ്ങൾ പോലെ അക്ഷരങ്ങൾ കാണാം എന്നല്ലാതെ മറ്റു ഗുണമൊന്നുമില്ല.


പിന്നെ എങ്ങനെയാണ് പരിഭാഷകരെ തെരഞ്ഞെടുക്കുന്നത്? ഭാഗ്യവശാൽ എനിക്ക് പരിഭാഷകരെ നേരിട്ട് തെരഞ്ഞെടുക്കേണ്ടി വന്നിട്ടില്ല, ഒരു ഭാഷയിലും. പലപ്പോഴും അതതു ഭാഷകളിലെ പ്രസാധകരാണ് അത് നിശ്ചയിച്ചിട്ടുള്ളത്. അവർ വിശ്വാസമുള്ള ചിലരെ ഒരു പ്രൊജക്ട് പോലെ അത് ഏൽപ്പിക്കുകയാണ് ചെയ്യുന്നത്, അപൂർവം സന്ദർഭങ്ങളിൽ ചില പരിഭാഷകർ നേരിട്ട് സമീപിക്കുകയും ഞാൻ ഈ കൃതി പരിഭാഷ ചെയ്‌തോട്ടെ എന്ന് ചോദിക്കുകയും ചെയ്‌തിട്ടുണ്ട്. സമ്മതം കൊടുക്കുമ്പോഴും ഞാനവരോട് പറയാറുള്ളത് നിങ്ങൾ നിങ്ങളുടെ ഭാഷയിലെ ഒരു പ്രസാധകൻ വഴി സമീപിക്കാനാണ്. അതുകൊണ്ട് പരിഭാഷയുടെ മൂല്യം പലപ്പോഴും നിശ്ചയിക്കുന്നത് എഴുത്തുകാരനായ ഞാനല്ല, പ്രസാധകരാണ്. ഞാൻ ഈ രണ്ടു കൂട്ടരെയും ‐ പരിഭാഷകരെയും പ്രസാധകനെയും ‐ കണ്ണടച്ച് വിശ്വസിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ എനിക്ക് സ്ഥിരമായി (ഇംഗ്ലീഷിലേക്ക് പോലും) ഒരു പരിഭാഷകൻ/ പരിഭാഷക ഇല്ല. ‘ആടുജീവിതം’ ചെയ്‌തത് ജോസഫ് കൊയ്‌പള്ളിയാണ്. സെൻട്രൽ യൂണിവേഴ്സിറ്റിയിലെ അധ്യാപകനായ അദ്ദേഹം വിദ്യാർഥികളുടെ പഠനാർഥം തയ്യാറാക്കിയ ഒരു പരിഭാഷ പിന്നീട് സമ്പൂർണ പുസ്‌തകരൂപത്തിലേക്ക് മാറുകയായിരുന്നു. മറ്റു രണ്ട് പരിഭാഷകരെ പരീക്ഷിച്ച് പരാജയപ്പെട്ടശേഷമാണ് ആ നോവൽ പ്രസാധകർ അദ്ദേഹത്തെ ഏൽപ്പിക്കുന്നത്. ദീർഘകാലം അറേബ്യൻ യൂണിവേഴ്സിറ്റിയിൽ പഠിപ്പിച്ചതിലൂടെ അറബ് ലോകവുമായി അദ്ദേഹത്തിനുള്ള ബന്ധം ആ നോവലിന്റെ പരിഭാഷയിൽ സഹായിച്ചിരുന്നിരിക്കാം. ആ നോവൽ പ്രസിദ്ധീകരിച്ച പെൻഗ്വിൻ തന്നെയാണ് ‘മഞ്ഞവെയിൽ മരണങ്ങ’ളും ഇംഗ്ലീഷിലേക്ക് കൊണ്ടുപോയത്. അപ്പോൾ അവർ പരിഭാഷകനായി നിശ്ചയിച്ചത് സജീവ് കുമാരപുരത്തെയാണ്.

ഇംഗ്ലീഷ് പ്രസാധനലോകത്ത് എഴുത്തുകാരനും പരിഭാഷകർക്കും ഇടയിൽ എഡിറ്റർ എന്നൊരു നിർണായക സ്വാധീനശക്തിയുണ്ട്. പലപ്പോഴും പരിഭാഷകരെ നിശ്ചയിക്കുന്നതുമുതൽ പുസ്‌തകം പുറത്തിറക്കുന്നതുവരെയും അവരുടെ സാന്നിധ്യം ആ കൃതിക്കൊപ്പം കാണും. പരിഭാഷ വായിച്ചു നോക്കി, അത് മറ്റൊരു സമൂഹത്തിന് സംവേദനം ചെയ്യുന്നതാണോ, ചില ഭാഗങ്ങൾ വിപുലപ്പെടുത്തേണ്ടതുണ്ടോ, ചില ഭാഗങ്ങൾക്ക് വിശദീകരണം നൽകേണ്ടതുണ്ടോ, ചില ഭാഗങ്ങൾ കളയേണ്ടതുണ്ടോ എന്നൊക്കെ നിശ്ചയിക്കുന്നത് ഈ എഡിറ്റർ ആണ്. അവർ എഴുത്തുകാരോടും പരിഭാഷകരോടും നിരന്തരം ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കും. തൃപ്തികരമായ ഉത്തരം നൽകി മാത്രമേ മുന്നോട്ട് പോകാനാവൂ.

ശിവപ്രിയ, കേശവ് ഗുഹ, മൗതൂഷി മുഖർജി, രാഹുൽ സോണി, അംബർ ചാറ്റർജി, എലിസബത്ത് കുരുവിള തുടങ്ങി നിരവധി എഡിറ്റർമാരോടൊപ്പം പുസ്‌തകാശയങ്ങൾ പങ്കിടാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. ഇവരൊക്കെയും എന്റെ കൃതികൾക്ക് മികച്ച പരിഭാഷകരെ കണ്ടെത്തുന്നതിൽ പങ്കുവഹിച്ചവരുമാണ്.

ബുക്ക്‌

ശിവപ്രിയ പെൻഗ്വിൻ വിട്ട് ജെഗർനട്ടിലേക്ക് പോയതുകൊണ്ടാണ് പിന്നീട്‌ പുറത്തിറങ്ങിയ ‘അൽ അറേബ്യൻ ഫാക്ടറി’യുടെയും ‘മുല്ലപ്പൂ നിറമുള്ള പകലുകളു’ടെയും പരിഭാഷകൾ അവരിലൂടെ പുറത്തിറങ്ങാൻ കാരണമായതു തന്നെ. അതായത്, ഏതെങ്കിലും പ്രസാധകരെ വിശ്വസിക്കുന്നതിനേക്കാൾ അധികം ഞാൻ എഡിറ്ററെ വിശ്വസിച്ചു എന്നാണ് അതിനർഥം. ശിവപ്രിയ തന്നെയാണ് ആ രണ്ടു പുസ്‌തകങ്ങളുടെയും പരിഭാഷകയായ ഷെഹനാസ് ഹബീബിനെ കണ്ടെത്തുന്നതും.

ന്യൂയോർക്കിൽ താമസിച്ച്, സാഹിത്യപ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഒരാളെന്ന നിലയിൽ ഷഹനാസിന്റെ പരിഭാഷകൾക്ക് വേറിട്ട മനോഹാരിത ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഇംഗ്ലീഷ് അറിയാവുന്ന മലയാളി എന്നതിനേക്കാൾ ഉപരിയായി മലയാളം അറിയാവുന്ന ഇംഗ്ലീഷുകാരി എന്നതാണ് അവരുടെ വ്യക്തിത്വമായി എനിക്ക് തോന്നിയിട്ടുള്ളത്. അല്ലെങ്കിൽ പരിഭാഷയിൽ അവർ അങ്ങനെയാണ് പ്രവർത്തിക്കുന്നത്. ഒരു വൈദേശിക സമൂഹം എങ്ങനെയാണ് സാഹിത്യത്തെ നോക്കിക്കാണുന്നത് എന്ന നിലയിൽ നിന്നുകൊണ്ടാണ് അവർ മലയാള പുസ്‌തകങ്ങളെ സമീപിക്കുന്നത്. ആ പരിഭാഷയ്‌ക്കാണ് ജെസിബി സാഹിത്യപുരസ്‌കാരവും ക്രോസ് വേർഡ് ബുക്ക് അവാർഡും ലഭിച്ചത്. രണ്ടു പുരസ്‌കാര സമിതികളും പരിഭാഷയുടെ മനോഹാരിതയെ എടുത്തു പറയുകയും ചെയ്‌തു.

നമ്മുടെ സ്വന്തം കൃതി മറ്റൊരു ഭാഷയിൽ വായിക്കാൻ കഴിയുന്നത് മറ്റൊരു അനുഭവമാണ്. എന്റെ തന്നെ ചില പരിഭാഷകൾ ഞാനങ്ങനെ വായിച്ചുനോക്കുകയും ചെയ്യാറുണ്ട്. ഇംഗ്ലീഷിലേക്ക് വരുമ്പോൾ ചില വരികൾക്കുണ്ടാവുന്ന ഗാംഭീര്യം എന്നെ അത്ഭുതപ്പെടുത്തിയിട്ടുമുണ്ട്. അത് ആ ഭാഷയുടെ സവിശേഷത കൂടിയാണ്. ഇംഗ്ലീഷ് ഒരു ലോകഭാഷ ആയി മാറിയത്, മറ്റു പല കൊളോണിയൽ സാഹചര്യങ്ങൾക്കൊപ്പം ആ ഭാഷയുടെ ലാളിത്യവും മനോഹാരിതയും ഒന്നുകൊണ്ടു കൂടിയാണെന്ന് ഞാനെപ്പോഴും വിചാരിക്കാറുണ്ട്. അതുകൊണ്ടാവാം പല കൃതികളുടെയും ഇംഗ്ലീഷ്, മലയാളം പരിഭാഷകൾ ചേർത്തുവച്ചിട്ട് മലയാള പരിഭാഷ ഒട്ടും നന്നായില്ല എന്ന് നാം സങ്കടപ്പെടുന്നതിന്റെ കാരണം. ഇംഗ്ലീഷ്, തമിഴ്, അറബിക് എന്നീ ഭാഷകൾക്കുള്ള സംഗീതാത്മകത മലയാളത്തിനില്ല എന്നാണ് വ്യക്തിപരമായ അഭിപ്രായം.

അതേസമയം കൗതുകകരമായ മറ്റൊരു കാര്യമുണ്ട്. ഞാൻ സ്വിറ്റ്സർലൻഡിൽ ഒരു റെസിഡൻസി പ്രോഗ്രാമിൽ പങ്കെടുക്കുമ്പോൾ ഏറ്റവും നല്ല പരിഭാഷകൾ ഏതു ഭാഷയിലാണ് പുറത്തിറങ്ങുന്നത് എന്നൊരു ചോദ്യം അവിടെ പൊതുവായി ഉന്നയിച്ചു. ഇംഗ്ലീഷ്, സ്‌പാനിഷ്, ഫ്രഞ്ച് എന്നീ ഭാഷകളിൽ നിന്നുള്ള എഴുത്തുകാർ അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. അവർ ഒന്നടങ്കം പറഞ്ഞത്, നിങ്ങൾ പ്രഘോഷിച്ചു പറയുന്ന പല ഇംഗ്ലീഷ് പരിഭാഷകളും വളരെ മോശമാണ് എന്നാണ്. അവരുടെ അഭിപ്രായത്തിൽ ഏറ്റവും നല്ല പരിഭാഷകൾ സംഭവിക്കുന്നത് ഫ്രഞ്ചിലാണത്രേ. തൽക്കാലം നമുക്ക് ഇംഗ്ലീഷ് കൊണ്ട് തൃപ്തിയടയാനല്ലേ നിവർത്തിയുള്ളൂ. അല്ലെങ്കിൽ മാർക്കേസിന്റെ ‘ഒർജിനൽ’ വായിക്കാനായി മാത്രം സ്‌പാനിഷ് പഠിച്ച സുഹൃത്തിനെപ്പോലെ ചില ഭാഷകൾകൂടി നമുക്ക് പഠിച്ചെടുക്കേണ്ടിവരും. അപ്പോഴും പോർച്ചുഗീസും ഇറ്റാലിയനും തുർക്കിഷും റഷ്യനും അറബിക്കും ഒക്കെ നമ്മൾ എന്തുചെയ്യും? നമ്മൾ വായിക്കുന്നവയിൽ ഏറെയും അങ്ങനെ ഭാഷകൾ കയറിയിറങ്ങി വന്നതാണ് എന്നതാണ് സങ്കടകരമായ കാര്യം. മലയാളത്തിൽ നാം വായിക്കുന്ന സ്‌പാനിഷ് കൃതികൾ എല്ലാംതന്നെ ഇംഗ്ലീഷിൽനിന്ന് മൊഴിമാറ്റം ചെയ്യപ്പെട്ടവയാണ്. അങ്ങനെ ചെയ്യുമ്പോൾ നാം രണ്ട് പരിഭാഷകരെ വിശ്വാസത്തിൽ എടുക്കേണ്ടി വരുന്നുണ്ട്. ആദ്യം ഇംഗ്ലീഷ് പരിഭാഷകരെയും പിന്നെ മലയാളം പരിഭാഷകരെയും.

എന്റെ തന്നെ പല പരിഭാഷകളും, ഉദാഹരണത്തിന്‌ നേപ്പാളി, തായ്, ഒഡിയ, മറാത്തി ഭാഷകളിലേക്ക് വന്നിട്ടുള്ളവ ഒക്കെ നേരിട്ട് മലയാളത്തിൽനിന്ന് പരിഭാഷപ്പെടുത്തിയവയല്ല, അവ ഇംഗ്ലീഷിലൂടെ കയറിയിറങ്ങിയാണ് ആ ഭാഷകളിൽ എത്തിപ്പെട്ടത്. അതിലൂടെ എത്രത്തോളം എന്റെ ആശയങ്ങളെ കൃത്യമായി കൊണ്ടുവന്നിട്ടുണ്ട്. എത്രത്തോളം ശോഷണം സംഭവിച്ചിട്ടുണ്ട് എന്നൊന്നും എനിക്കുപോലും നിർണയിക്കാനാവില്ല. പരിഭാഷകൻ ആ ലോകത്തിനു നല്ലത് സമ്മാനിച്ചിട്ടുണ്ടാവും എന്ന് ആശ്വസിക്കാനേ തരമുള്ളൂ.

ചിത്രീകരണം: വിനോദ്‌ ചിത്രീകരണം: വിനോദ്

പിന്നെ ആ ഭാഷയിൽ പുസ്‌തകം വായിച്ച ആരെങ്കിലും ചൂണ്ടിക്കാണിക്കുമ്പോഴാണ് വേണ്ടവണ്ണം നന്നായി ആ കൃതി പരിഭാഷ ചെയ്യപ്പെട്ടിട്ടില്ല എന്ന് തിരിച്ചറിയുന്നത്. ഉദാഹരണത്തിന്‌ ‘ആടുജീവിത’ത്തിന്റെ ഗുജറാത്തി പതിപ്പ് ഇറങ്ങിയപ്പോൾ അത് വെറും സംഗൃഹീതം മാത്രമാണെന്ന് ഒരു വായനക്കാരൻ പറഞ്ഞപ്പോഴാണ് മനസ്സിലാക്കുന്നത്. അപ്പോൾ മറ്റൊരു പ്രസാധകൻ അതിന്റെ ശരിയായ രൂപം പുറത്തിറക്കാൻ മുന്നോട്ടുവന്നു. അങ്ങനെ ഇപ്പോൾ ‘ആടുജീവിത’ത്തിനു രണ്ട് ഗുജറാത്തി പരിഭാഷകൾ ഉണ്ട്.

അതുപോലെ പരിഭാഷകൻ എടുക്കാവുന്ന സ്വാതന്ത്ര്യം എത്ര എന്ന ചോദ്യം ‘ആടുജീവിത’ത്തിന്റെ തമിഴ് പരിഭാഷയിലും ഉണ്ടായിട്ടുണ്ട്. ആ നോവലിൽ ഇ എം എസിനെപ്പോലെ വിക്കുള്ളതും മോഹൻലാലിനെപ്പോലെ ചെരിഞ്ഞു നടക്കുന്നതുമായ ആടുകൾ മസറയിൽ ഉണ്ട് എന്ന് പറയുന്ന കഥാസന്ദർഭമുണ്ടല്ലോ. തമിഴിൽ ആയപ്പോൾ അത് വല്ലാതെ ‘തമിഴീകരിച്ചു’ കളഞ്ഞു. അവിടെ അതിൽ കരുണാനിധിയും രജനീകാന്തും ഒക്കെയാണത്രേ. കൂടുതൽ മനസ്സിലാക്കാൻ വേണ്ടി അങ്ങനെ ചെയ്‌തുഎന്ന് വിശദീകരിക്കാമെങ്കിലും നോവൽ പറഞ്ഞുപോകുന്ന ഒരു ഭാഷാഭൂമികയിൽനിന്ന് വ്യതിചലിക്കുന്നതിനോട് എനിക്ക് യോജിക്കാനാവില്ല. ഒരു ടർക്കിഷ് നോവൽ നാം വായിക്കുന്നത് ആ ഭൂമികയോടും ഭാഷയോടും സംസ്‌കാരത്തോടും അടുത്തു സഞ്ചരിക്കുന്നതിനുവേണ്ടിയാണ്. അതിനിടയിൽ മലയാളികൾ മാത്രം ഉപയോഗിക്കുന്ന ഒരു ഉപമ ഉപയോഗിച്ചാൽ കല്ലുകടിയാവും. ‘ഉസ്‌താദ് എഫിൻഡി ആ രാത്രി ഇസ്‌താംബൂൾ നഗരം വിട്ടു എന്നതിനു പകരം, ഉസ്‌താദ് എഫിൻഡി ആ രാത്രി ഇസ്‌താംബൂൾ നഗരത്തിൽനിന്നും പമ്പ കടന്നു’ എന്നെഴുതിയാൽ എങ്ങനെയിരിക്കും. കഥാപാത്രങ്ങളെയും കഥാസന്ദർഭങ്ങളെയും നമ്മുടെ സംസ്‌കാരത്തിലേക്ക് ഇറക്കി വയ്‌ക്കുമ്പോഴല്ല, അതിനെ അവിടെ തന്നെ നിറുത്തി നമുക്ക് മനസ്സിലാക്കിത്തരുമ്പോഴാണ് അതിനെ ഒരു നല്ല പരിഭാഷയായി പരിഗണിക്കാവുന്നത് എന്നാണ് എന്റെ പക്ഷം. അവിടെയാണ് ചിലപ്പോൾ നമുക്ക് യഥാർഥ കൃതിയിൽ ഇല്ലാത്ത ചില വിശദീകരണങ്ങൾ നൽകേണ്ടി വരുന്നത്. ഉദാഹരണത്തിന്‌ മലയാളത്തിൽ ‘കേശവൻ നായർ’ എന്നൊരു കഥാപാത്രത്തെ അവതരിപ്പിച്ചാൽ ആ കഥാപാത്രത്തിനു പിന്നെ വിശദീകരണങ്ങൾ ഒന്നും ആവശ്യമില്ല. അയാളുടെ അസ്‌തിത്വം അവിടെ വെളിവാക്കപ്പെട്ടു കഴിഞ്ഞു. എന്നാൽ അത് ഒരു ഇംഗ്ലീഷ് വായനക്കാരന് അതുപോലെ മനസ്സിലായിക്കൊള്ളണം എന്നില്ല. അവിടെ ഈ കേശവൻ നായരുടെ ജാതിയിലെ സ്ഥാനം, സാമ്പത്തിക സ്ഥിതി, സാമൂഹിക സ്ഥാനം ഒക്കെ ഒന്ന് വിശദീകരിക്കേണ്ടി വരും.


ഇത് നന്നായി മനസ്സിലാകണമെങ്കിൽ മലയാളികൾ എഴുതുന്ന ഇംഗ്ലീഷ് നോവലുകൾ വായിച്ചാൽ മതി. ഉദാഹരണത്തിന്‌ അരുന്ധതി റോയിയുടെയും എബ്രഹാം വർഗീസിന്റെയും രചനകൾ. അവ കേരളീയ സംസ്‌കാരത്തിൽ നിൽക്കുമ്പോഴും അവ എഴുതപ്പെട്ടത് വൈദേശിക വായനക്കാർക്ക് വേണ്ടിയാണ്. അതിൽ നമുക്ക് അറിയാവുന്ന ചരിത്രം ലേശം അധികം വിവരിച്ചിട്ടുണ്ടാവും. ഇ എം എസിനെക്കുറിച്ച് പറയുമ്പോൾ ‘കേരളത്തിലെ ആദ്യ മുഖ്യമന്ത്രി, അദ്ദേഹം ഒരു കമ്യൂണിസ്റ്റ് ആയിരുന്നു’ എന്നുകൂടി പറയുന്നുണ്ടാവും. എന്നാൽ അതേ കൃതി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുമ്പോൾ വേണമെങ്കിൽ ആ വിശദീകരണം ഒഴിവാക്കാവുന്നതേയുള്ളൂ. എന്നാൽ പല മലയാള പരിഭാഷകളിലും ഒഴിവാക്കാത്തതിന്റെ ന്യൂനത ഞാൻ കണ്ടിട്ടുണ്ട്. അപ്പോൾ കൂട്ടിച്ചേർക്കേണ്ടിടത്ത് കൂട്ടിച്ചേർക്കാനും ഒഴിവാക്കേണ്ടിടത്ത് ഒഴിവാക്കാനുമുള്ള പരിഭാഷകരുടെ യുക്തിയാണ് അവരുടെ മികവ് അളക്കുന്നതിനുള്ള മികച്ച മാനദണ്ഡം.

എന്റെ ‘ശരീരശാസ്‌ത്ര’വും കഥകളുടെ സമാഹാരവും പരിഭാഷപ്പെടുത്തിയത് സ്വരൂപ് ബി ആർ ആണ്. ‘ഇരട്ടമുഖമുള്ള നഗരം’ എന്ന യാത്രാവിവരണവും ‘നിശ്ശബ്ദസഞ്ചാരങ്ങൾ’ എന്ന നോവലും ചെയ്‌തത്, അനൂപ് പ്രതാപനും ആണ്. ‘പ്രവാചകന്മാരുടെ രണ്ടാം പുസ്‌തകം’ ചെയ്‌തത് മിനിസ്‌തി എസും.

സമയബന്ധിതമായി വർക്കുകൾ പൂർത്തിയാക്കുന്ന സമർപ്പണമാണ് ഈ മൂന്നുപേരുടെയും പ്രത്യേകതയായി എനിക്ക് തോന്നിയിട്ടുള്ളത്. അവരവരുടെ ജോലിത്തിരക്കുകളിൽ ആയിരിക്കുമ്പോഴും പരിഭാഷകൾ ഏറ്റെടുക്കുന്നത് അവർക്ക് ഇതിനോടുള്ള അടങ്ങാത്ത ഇഷ്ടം കൊണ്ടാവണമല്ലോ. അതിന്റെ പേരിൽ പക്ഷേ പ്രൊജക്ടുകൾ വൈകാറുമില്ല. അടുത്തകാലത്ത് ഏറ്റവും അധികം മലയാള കൃതികൾ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതിന്റെ ക്രഡിറ്റ് ഒരുപക്ഷേ മിനിസ്‌തി എസിനും ജെ ദേവികയ്‌ക്കും അവകാശപ്പെട്ടതായിരിക്കണം. വി ജെ ജെയിംസിന്റെ ‘ആന്റി ക്ലോക്ക്’, ‘നിരീശ്വരൻ’, കെ ആർ മീരയുടെ ‘ മീരാസാധു’, കെ എൽ മോഹനവർമ്മയുടെ ‘ഓഹരി’ , ഷീല ടോമിയുടെ ‘ആ നദിയോട് പേര് ചോദിക്കരുത്’ എന്നിങ്ങനെ അനേകം കൃതികൾ മിനിസ്‌തി പരിഭാഷ ചെയ്‌തപ്പോൾ, കെ ആർ മീര, ഉണ്ണി ആർ, ആർ രാജശ്രീ, മനോജ് കുറൂർ എന്നിവരുടെ നോവലുകളും ശിഹാബുദ്ദീൻ പൊയ്‌ത്തുംകടവ്, മാനസി, ലളിതാംബികാ അന്തർജനം എന്നിവരുടെ ചെറുകഥകളും അടക്കം അനേകം കൃതികൾ ജെ ദേവികയും ഇംഗ്ലീഷിലേക്ക് കൊണ്ടുപോയി.

ബുക്ക്‌

തൊട്ടുപിന്നാലെ ജയശ്രീ കളത്തിൽ ഉണ്ട്. പിന്നെ ഗീത കൃഷ്‌ണൻകുട്ടി, പ്രിയ കെ നായർ, നന്ദകുമാർ കെ, ഇ വി ഫാത്തിമ, മുരളി ജെ നായർ എന്നിങ്ങനെ അനേകം പരിഭാഷകർ മലയാളകൃതികളെ ഇംഗ്ലീഷിലേക്ക് എത്തിക്കാൻ കഠിനാധ്വാനം ചെയ്‌തിട്ടുണ്ട്.

ഈ അടുത്തകാലത്ത് എന്റെ മൂന്ന് ചെറുകഥകൾ Hyphen എന്ന ഇംഗ്ലീഷ് പ്രസിദ്ധീകരണത്തിനുവേണ്ടി പരിഭാഷ ചെയ്‌തത് ജെ ദേവിക ആയിരുന്നു. ആ കഥകൾ ഞാൻ മലയാളത്തിൽ എഴുതിയ അതേ ശൈലിയിൽ സംഭാഷണങ്ങൾക്ക് ഉദ്ധരണി ചിഹ്നം (ക്വൊട്ടേഷൻ മാർക്) നൽകാതെയാണ് ദേവിക പരിഭാഷപ്പെടുത്തി നൽകിയത്. എന്നാൽ ക്വൊട്ടേഷൻ മാർക്‌ നൽകുന്നതാണ് വായനയ്‌ക്ക്‌ എളുപ്പം എന്നൊരു നിർദേശം അതിന്റെ എഡിറ്റർ മുന്നോട്ടുവച്ചു. മലയാളത്തിലെ ശൈലി നിലനിർത്തണം എന്നായിരുന്നു ദേവികയുടെ ആഗ്രഹം. എന്നാലും എഡിറ്ററുടെ ആഗ്രഹപ്രകാരം ഞാനും ദേവികയും തമ്മിൽ സംസാരിച്ച് ഒടുവിൽ ക്വൊട്ടേഷൻ മാർക് നൽകാൻ തീരുമാനിക്കുകയായിരുന്നു. അതായത് ഏകപക്ഷീയമായ നിലപാടുകളിൽ നിന്നുകൊണ്ടല്ല, പകരം എഴുത്തുകാർ, എഡിറ്റർ, പരിഭാഷകർ‐ ഇവർ മൂവരും തമ്മിലുള്ള പരസ്‌പര ചർച്ചകളിലൂടെയാണ് പലപ്പോഴും നല്ല പരിഭാഷ സംഭവിക്കുന്നത്.

മലയാള സാഹിത്യത്തിന്‌ സവിശേഷമായ സ്ഥാനമുണ്ട് എന്ന് ഏറ്റവും കുറഞ്ഞത് ഇന്ത്യൻ വായനാസമൂഹത്തിനു കാണിച്ചു കൊടുക്കാൻ ഈ പരിഭാഷകർ വഹിച്ച പങ്കിനെ നമുക്ക് ഒരിക്കലും തമസ്‌കരിക്കാൻ കഴിയില്ല. അവർ ഇല്ലായിരുന്നുവെങ്കിൽ മൂന്ന് ജെസിബി സാഹിത്യ പുരസ്‌കാരങ്ങളും അനേകം ക്രോസ് വേർഡ് പുരസ്‌കാരങ്ങളും മലയാളത്തിലേക്ക് വരുമായിരുന്നില്ല.

ഞാനടക്കം പല എഴുത്തുകാർക്കും വിദേശങ്ങളിൽ നടക്കുന്ന സാഹിത്യോത്സവങ്ങളിലും റൈറ്റേഴ്സ് റെസിഡൻസി പ്രോഗ്രാമുകളിലും പങ്കെടുക്കാൻ കഴിഞ്ഞതും ഈ പരിഭാഷകരുടെ മികവുകൊണ്ടു തന്നെ. ഞാൻ ബെർലിൻ സാഹിത്യോത്സവത്തിൽ പങ്കെടുക്കാൻ ചെന്നപ്പോൾ എന്നെ കാണാനായി മാത്രം വിയന്നയിൽനിന്നു വന്ന ഒരു ഡോക്ടറെ ഓർക്കുന്നു. അതുപോലെ നോവൽ വായിച്ചശേഷം ലാറ്റിനമേരിക്കയിൽ നിന്നു വന്ന ഒരു മെയിലും. വിദൂരങ്ങളിലുള്ള മനുഷ്യരുടെ സ്‌നേഹം എഴുത്തുകാരിലേക്ക് എത്തിക്കുന്നതിൽ ഈ പരിഭാഷകർ വഹിച്ച പങ്ക് ചെറുതല്ല.


അതിനൊക്കെ ഇടയിൽ ഒരു ഇംഗ്ലീഷ് നോവൽ ഞാൻ മലയാളത്തിലേക്ക് പരിഭാഷ ചെയ്‌തിട്ടുമുണ്ട്. ദീപക് ഉണ്ണികൃഷ്‌ണന്റെ ‘Temporary People.’ അബുദാബിയിൽ ജനിച്ചുവളർന്ന ദീപക് സമ്പൂർണമായും വൈദേശിക വായനക്കാർക്ക് വേണ്ടി ഇംഗ്ലീഷിൽ എഴുതിയ മലയാളനോവൽ എന്ന് ആ നോവലിനെ വിശേഷിപ്പിക്കാം. അതിന്റെ പരിഭാഷാ സമയത്ത് മേൽ സൂചിപ്പിച്ച ആശയങ്ങൾ ഒക്കെ പാലിക്കാൻ ഞാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. അതേസമയം അതൊരു മലയാള നോവൽ അല്ല, ഇംഗ്ലീഷ് നോവലിന്റെ പരിഭാഷയാണെന്ന് വായനക്കാർ തിരിച്ചറിയണമെന്ന് എനിക്ക് നിർബന്ധവുമുണ്ടായിരുന്നു. അതിന്റെ മലയാളത്തിലെ തലക്കെട്ട് തന്നെ ‘ടെമ്പററി പീപ്പിൾസ്’ എന്നായിരുന്നു. സാധാരണ പീപ്പിൾസ് എന്ന് ഉപയോഗിക്കാറില്ലെങ്കിലും മലയാളത്തിൽ അങ്ങനെയാവട്ടെ എന്ന ദീപകിന്റെ നിർദേശം ഞാൻ പാലിക്കുകയായിരുന്നു. ‘ഗൾഫ് അസ്ഥിയിൽ പിടിച്ച ഉണ്ണികൃഷ്‌ണൻ, ബെന്യാമിൻ എന്നീ രണ്ട് എഴുത്തുകാർ ഇംഗ്ലീഷ് പോലെ തോന്നിക്കുന്ന ഒരു മലയാളത്തിലാണ് അത് ചെയ്‌തിരിക്കുന്നത്’ എന്ന് ആ നോവലിന്റെ ബ്ലർബിൽ പറയുന്നുണ്ട്. അതായത്, മലയാളം പോലെ തോന്നിക്കുന്ന ഇംഗ്ലീഷിൽ എഴുതിയ നോവലിനെ ഞാൻ ഇംഗ്ലീഷ് പോലെ തോന്നിക്കുന്ന മലയാളത്തിലേക്ക് മാറ്റുകയായിരുന്നു. അതായിരുന്നു അതിന്റെ ഏറ്റവും വലിയ വെല്ലുവിളിയും.

അതിന്റെ ഓരോ അധ്യായവും പരിഭാഷ ചെയ്‌തുകഴിയുമ്പോൾ ഞാനത് വായിച്ച് റെക്കോഡ് ചെയ്‌ത്‌ ദീപകിന്‌ അയച്ചുകൊടുക്കും. അദ്ദേഹത്തിന്‌ മലയാളം വായിക്കാൻ അറിയില്ലെങ്കിലും കേട്ടാൽ മനസ്സിലാവും. അങ്ങനെ അതു കേട്ട് അദ്ദേഹം ചില നിർദേശങ്ങൾ മുന്നോട്ടുവയ്‌ക്കും. പരിഭാഷയെ സംബന്ധിച്ച് എനിക്കുള്ള യുക്തികൾക്ക് ചേരുന്നതാണെങ്കിൽ ഞാനത് അംഗീകരിക്കും. ഇല്ലെങ്കിൽ തള്ളിക്കളയും. അതായത് പരിഭാഷകൻ, എഴുത്തുകാരനിൽനിന്ന് അഭിപ്രായങ്ങൾ കേൾക്കാമെങ്കിലും സമ്പൂർണമായും സ്വീകരിക്കേണ്ടതില്ല എന്നതാണ് എന്റെ നിലപാട്.

ഇനിയും എത്രയോ രചനകൾ മലയാളത്തിൽനിന്ന് ഇതര ഭാഷകളിലേക്ക് കുടിയേറിപ്പോകാനും മലയാളത്തിലേക്ക് കുടിയിറങ്ങി വരാനും ബാക്കി കിടക്കുന്നു. അവ എല്ലാം സാധ്യമാക്കി, വായനക്കാർക്ക് അപരിചിതമായ സാഹിത്യഭൂമികളെ പരിചയപ്പെടുത്തി കൊടുക്കാനുള്ള വലിയ ഉത്തരവാദിത്വമാണ് പരിഭാഷകരുടെ മുന്നിലുള്ളത്. ഇപ്പോൾ അനേകം ദേശങ്ങളിലേക്കു കുടിയേറിപ്പോയ ഒരു വലിയ സമൂഹം മലയാളികളുണ്ട്. അവരൊക്കെ പലതരം ഭാഷകൾ പഠിച്ചുകഴിഞ്ഞു. അതത് ഭാഷകളിലെ മികച്ച കൃതികൾ കണ്ടെത്തി മലയാളത്തിലേക്കു കൊണ്ടുവരാനും മലയാളത്തിൽ നിന്നുള്ളവർ അവർക്ക് കൊണ്ടുകൊടുക്കാനുമുള്ള ഒരു താൽപ്പര്യം അവർ എടുക്കുമെങ്കിൽ ഒരു പരിഭാഷാ വിപ്ലവം തന്നെ ഇവിടെ സംഭവിക്കും.

പണ്ടുകാലങ്ങളിൽ അമൂല്യ വസ്‌തുക്കൾ തേടിയിറങ്ങിയ കടൽയാത്രികരെപ്പോലെയാണ് പരിഭാഷകർ. അവർ ഭാഷയിലൂടെ ബഹുദൂരം യാത്രചെയ്‌ത്‌ അന്നോളം കണ്ടിട്ടില്ലാത്ത അനേകം അമൂല്യരചനകൾ സ്വന്തം ദേശത്തിനു കൊണ്ടുകൊടുക്കുന്നു. ഈ സാഹസിക യാത്രികർക്ക് നാം വേണ്ടുന്ന പ്രാധാന്യവും അംഗീകാരങ്ങളും കൊടുക്കുന്നുണ്ടോ എന്നാണ് സംശയം.

പലപ്പോഴും രചയിതാവ് വലിയ തലക്കെട്ടിൽ തിളങ്ങി നിൽക്കുമ്പോൾ ഉൾപ്പേജിലേക്ക് ഒതുങ്ങിപ്പോകാനാണ് പരിഭാഷകരുടെ വിധി. ഒരു രചയിതാവിനു തുല്യം സ്ഥാനം പരിഭാഷകർക്കും കൊടുക്കേണ്ടതുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. അവർ വെറും പകർത്തിയെഴുത്തുകാരല്ല, സഹരചയിതാക്കൾ തന്നെയാണ് .











deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home